ബോവർ മീഡിയ പ്രകൃതിയുടെ സ്ഥാനാർഥി!

തിരഞ്ഞെടുപ്പിൽ ഫ്ലെക്സിനെതിരെ പോരാടാൻ ഇനി ബോവർ മീഡിയ. പ്രകൃതിദത്ത ബാനറുകൾ ബോവർ മീഡിയയിൽ നിർമിക്കാം. കോയമ്പത്തൂർ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നു ബോവർ മീഡിയ നഗരത്തിലെ പ്രിന്റിങ് സ്ഥാപനങ്ങളിൽ എത്തിക്കഴിഞ്ഞു. പ്രകൃതിക്കിണങ്ങുന്ന ബാനറുകൾ അച്ചടിക്കാനുള്ള പേപ്പറാണിത്. പേപ്പറുകൾക്കിടയിൽ നൂലുകൾ ചേർത്താണ് ബോവർമീഡിയ പേപ്പറുകൾ തയാറാക്കുന്നത്. 2–3 മാസം വരെയേ ആയുസ്സുള്ളൂവെങ്കിലും പ്രകൃതിക്ക് ഇണങ്ങുന്ന വിധത്തിൽ ഇവ നശിച്ചു പോകുമെന്നതിനാൽ ദോഷം ഉണ്ടാകില്ലെന്നു പറയുന്നു. ഫ്ലെക്സ് നിരോധനം പൂർണമായാൽ ബോവർ മീഡിയ കൂടുതൽ പ്രചാരത്തിലേക്ക് എത്തിയേക്കും. ബോവർ മീഡിയ പ്രിന്റിങ്ങിന് 20–25 രൂപയാണ് നിരക്ക്.

ഫ്ലെക്സിനെ തുരത്തും

കോട്ടയം ∙ പൊതു സ്ഥലങ്ങളിലും പാതയോരങ്ങളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യബോർഡുകൾ പൂർണമായും നീക്കം ചെയ്യുന്നതിന് കർശന നടപടികൾ സ്വീകരിക്കാൻ കലക്ടർ പി.കെ.സുധീർ ബാബുവിന്റെ നിർദേശം. അനുമതിയില്ലാതെ സ്ഥാപിച്ചിട്ടുള്ള ഫ്ലെക്‌സ് ബോർഡുകൾ നീക്കം ചെയ്യണമെന്ന് ജില്ലയിലെ മുനിസിപ്പാലിറ്റി – ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർക്കാണ് നിർദേശം നൽകിയത്.