ഭൂപരിഷ്കരണം തന്നതും തരാത്തതും

ഭൂപരിഷ്കരണം തന്നതും തരാത്തതും


X

ഭാഗം: 2

1966-‘67-ൽ കേരളത്തിലെ ഭൂവുടമകളുടെ എണ്ണം 28.22 ലക്ഷം. 1970-ൽ ഭൂപരിഷ്കരണനിയമം പ്രാബല്യത്തിൽ.  1976-‘77-ൽ ഭൂവുടമകളുടെ എണ്ണം 41.83 ലക്ഷമായി. ഭൂപരിഷ്കരണത്തിൽ ഏതാണ്ട് 28 ലക്ഷം കുടിയാൻമാർക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം കിട്ടി; 5.3 ലക്ഷംകുടികിടപ്പുകാർക്ക് കുടികിടപ്പ് അവകാശവും 

ഭൂമിയുടെ ഉടമസ്ഥത പാവപ്പെട്ട കർഷകർക്കും തൊഴിലാളികൾക്കുംനൽകി ആധുനിക കേരളത്തിന് അടിത്തറയിട്ടത് ഭൂപരിഷ്കരണമായിരുന്നു എന്നുവാദിക്കാൻ ഈ സ്ഥിതിവിവരങ്ങൾ മതി. പക്ഷേ, കൃഷിഭൂമി കർഷകർക്ക് എന്ന  മുദ്രാവാക്യം ഇപ്പോഴും പൂർണമായും യാഥാർഥ്യമായിട്ടില്ല. പലഘട്ടത്തിലും നിയമം ദുർബലമായി. പല വ്യവസ്ഥയും കാലക്രമത്തിൽ സർക്കാരുകൾ അസാധുവാക്കി. അങ്ങനെ ഭൂപരിഷ്കരണം ഇപ്പോഴും അപൂർണമായി തുടരുന്നു.

ഭൂപരിഷ്കരണത്തിൽ മൂന്നുഭാഗമാണുള്ളത്. ഒന്ന്: പാട്ടഭൂമിയിലെ കുടിയാൻമാർക്ക് ഉടമസ്ഥാവകാശം. രണ്ട്: പാവപ്പെട്ടവർക്ക്, കുടിയാൻമാരല്ലാത്തവർക്ക് അവർ താമസിക്കുന്ന സ്ഥലങ്ങളിൽ ഭൂമി പതിച്ചുനൽകുക. മൂന്ന്: പാട്ടക്കുടിയാൻമാരുടേത് ഉൾപ്പെടെയുള്ള മിച്ചഭൂമി ഏറ്റെടുത്ത് ഭൂരഹിതരായ കർഷകത്തൊഴിലാളികൾക്ക് കൃഷിക്ക് നൽകുക.

ആദ്യ രണ്ടുലക്ഷ്യങ്ങളിലും പുരോഗതിയുണ്ടായെങ്കിലും നാമമാത്രമായ മിച്ചഭൂമിമാത്രമേ  ഏറ്റെടുത്ത്‌ വിതരണംചെയ്യാനായിട്ടുള്ളൂ. ഭൂപരിഷ്കരണം അട്ടിമറിക്കപ്പെടാൻ കാരണം അതിന്റെ ഉപജ്ഞാതാക്കൾക്ക്‌ അത്‌ നടപ്പാക്കാൻ അവസരമുണ്ടാകാത്തതാണെന്ന് ചരിത്രകാരനായ ഡോ. പി.കെ. മൈക്കിൾ തരകൻ ചൂണ്ടിക്കാട്ടുന്നു. “നിയമനിർമാണത്തിന് തുടക്കമിട്ട ഇ.എം.എസിെന്റ ആദ്യസർക്കാർ വിമോചനസമരത്തിലൂടെ അട്ടിമറിക്കപ്പെട്ടു. 1967-ൽ വന്ന രണ്ടാം ഇ.എം.എസ്. സർക്കാർ 1968-ൽ നിയമം പാസാക്കിയെങ്കിലും അതിന് നിയമപ്രാബല്യം ലഭിക്കുന്നത് 1970 ജനുവരി ഒന്നിനാണ്. അത് നടപ്പാക്കേണ്ട ചുമതല സി. അച്യുതമേനോന്റെ സർക്കാരിനായി. എന്നാൽ, അച്യുതമേനോൻ അത് നടപ്പാക്കാൻ പ്രതിജ്ഞാബദ്ധനായതുകൊണ്ടും എ.കെ. ഗോപാലൻ പുറത്തുനിന്ന് സമരം ചെയ്തതുകൊണ്ടുമാണ് ഇത്രയെങ്കിലും നടപ്പായത്” -അദ്ദേഹം പറയുന്നു.

