ബോയിസ് എസ്റ്റേറ്റ് – മേലോരം റോഡ് തകർന്നിട്ട് വർഷങ്ങൾ; കൊക്കയാറിലേക്കു ദുരിതയാത്ര

മുണ്ടക്കയം ∙ കൊക്കയാറിലേക്കുള്ള ദുരിതയാത്രയ്ക്കു ശമനമില്ല; 35–ാം മൈൽ ബോയിസ്–മേലോരം റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യം. സ്വകാര്യ എസ്റ്റേറ്റിലൂടെ പോകുന്ന 10 കിലോമീറ്റർ റോഡു തകർന്ന് സഞ്ചാരയോഗ്യമല്ലാതായതോടെ കൂട്ടിക്കൽ വഴി കിലോമീറ്ററുകൾ അധികം സഞ്ചരിച്ചാണ് കൊക്കയാർ മേലോരം നിവാസികൾ യാത്രചെയ്യുന്നത്. നിരന്തരമായ ജനകീയ സമരത്തിനൊടുവിലാണു സർക്കാരിനു റോഡ് വിട്ടുനൽകിയത്. ഇതുവഴി ഒരു ബസ് സർവീസ് നടത്തിയിരുന്നെങ്കിലും റോഡ് തകർന്നതോടെ അതു നിലച്ചു.

ഇതോടെ അധികതുക നൽകി സ്വകാര്യവാഹനങ്ങളിൽ ഇതുവഴി യാത്രചെയ്യേണ്ടി വരുകയാണ്. സർക്കാർ സ്ഥാപനങ്ങൾ ഉള്ള മേലോരത്തേക്ക് ഉദ്യോഗസ്ഥർ നടന്നാണ് എത്തുന്നത്. സ്കൂൾ കുട്ടികൾക്കും കാൽനടയാത്രതന്നെ ശരണം. റോഡിന്റെ ഒരുഭാഗം ഇ.എസ്. ബിജിമോൾ എംഎൽഎ ഫണ്ടിൽനിന്നും തുക വിനിയോഗിച്ച് നിർമ്മാണം നടത്തിയെങ്കിലും ബാക്കിഭാഗം അവഗണനയിൽ തന്നെ. മുൻ എംപി: പി.ടി. തോമസ് പിഎംജിഎസ്‌വൈ പദ്ധതിയിൽ റോഡ് ഉൾപ്പെടുത്തിയെങ്കിലും തടർന്നുവന്ന ജനപ്രതിനിധികൾ അവഗണിച്ചെന്നും ആക്ഷേപമുണ്ട്.