ഭക്ഷണവും അടുക്കള പാത്രങ്ങളും മോഷ്ടിച്ചു

മുണ്ടക്കയം∙ വനാതിർത്തിയിലുള്ള വീട്ടിൽക്കയറിയ മോഷ്ടാക്കൾ കോഴിക്കറിയും ഉപ്പുമാവും ചോറും ഉൾപ്പെടെയുള്ള ഭക്ഷണപദാർഥങ്ങളും കഞ്ഞിക്കലം ഉൾപ്പെടെയുള്ള അടുക്കളസാധനങ്ങളും കവർന്നു. കൊമ്പുകുത്തി പുത്തൻപുരയ്ക്കൽ ശിവൻകുട്ടിയുടെ വീട്ടിലാണ് ഇന്നലെ പകൽ മോഷണം നടന്നത്.

കൊമ്പുകുത്തിയിൽ ശബരിമലവനത്തിനോടു ചേർന്നാണു ശിവൻകുട്ടിയുടെ വീട്. എന്നാ‍ൽ വീട്ടിലെ വിലപിടിപ്പുള്ള വസ്തുക്കളൊന്നും നഷ്ടപ്പെടാത്തതിനാൽ സംഭവത്തിനു പിന്നിൽ മാവോയിസ്റ്റുകളാണെന്ന പ്രചാരണവും ശക്തമായി.

എന്നാൽ വിശന്നുവലഞ്ഞ പാവങ്ങളാരെങ്കിലുമാകാമെന്നാണു പൊലീസ് നിഗമനം. ശിവൻകുട്ടിയും ഭാര്യ അംബികയും ജോലിക്കു പോയ സമയത്താണു മോഷണം നടന്നത്. ഉച്ചയ്ക്കു വീട്ടിൽ തിരിച്ചെത്തിയപ്പോൾ അടുക്കളയുടെ ജനാലയുടെ അഴികൾ തകർത്തനിലയിലായിരുന്നു. അരി, ഗോതമ്പ്, കറിവയ്ക്കുവാനാവശ്യമായ മസാലപ്പൊടികൾ, കഞ്ഞിക്കലം ഉൾപ്പെടെയുള്ള പാത്രങ്ങൾ, ചോറ്, കറികൾ എന്നിവയാണു മോഷ്ടിക്കപ്പെട്ടത്.

വീടിനുള്ളിലുണ്ടായിരുന്ന പണമോ മറ്റു വിലപിടിപ്പുള്ള വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ലെന്നു പരിശോധനയിൽ ബോധ്യമായി. ചാക്കുകെട്ടുകളിലായി അടുക്കളയിൽത്തന്നെ സൂക്ഷിച്ചിരുന്ന കുരുമുളക്, കാപ്പിക്കരു എന്നിവയൊന്നും കള്ളന്മ‍ാർ തൊട്ടിട്ടില്ല. ജനാലയുടെ അഴികൾ തകർത്തു മോഷ്ടാവ് അകത്തുകയറിയതാണു നാട്ടുകാരുടെ മനസ്സിൽ ദുരൂഹത ഉണർത്തുവാൻ കാരണം.

സംഭവത്തിനു പിന്നിൽ പ്രദേശവാസികൾ ആരും അല്ലെന്നു നാട്ടുകാർക്ക് ഉറപ്പുണ്ട്. വനത്തിനുള്ളിൽ ആദിവാസികൾ ആരും താമസം ഇല്ലാത്തതിനാൽ അത്തരത്തിൽ മോഷണം നടക്കുവാനും സാധ്യതയില്ല. പിന്നെ സംഭവത്തിനു പിന്നിൽ ആരാണെന്നതാണു നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നത്. പൊലീസിൽ പരാതി നൽകി.