അങ്ങനെ കേരളമാതൃകയുണ്ടായി

ലക്ഷക്കണക്കിന് പാവപ്പെട്ട കൃഷിക്കാർ ഭൂവുടമകളായി മാറിയതിന്റെ അനന്തരഫലമാണ് ഇന്നുകാണുന്ന കേരള വികസന മാതൃകയെന്നുപറയാം. ഭൂമി കിട്ടിയതോടെ കൃഷിക്കാർ പാട്ടംനൽകുന്നത് അവസാനിച്ചു. അവരുടെ വരുമാനം ഗണ്യമായി ഉയർന്നു. ഭൂമി കിട്ടിയതോടെ കർഷകത്തൊഴിലാളിയുടെ വിലപേശൽ ശേഷി ഉയർന്നത് കൂലിവർധനയിലേക്ക്‌ നയിച്ചു. സവർണമേധാവിത്വത്തിന്റെ സാമ്പത്തികാടിത്തറ തകർന്നത് വലിയ സാമൂഹികമാറ്റങ്ങൾക്ക് കളമൊരുക്കി. കേരളത്തിൽ 1970-കളിലും 80-കളിലും വിദ്യാഭ്യാസ-ആരോഗ്യ മേഖലയിലുണ്ടായ കുതിപ്പ് ഭൂവുടമസ്ഥതയിലൂടെ പാവപ്പെട്ട കൃഷിക്കാർ ആർജിച്ച ഉന്നമനത്തിന്റെ അനന്തരഫലമാണ്. എന്നാൽ, ഭൂമി തുണ്ടുതുണ്ടായതോടെ കൃഷിഭൂമിയുടെ ഉത്പാദനക്ഷമത കുറഞ്ഞുവെന്നൊരു മറുവാദമുണ്ട്. എന്നാൽ, തൊള്ളായിരത്തി എഴുപതുകളിലും എൺപതുകളുടെ  ആദ്യവും കാർഷികവളർച്ച നിശ്ചലമായതിനുകാരണം കേരളത്തിലെ കൃഷി നാണ്യവിളകളിലേക്ക്‌ മാറിയതാണെന്ന്‌ ധനമന്ത്രി ഡോ. തോമസ് ഐസക് പറയുന്നു.

 ‘‘മലയോരങ്ങളിൽ കപ്പയ്ക്കുപകരം റബ്ബറും വാണിജ്യവിളകളും ഇടനാട്ടിൽ കരപ്പാടങ്ങളിലുംമറ്റും തെങ്ങ് എന്നിങ്ങനെയുള്ള മാറ്റങ്ങൾ വന്നു.  ഈ നാണ്യവിളകളിൽനിന്ന് വിളവുകിട്ടാൻ ഏഴെട്ടുവർഷമെടുക്കും. ആ ഘട്ടത്തിൽ കാർഷികോത്പാദനം കുറയും. അതാണ് കേരളത്തിൽ സംഭവിച്ചത്. എൺപതുകളുടെ അവസാനമായപ്പോഴേക്കും ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന കാർഷികമേഖലയായി കേരളം ഉയർന്നു. എന്നാൽ, തൊണ്ണൂറുകളുടെ ആദ്യം നാണ്യവിളകളുടെ വിലയിടിഞ്ഞു.  ആസിയാൻകരാർ വന്നതോടെ കാർഷികരംഗം തകർന്നു.” -ഐസക് പറഞ്ഞു.

