ബിപി വരുതിയിൽ നിർത്താൻ മുരിങ്ങയില

ഏത്തപ്പഴത്തിൽ ഉളളതിന്റെ മൂന്നിരട്ടി പൊട്ടാസ്യം മുരിങ്ങയിലയിലുണ്ട്. തലച്ചോറ്, നാഡികൾ എന്നിവയുടെ ആരോഗ്യത്തിന് പൊട്ടാസ്യം അവശ്യം. മാർക്കറ്റിൽ നിന്നു തീവില കൊടുത്തു വാങ്ങുന്ന രാസമാലിന്യങ്ങൾ കലർന്ന കാരറ്റിലുളളതിലും നാലിരട്ടി വിറ്റാമിൻ എ മുരിങ്ങയിലയിലുണ്ട്. കണ്ണ്, ചർമം, ഹൃദയം എന്നിവയെ രോഗങ്ങളിൽ നിന്നു സംരക്ഷിക്കാൻ വിറ്റാമിൻ എ കരുത്തനാണ്. മൾട്ടിവിറ്റാമിൻ ഗുളികകൾക്കു പിന്നാലെ പായുന്നവർ സ്വന്തം പറമ്പിൽ നില്ക്കുന്ന മുരിങ്ങയെ മറക്കുകയാണ്. വിറ്റാമിൻ എ, ബി1, ബി2, ബി3, സി, കാൽസ്യം, ക്രോമിയം, കോപ്പർ, നാരുകൾ, ഇരുമ്പ്, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, പ്രോട്ടീൻ, സിങ്ക് എന്നിവയും മുരിങ്ങയിലയിൽ ധാരാളം മുരിങ്ങയില ശീലമാക്കിയാൽ ബിപി നിയന്ത്രിച്ചു നിർത്താം. ഉത്കണ്ഠ കുറയ്ക്കാം. പ്രമേഹമുള്ളവർക്കു രക്‌തത്തിലെ ഗ്ലൂക്കോസിന്റെ അളവു നിയന്ത്രിതമാക്കാം. അടിവയറ്റിലെ നീർക്കെട്ട്, സന്ധിവാതം എന്നിവയുടെ ചികിത്സയ്ക്കും മുരിങ്ങയുടെ വിവിധ ഭാഗങ്ങൾ ഉപയോഗിക്കാറുണ്ട്.

മുറിവുകളോ അസുഖങ്ങളോ മൂലം ശരീരഭാഗങ്ങളിൽ നീരുള്ളവർ മുരിങ്ങയില കഴിച്ചാൽ അതു കുറയും. മുരിങ്ങയുടെ പൂവിന് ആന്റി ബയോട്ടിക് ഗുണവുമുണ്ട്. മുരിങ്ങയുടെ പൂവ് തോരൻ വയ്ക്കാം. സാലഡിൽ ചേർക്കാം. മറ്റു തോരനുകൾക്കൊപ്പവും ചേർക്കാം. മുരിങ്ങയിലയിൽ നാരുകൾ കൂട്ടത്തോടെയാണു വാസം. മലബന്ധം കുറയ്ക്കുന്നതിനു നാരുകൾ സഹായകം. അതായതു മുരിങ്ങയിലവിഭവങ്ങൾ ആമാശയത്തിന്റെ ആരോഗ്യത്തിനു മൊത്തത്തിൽ ഗുണപ്രദം.

പാലൂട്ടുന്ന അമ്മമാർ മുരിങ്ങയില തീർച്ചയായും കഴിക്കണം. മുലപ്പാലിന്റെ അളവു കൂട്ടാൻ മുരിങ്ങയിലയ്ക്കു കഴിവുണ്ടത്രേ. മുരിങ്ങയില ഉപ്പുവെളളത്തിൽ തിളപ്പിച്ചശേഷം വെളളം നീക്കിക്കളയുക. ഇതിൽ നെയ് ചേർത്തു കഴിച്ചാൽ മുലപ്പാലിന്റെ അളവു കൂടുമത്രേ. സുഖപ്രസവത്തിനും പ്രസവത്തിനു ശേഷമുളള പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും മുരിങ്ങയില ഗുണം ചെയ്യും. അതുപോലെ തന്നെ വിളർച്ചയുള്ള അമ്മമാരും മുരിങ്ങയില കഴിക്കണം. ഇരുമ്പിന്റെ കലവറയാണു മുരിങ്ങയില. പല്ലിന്റെയും എല്ലിന്റെയും കരുത്തിന് അതിലുളള കാൽസ്യവും മറ്റുപോഷകങ്ങളും ഗുണപ്രദം. രക്‌തശുദ്ധിക്ക് ഇത്രത്തോളം മറ്റൊന്നുമില്ല.

ഓറഞ്ചിൽ ഉളളതിന്റെ ഏഴിരട്ടി വിറ്റാമിൻ സി മുരിങ്ങയിലയിലുണ്ട്. രോഗങ്ങളെ തുരത്താനുള്ള ആയുധമാണ് വിറ്റാമിൻ സി. പകർച്ചവ്യാധികളുടെ അണുക്കളെ അടുപ്പിക്കില്ല. കീടനാശിനി കലരാത്ത ശുദ്ധമായ മുരിങ്ങയില കൂട്ടിയാൽ പ്രതിരോധം ഭദ്രം.

മുരിങ്ങയില കാൽസ്യത്തിന്റെ കമനീയ ഷോറൂമാണ്. പാലിലുളളതിന്റെ നാലിരട്ടി കാൽസ്യം മുരിങ്ങയിലയിലുണ്ട്്. നമ്മുടെ ശരീരം നിർമിച്ചിരിക്കുന്നതു പ്രോട്ടീനുകൾ കൊണ്ടാണ്. പ്രോട്ടീനുകൾ രൂപപ്പെടുന്നത് അമിനോ ആസിഡിൽ നിന്നും. സാധാരണഗതിയിൽ മുട്ട, പാൽ, ഇറച്ചി, പാലുത്പന്നങ്ങൾ എന്നിവയൊക്കെയാണ് അമിനോ ആസിഡിന്റെ ഇരിപ്പിടങ്ങൾ. എന്നാൽ നമ്മൾ മനുഷ്യർ പല തരക്കാർ. അപ്പോൾ സസ്യാഹാരം കഴിക്കുന്നവർക്കു മുരിങ്ങയിലയിലൂടെ എല്ലാം നേടാം. ഇതിൽ കടലോളം പ്രോട്ടീൻ ഒളിച്ചിരിക്കുന്നു. തൈരിലുളളതിന്റെ രണ്ടിരട്ടി പ്രോട്ടീൻ ഇതിലുണ്ട്.