ഭര്‍ത്താവിന്റെ പേരിലല്ലെങ്കിലും ഭര്‍തൃവീട്ടില്‍ ഭാര്യയ്ക്ക് അവകാശമുണ്ട് -ഹൈക്കോടതി

ഭര്‍തൃവീട് ഭര്‍ത്താവിന്റെ പേരിലല്ലെങ്കിലും ഭാര്യക്ക് അവിടെ കഴിയാന്‍ അവകാശമുണ്ടെന്ന് ബോംബെ ഹൈക്കോടതി വിധിച്ചു. വിവാഹശേഷം താമസമാക്കിയ വീട്ടില്‍ വിവാഹമോചനക്കേസിന്റെ വിധി വരുന്നതുവരെ ഭാര്യക്കു താമസിക്കാമെന്നും കോടതി വ്യക്തമാക്കി.

മുംബൈയിലെ മുളുണ്ടില്‍നിന്നുള്ള ദമ്പതിമാരുടെ കേസിലാണ് കുടുംബകോടതിയുടെ വിധി അസാധുവാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി. ആദ്യഭര്‍ത്താവില്‍നിന്ന് യുവതി വിവാഹമോചനം നേടിയിട്ടില്ലെന്നു പറഞ്ഞ് ഭര്‍ത്താവാണ് വിവാഹ ബന്ധം അസാധുവാക്കണമെന്നാവശ്യപ്പെട്ട് കുടുംബകോടതിയെ സമീപിച്ചത്.

മുളുണ്ടില്‍ തന്റെ അച്ഛന്റെ പേരിലുള്ള വീട്ടില്‍ അനധികൃതമായി താമസിക്കുകയാണ് ഭാര്യയെന്നും താന്‍ വേറെയാണ് കഴിയുന്നതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. കുടുംബ വീട് ഭര്‍തൃപിതാവിന്റെ പേരിലായതുകൊണ്ട് ഭാര്യ ഒഴിഞ്ഞുകൊടുക്കണമെന്നായിരുന്നു കുടുംബകോടതി വിധി.

ഇതിനെതിരെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചു. തന്നെ കല്യാണം കഴിച്ചുകൊണ്ടുവന്ന വീട് ഇതാണെന്നും പിണങ്ങുന്നതുവരെ തങ്ങള്‍ ഇരുവരും കഴിഞ്ഞത് ഇവിടെയാണെന്നും അവിടെ നിന്ന് തന്നെ അടിച്ചിറക്കുകയായിരുന്നെന്നും അവര്‍ ബോധിപ്പിച്ചു.

വിവാഹം കഴിച്ചുകൊണ്ടുവന്ന വീടാണ് യുവതിയുടെ ഭര്‍തൃവീടെന്നും അത് ഭര്‍ത്താവിന്റെ പേരിലാണോ ഭര്‍തൃപിതാവിന്റെ പേരിലാണോ എന്നത് അപ്രസക്തമാണെന്നും ജസ്റ്റിസ് ശാലിനി ഫസാല്‍ക്കര്‍ ജോഷിയുടെ ബെഞ്ച് വ്യക്തമാക്കി.

ഗാര്‍ഹിക പീഡനനിയമപ്രകാരം ഭാര്യക്ക് ഭര്‍തൃവീട്ടില്‍ കഴിയാന്‍ അവകാശമുണ്ട്. അതുകൊണ്ട് വിവാഹമോചനം അനുവദിക്കുന്നതുവരെ പരാതിക്കാരിക്ക് അവിടെ കഴിയാം എന്ന് കോടതി വിധിച്ചു.