ഭൂമി തുണ്ടുവത്കരിക്കപ്പെട്ടതും വാണിജ്യോപാധിയായി മാറിയതും നെൽപ്പാടങ്ങൾ ഇല്ലാതായതും ഭൂപരിഷ്കരണത്തിന്റെ  മോശം ഫലങ്ങളാണെന്ന് ഡോ. പി.കെ. മൈക്കിൾ തരകൻ വിലയിരുത്തുന്നു. എന്നാൽ, ഭൂപരിഷ്കരണമല്ല, ഭൂവിഭജനവും ഗൾഫ് പണത്തിന്റെ സ്വാധീനവുമാണ് ഇതിന് പ്രധാന കാരണങ്ങളെന്ന് ആസൂത്രണബോർഡ് അംഗം കെ.എൻ. ഹരിലാൽ പറയുന്നു.

കുടുംബാസൂത്രണം,  കുടിയേറ്റം, സഹകരണം

ഭൂപരിഷ്കരണത്തിലൂടെ യഥാർഥത്തിൽ  നടന്നത് സമ്പത്തിന്റെ പുനർവിതരണമാണെന്ന് ആസൂത്രണബോർഡ് മുൻ അംഗവും സി.എം.പി. നേതാവുമായ സി.പി. ജോൺ പറയുന്നു. “കേന്ദ്രസർക്കാർ കുടുംബാസൂത്രണം ആരംഭിച്ചത് ഇക്കാലത്താണ്. ഒപ്പം  വിദേശത്തേക്കുള്ള കുടിയേറ്റവുമുണ്ടായി. ഇവയിലേക്ക്‌ കേരളത്തിന് പെട്ടെന്ന് മാറാനായത് ഭൂപരിഷ്കരണംകൊണ്ടാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ജനസംഖ്യാനിയന്ത്രണം ഫലപ്രദമായതിനുകാരണം ഭൂപരിഷ്കരണമാണ്. അണുകുടുംബമാണ് നല്ലതെന്ന വിചാരമുണ്ടായി.  കുട്ടികളെ പഠിക്കാൻവിട്ടു. എല്ലാവരെയും ജയിപ്പിക്കുന്ന സമ്പ്രദായം വന്നതോടെ ഭൂരിപക്ഷത്തിനും എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് കിട്ടി. അതോടെ അവർ മറ്റുരാജ്യങ്ങളിലേക്ക്‌ കുടിയേറാൻ തുടങ്ങി.

പ്രാദേശിക സഹകരണസംഘങ്ങൾ ശക്തമായതും ഇക്കാലത്താണ്. വായ്പമേഖല വികസിച്ചു. ഭൂമി പണയംവെച്ച് അവർ വായ്പയെടുക്കാൻ തുടങ്ങി. അത്‌ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഉപയോഗിച്ചു” -സി.പി. ജോൺ പറഞ്ഞു.

വഞ്ചിക്കപ്പെട്ട ദളിതർ

1940-കളിൽ സാമ്പത്തികരംഗത്ത് ജന്മിയുടെയും ഭൂപ്രമാണിയുടെയും സാമൂഹികരംഗത്ത് സവർണരുടെയും രാഷ്ട്രീയരംഗത്ത് നാടുവാഴികളുടെയും ആധിപത്യമായിരുന്നു  കേരളത്തിന്റെ പ്രത്യേകത. ഭൂമിയുടെ മേലുള്ള ആധിപത്യമായിരുന്നു ഇതിന്റെ അടിസ്ഥാനം. ഇതിനെ തകർത്ത് ആധുനിക കേരളം രൂപപ്പെടുത്തിയെന്നതാണ് ഭൂപരിഷ്കരണത്തിന്റെ ഏറ്റവും വലിയ സംഭാവന.

