ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്രവാഹനവും വീല്‍ചെയര്‍ വിതരണവും നടത്തും

കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്തിന്റെ 2017-18 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി 11 ലക്ഷം രൂപയുടെ മുച്ചക്രവും അഞ്ചു ലക്ഷം രൂപയുടെ വീല്‍ചെയറുകളും വിതരണം ചെയ്യും. ഭിന്നശേഷിക്കാര്‍ക്കായി ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ നടത്തിയ ക്യാമ്പില്‍ നിന്നാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്.

മുണ്ടക്കയം, കൂട്ടിക്കല്‍ സിഎച്ച്‌സികളിലെ മെഡിക്കല്‍ സ്റ്റാഫുമാരാണ് ക്യാമ്പിന് നേതൃത്വം നല്‍കിയത്. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന പാറത്തോട്, മുണ്ടക്കയം, കോരുത്തോട്, കൂട്ടിക്കല്‍, മണിമല കാഞ്ഞിരപ്പള്ളി, എരുമേലി എന്നീ പഞ്ചായത്തുകളില്‍ നിന്നുള്ളവരാണ് ക്യാമ്പില്‍ പങ്കെടുത്തത്. ഡ്രൈവിംഗ് ലൈസന്‍സും 40 ശതമാനം അംഗവൈകല്യം എന്ന മെഡിക്കല്‍ ബോര്‍ഡിന്റെ സാക്ഷ്യപത്രവുമുള്ളവര്‍ക്കാണ് മുച്ചക്രവാഹനം അനുവദിക്കുന്നത്. കിടപ്പുരോഗികളാണെന്നുള്ള മെഡിക്കല്‍ ബോര്‍ഡിന്റെ സാക്ഷ്യപത്രമുള്ളവര്‍ക്കാണ് വീല്‍ചെയര്‍ അനുവദിക്കുന്നത്.

13 മുച്ചക്രവാഹനങ്ങളും 32 വീല്‍ചെയറുകളുമാണ് ഈ വര്‍ഷം വിതരണം നടത്തുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ജോയി എബ്രഹാം എംപി നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയി അധ്യക്ഷത വഹിക്കും. ജില്ലാപഞ്ചായത്ത് മെംബര്‍ മാഗി ജോസഫ് മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ പി.എ. ഷെമീര്‍, റോസമ്മ ആഗസ്തി, ലീലാമ്മ കുഞ്ഞുമോന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.കെ. അബ്ദുള്‍കരീം, വി.ടി. അയൂബ്ഖാന്‍, സോഫി ജോസഫ്, മറിയമ്മ ടീച്ചര്‍, പ്രകാശ് പള്ളിക്കൂടം, ജെയിംസ് പി. സൈമണ്‍, ശുഭേഷ് സുധാകരന്‍, അന്നമ്മ ജോസഫ്, പി.ജി. വസന്തകുമാരി, അജിതാ രതീഷ് മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. പ്രസൂണ്‍ മാത്യു, ഡോ. തസ്നി, ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍ കെ. അജിത്ത് തുടങ്ങിയവര്‍ പ്രസംഗിക്കും.