ഭര്‍ത്താവിനെ അവഹേളിക്കുന്നത് വിവാഹമോചനത്തിന് കാരണമായ ക്രൂരത- ഹൈക്കോടതി

സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മുന്നില്‍ ഭര്‍ത്താവിനെ അവഹേളിച്ച് സംസാരിക്കുകയും അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ രേഖാമൂലം ഉന്നയിക്കുകയും ചെയ്യുന്നത് വിവാഹമോചനത്തിന് കാരണമാകുന്ന ക്രൂരതയാണെന്ന് ഹൈക്കോടതി വിധിച്ചു.

ഭര്‍ത്താവ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ അധികൃതര്‍ക്കു ഭാര്യ കത്തെഴുതി ഭര്‍ത്താവിനെ അവഹേളിച്ചു. ഭാര്യയുടെ ഇത്തരം പെരുമാറ്റദൂഷ്യവും അതിക്രമങ്ങളും തെളിയിക്കാന്‍ വേണ്ടത്ര തെളിവ് സാക്ഷിമൊഴികളിലൂടെ ലഭ്യമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.

വിവാഹമോചനം അനുവദിക്കാതിരുന്ന കണ്ണൂര്‍ കുടുംബകോടതി വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇത്തരം കേസുകളില്‍ വിവാഹമോചനം അനിവാര്യമാണ്. കാരണം അത്രയ്ക്ക് മനോവേദന ഭര്‍ത്താവിന് അനുഭവിക്കേണ്ടി വന്നുവെന്ന് ഹൈക്കോടതി വ്യക്തമാക്കി.

കണ്ണൂരിലെ വി.വി.പ്രഭാകരനാണ് വിവാഹമോചനത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. തന്റെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന രീതിയിലായിരുന്നു ഭാര്യയുടെ പെരുമാറ്റം. തന്നെ അവഹേളിച്ചുകൊണ്ട് നിരവധി പേര്‍ക്ക് കത്തെഴുതി. ഈ കത്തുകളില്‍നിന്നു ഭാര്യ ഭര്‍ത്താവിന്റെ മനസ്സില്‍ ഏല്‍പിച്ച ക്രൂരത തെളിയുന്നുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു.

22 വര്‍ഷമായി നീണ്ടു നിന്ന ദാമ്പത്യബന്ധമാണ് ഹൈക്കോടതി വിധിയിലൂടെ അവസാനിച്ചത്. ഹര്‍ജിക്കാരനായ പ്രഭാകരന് ഇപ്പോള്‍ 70 വയസ്സുണ്ട്. ഭാര്യ ചന്ദ്രമതിക്ക് 60 ആണ് പ്രായം. മകളുടെ വിവാഹ ചടങ്ങില്‍പോലും പ്രഭാകരനെ പങ്കെടുക്കാന്‍ അനുവദിച്ചിരുന്നില്ല.