ഭൂപരിഷ്കരണം ഏറ്റവും വലിയ സ്വാധീനം ചെലുത്തിയത് മലബാറിലാണ്. കാനേഷുമാരി കണക്കിൽ ഏതാണ്ട് 1961 വരെ മലബാറിലെ ജനസംഖ്യാസൂചികകളിൽ സാക്ഷരതയിലുൾപ്പെടെ അന്തരം വർധിച്ചുകൊണ്ടിരുന്നു. ഇതുമാറി അവർ കേരളത്തിലെ മുഖ്യധാരയ്ക്കൊപ്പം ഉയർന്നത് ഭൂപരിഷ്കരണത്തോടെയാണ്.

ഭൂപരിഷ്കരണം ജാതിമേധാവിത്വത്തിന്റെ അടിത്തറ തോണ്ടി. കണ്ണൂരിലെ കല്യാശ്ശേരി പഞ്ചായത്തിൽ  1950-കളുടെ ആദ്യംവരെ 80 ശതമാനം ഭൂമിയും അഞ്ചുശതമാനത്തിനുതാഴെവരുന്ന സവർണവിഭാഗങ്ങളുടെ കൈയിലായിരുന്നു.  ഭൂപരിഷ്കരണത്തിനുശേഷം 60 ശതമാനം ഭൂമിയും അവർണരുടെയും മറ്റുള്ളവരുടെയും കൈയിലെത്തി  -ഐസക് പറഞ്ഞു.

എന്നാൽ, ഈ മാറ്റങ്ങളുടെ പ്രയോജനം കേരളത്തിലെ ദളിതർക്ക് കിട്ടിയില്ലെന്നത് എല്ലാവരും ഒരുപോലെ സമ്മതിക്കുന്നു. കേരളത്തിൽ ചേരികളെക്കാളും മോശപ്പെട്ട കോളനികളിലേക്ക്‌ ദളിതരെ ആട്ടിയോടിച്ചത് ഭൂപരിഷ്കരണമാണെന്ന് ദളിത് ചിന്തകനായ കെ.കെ. കൊച്ച് പറയുന്നു. “ഭൂപരിഷ്കരണത്തിൽ ഭൂമി കിട്ടേണ്ട കർഷകനെ നിർവചിച്ചത് പാട്ടക്കാർ, കാണക്കാർ, വാരക്കാർ  എന്നിങ്ങനെയാണ്. ജന്മിക്കും പണിയെടുക്കുന്നവർക്കും മധ്യേയുള്ള വിഭാഗങ്ങളാണിത്. ഈ വിഭാഗങ്ങളിൽ ദളിതരില്ല. അതിനാൽ ദളിതേതര വിഭാഗങ്ങൾക്കാണ് ഭൂമി കിട്ടിയത്. അവർക്ക് പഞ്ചായത്തുകളിൽ പത്തുസെന്റ്, മുനിസിപ്പാലിറ്റിയിൽ നാലുസെന്റ്, നഗരങ്ങളിൽ മൂന്നുസെൻറുമാണ് നൽകിയത്. അന്ന് അഞ്ചുലക്ഷം പേർക്കാണ് ഇങ്ങനെ കുടികിടപ്പവകാശം കിട്ടിയത്. മിച്ചംവന്നവരെ ഒഴിവാക്കാനായിട്ടാണ് കോളനികൾ വിപുലമായി ആരംഭിച്ചത്.

തോട്ടങ്ങളൊഴികെയുള്ള പത്തുലക്ഷം ഏക്കറാണ്  മിച്ചഭൂമിയായി  പ്രഖ്യാപിക്കപ്പെട്ടത്. പിന്നീടത് ഏഴുലക്ഷം ഏക്കറായി ചുരുങ്ങി. ഇതിൽ വിതരണം ചെയ്തത് 1.36 ലക്ഷം ഏക്കറാണ്. പട്ടികജാതിക്കാർക്ക് കിട്ടിയത് ഇതിന്റെ വെറും ഇരുപതുശതമാനം മാത്രമാണെന്ന് കെ.കെ.കൊച്ച് പറയുന്നു.  ഈ സർക്കാരാകട്ടെ, ഭൂമിയില്ലാത്തവർക്കായി ഫ്ളാറ്റുകൾ നിർമിക്കുകയാണ്. അവിടങ്ങളിൽ എത്തിപ്പെടുന്ന ഭൂരിഭാഗവും ദളിതരായിരിക്കും. ഇതോടെ ആ ദളിതർക്ക് ഭൂവുടമാവകാശം ശാശ്വതമായി ഇല്ലാതാവും” -കൊച്ച് പറഞ്ഞു.

