ഭാര്യ ദീര്‍ഘകാലം ലൈംഗികബന്ധത്തിന് വിസമ്മതിച്ചാല്‍ ഭര്‍ത്താവിന് വിവാഹമോചനം നേടാമെന്ന് കോടതി

അകാരണമായി ഭര്‍ത്താവിന് ദീര്‍ഘകാലം ലൈംഗീകബന്ധത്തിന് വിസമ്മതിക്കുന്നത് മാനസികപീഡനമാണെന്ന് ദില്ലി ഹൈക്കോടതി. ഇത്തരത്തിലുള്ള കേസുകളില്‍ ഭര്‍ത്താവിന് വിവാഹമോചനം നേടാനുള്ള അര്‍ഹതയുണ്ടെന്നും കോടതി വ്യക്തമാക്കി. ദില്ലി ഹൈക്കോടതിയാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.

നാലര വര്‍ഷക്കാലമായ ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഭാര്യ തന്നെ സമ്മതിക്കാറില്ലെന്ന പരാതിക്കാരന്റെ ഹര്‍ജിയിലാണ് ദില്ലി കോടതി വിധി പറഞ്ഞത്. ഭാര്യക്ക് ശാരീരിക വൈകല്യങ്ങള്‍ ഒന്നുമില്ലാത്ത സാഹചര്യത്തിലാണ് ദീര്‍ഘകാലം ലൈംഗിക ബന്ധത്തിന് വിസമ്മതിക്കുന്നതെങ്കില്‍ അത് മാനസികമായ ക്രൂരതയാണ്. ഒരു കൂരയ്ക്ക് കീഴില്‍ കഴിയുമ്പോളാണ് ഈ ക്രൂരത ചെയ്യുന്നതെന്ന് ഇവര്‍ മനസിലാക്കണമെന്നും കോടതി നിരീക്ഷിച്ചു. അതുകൊണ്ട് തന്നെ പരാതിക്കാരന് വിവാഹമോചനം നേടാനുള്ള അവകാശമുണ്ടെന്നും ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗ് അടങ്ങിയ ഹൈക്കോടതി ബെഞ്ച് വിധിച്ചു.

നേരത്തേ കീഴ്‌ക്കോടതി ഇയാള്‍ക്ക് വിവാഹമോചനം നിഷേധിച്ചിരുന്നു. വിവാഹമോചനത്തിന് അര്‍ഹതയില്ലെന്ന് കീഴ്‌കോടതി വിധിച്ചതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. യുവതിയില്‍ തനിക്ക് രണ്ട് കുട്ടികളുണ്ടെന്നും എന്നാല്‍ ഒരു ഭാര്യയെ പോലെ അല്ല അവര്‍ പെരുമാറുന്നതെന്നും ഇയാളുടെ ഹര്‍ജിയില്‍ പറയുന്നു.

വീട്ടുപണികള്‍ ചെയ്യാന്‍ വിസമ്മതിക്കുന്ന ഭാര്യ ലൈംഗികബന്ധത്തിന് തന്നെ അനുവദിച്ചിട്ട് നാലര വര്‍ഷമായെന്നും ഹര്‍ജിയില്‍ പറയുന്നു. അതുകൊണ്ട് തന്നെ താനും ഭാര്യയും രണ്ട് വ്യത്യസ്ത മുറികളിലാണ് താമസിക്കുന്നതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. കോടതിയില്‍ ഹര്‍ജിക്കാരന്റെ ആരോപണങ്ങള്‍ യുവതി നിഷേധിക്കുകയും ചെയ്തില്ല. തുടര്‍ന്നാണ് കോടതി ഹര്‍ജിക്കാരന് വിവാഹമോചനത്തിന് അനുമതി നല്‍കിയത്