ഭക്തിയുടെ പാരമ്യത്തിൽ അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങൾ പേട്ടതുള്ളി

എരുമേലി∙ ആകാശവും ജനസാഗരവും സാക്ഷി; അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ പേട്ടതുള്ളൽ നാടിനെ ഭക്തിയുടെയും ആഹ്ലാദത്തിന്റെയും നെറുകയിലെത്തിച്ചു. ആകാശത്തു ശ്രീകൃഷ്ണപ്പരുന്ത് പ്രത്യക്ഷമായതോടെ ഭഗവത് സാന്നിധ്യം അറിഞ്ഞ് അമ്പലപ്പുഴ സംഘം പേട്ടതുള്ളൽ തുടങ്ങി. ഉച്ചകഴിഞ്ഞു മാനത്തു വെള്ളിനക്ഷത്രം ജ്വലിക്കവേ ആലങ്ങാട് സംഘം പേട്ടതുള്ളലിന്റെ വിസ്മയം തീർത്തു.അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ തുള്ളൽ കാണാൻ ആയിരങ്ങളാണ് എത്തിയത്.

പേട്ട കൊച്ചമ്പലത്തിലാണ് അമ്പലപ്പുഴ സംഘം ശ്രീകൃഷ്ണപ്പരുന്തിനെ കാത്തുനിന്നത്. പരുന്തിൻമേലേറി അമ്പലപ്പുഴ ഭഗവാൻ വരുന്നെന്നാണു വിശ്വാസം. പരുന്തിനെ കണ്ടു തുള്ളൽ തുടങ്ങിയതോടെ കൊച്ചമ്പലത്തിൽ നിന്നു പുറത്തിറങ്ങി നൈനാർ മസ്ജിദിലേക്കു പ്രവേശിച്ച സംഘത്തെ പുഷ്പവൃഷ്ടിയോടെ സ്വീകരിച്ചു. തുടർന്നു ജമാഅത്ത് പ്രസിഡന്റ് പി.എ.ഇർഷാദിന്റെ നേതൃത്വത്തിൽ അമ്പലപ്പുഴ പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായരെയും സംഘത്തെയും ആദരിച്ചു.

വാവരുസ്വാമിയുടെ പ്രതിനിധിയായ എം.എം.യൂസഫിനൊപ്പം അമ്പലപ്പുഴ സംഘം വലിയമ്പലത്തിലേക്കു പോയി.

കൊടിയും ഗോളകയും കോമരവും കാവടിയും ആലങ്ങാട് സംഘത്തിന്റെ തുള്ളലിനെ വിസ്മയമാക്കി. വെള്ളത്തോർത്തുടുത്തു ശരീരത്തിൽ കളഭം ചാർത്തിയാണ് ആലങ്ങാട് സംഘം പേട്ടതുള്ളിയത്. അമ്പലപ്പുഴ സംഘത്തോടൊപ്പം വാവരുസ്വാമി പോയെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ആലങ്ങാട് സംഘം പള്ളിയിൽ പ്രവേശിച്ചില്ല.

ആന്റോ ആന്റണി എംപി, പി.സി.ജോർജ് എംഎൽഎ, ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ, അംഗങ്ങളായ കെ.രാഘവൻ, ശങ്കർദാസ്, ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരി എന്നിവർ പങ്കെടുത്തു.