രാഷ്ട്രീയകേരളത്തിനും അടിത്തറ

ഭൂപരിഷ്കരണശ്രമങ്ങളുടെ ഏറ്റവും വലിയ രാഷ്ട്രീയപ്രത്യാഘാതം ഇ.എം.എസിന്റെ ആദ്യസർക്കാരിനെ കേന്ദ്രസർക്കാർ പിരിച്ചുവിടാനിടയായ വിമോചനസമരമാണ്. മലയാളിയെ  കൂടുതൽ രാഷ്ട്രീയവത്കരിച്ചത് ഭൂവുടമസ്ഥത നൽകിയ  താൻപോരിമയും സ്വാതന്ത്ര്യബുദ്ധിയുമാണ്. വിദ്യാർഥിരാഷ്ട്രീയത്തിൽമുതൽ പൊതുരാഷ്ട്രീയത്തിൽവരെ അത് ചലനങ്ങളുണ്ടാക്കി. ഇടതുകക്ഷികൾ ആധിപത്യമുറപ്പിച്ചതുമാത്രമല്ല, എല്ലാ പാർട്ടികൾക്കും ഉറച്ചുനിൽക്കാൻ അണികളെയും പ്രവർത്തകരെയും കിട്ടിയെന്നതും ഇതിന്റെ അനന്തരഫലം.

‘‘ഞാൻ പഠിച്ച സ്കൂളിൽ കെ.എസ്.യു. ആണ് ജയിച്ചുകൊണ്ടിരുന്നത്. ഭൂപരിഷ്കരണത്തിനുശേഷമാണ് എസ്.എഫ്.ഐ. ജയിക്കാൻ തുടങ്ങിയത്’’ -സി.പി.ജോൺ പറഞ്ഞു. 

സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും കുട്ടികൾ പഠിക്കാനെത്തിയതാണ് ഇതിന് കാരണം. വിദ്യാഭ്യാസത്തിലെ വരേണ്യാധിപത്യം അങ്ങനെ അവസാനിച്ചു.

 ജന്മിമാരുടെ ഭൂമി മാത്രമല്ല, സർക്കാരിന്റെ ഭൂമിയും വിതരണംചെയ്യപ്പെട്ടു. അതും ഭൂപരിഷ്കരണമാണ്. മലയോരകർഷകർക്ക് പട്ടയം  കിട്ടി. ആ കർഷകർ കേരള കോൺഗ്രസിന്റെ അടിത്തറയായി. കുടിയേറ്റത്തിലൂടെ ശക്തരായ മുസ്‌ലിങ്ങളാണ് മുസ്‌ലിംലീഗിന്റെ അടിത്തറ. ഭൂമികിട്ടിയ ഈഴവസമുദായം കമ്യൂണിസ്റ്റ് പാർട്ടികൾക്കൊപ്പം നിന്നു. ഈ സമുദായങ്ങളിൽനിന്നെല്ലാം കോൺഗ്രസിനും ബലംകിട്ടി. മുന്നണിബന്ധങ്ങൾ ശക്തമായി. 1957-ൽ കേരളത്തിൽ നാലുപാർട്ടികളാണ് മത്സരിച്ചത്. 2016-ൽ പാർട്ടികളുടെ എണ്ണം 44 ആയി. കേരളത്തിൽ പൊതു രാഷ്ട്രീയ കർമമണ്ഡലം വികസിച്ചത് ഇങ്ങനെയാണ്. എന്നാൽ, ദളിതുകൾ കുടികിടപ്പിൽ ഒതുങ്ങേണ്ടിവന്നു. അവർക്കിപ്പോഴും ഭൂമി കിട്ടിയിട്ടില്ല -അദ്ദേഹം വിലയിരുത്തുന്നു.

ആവേശംപകരുന്ന ഓർമകൾ

# ഇ. ചന്ദ്രശേഖരൻ റവന്യൂ മന്ത്രി

1957-നുമുമ്പുതന്നെ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി ഭൂപരിഷ്‌കരണത്തിനായുള്ള രാഷ്ട്രീയതീരുമാനവും നടപടികളും കൈക്കൊണ്ടിരുന്നു.  1957 ഏപ്രിലിൽ ഇ.എം.എസ്‌. സർക്കാർ അധികാരത്തിലേറിയതിന്റെ ആറാംദിവസം ഒരു ഓർഡിനൻസിലൂടെ സർക്കാർ കുടിയൊഴിപ്പിക്കൽ നിർത്തലാക്കി. 

1957 ഡിസംബർ 21-ന് വിപ്ലവകരമായ കാർഷികബന്ധ ബിൽ സഭയിൽ കൊണ്ടുവന്നു.  ബിൽ 1959 ജൂൺ 10-ന് പാസാക്കി. ബിൽ നിയമമായതോടെ ജന്മി-ബൂർഷ്വാ വർഗം സർക്കാരിനെതിരേ നീക്കങ്ങളാരംഭിച്ചു.  വിമോചന സമരത്തിനുശേഷം വന്ന കോൺഗ്രസ്-പി.എസ്.പി. സർക്കാർ   പുനഃപരിഗണനയ്ക്കു ശേഷം 1961 ജനുവരി 21-ന് പുതിയ നിയമം കൊണ്ടുവന്നു. എന്നാൽ, 1957-ലെ ബില്ലിലെ കർഷകപക്ഷ നിലപാടുകളുടെ നിഴൽമാത്രമാണ് ഇതിലുണ്ടായിരുന്നത്. ഇതോടെ പുതിയ ഒരു നിയമം കൊണ്ടുവരണമെന്ന്‌ സർക്കാർ തീരുമാനിച്ചത്. 

1963 ഡിസംബർ 31-ന് അന്നത്തെ സർക്കാർ പുതിയ നിയമം പാസാക്കി. ഈ നിയമത്തിലും കർഷക താത്പര്യങ്ങൾക്കായിരുന്നില്ല മുൻതൂക്കം ലഭിച്ചത്.

1959-ലെ ബില്ലിൽ ഏറ്റവും നിർണായകമായത് ജന്മിയുടെ കൈയിൽനിന്നും ഭൂമി സർക്കാർ ഏറ്റെടുത്ത് കുടികിടപ്പുകാർക്ക് നൽകാനുള്ള വ്യവസ്ഥയായിരുന്നു. എന്നാൽ, 1963-ലെ നിയമത്തിൽ  ജന്മിയിൽനിന്നും കുടിയാൻ വിലനൽകി ഭൂമി വാങ്ങണം എന്നു വ്യവസ്ഥ ചെയ്തു. 

1967-ൽ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ 1963-ലെ നിയമത്തിൽ സമഗ്രമായ കർഷക-തൊഴിലാളിപക്ഷ ഭേദഗതികൾ കൊണ്ടുവരാൻ തീരുമാനിച്ചു.  1970 ജനുവരി ഒന്നിന്‌ പുതിയ നിയമം പ്രാബല്യത്തിൽ വന്നു. അതോടുകൂടി നിയമപരമായി കേരളത്തിൽ ജന്മിത്തം അവസാനിച്ചു. ഇന്ത്യയിൽ പല സംസ്ഥാനങ്ങളും ഭൂപരിഷ്‌കരണ നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ടെങ്കിലും അർഥപൂർണമായി അവ നടപ്പാക്കാൻ കഴിഞ്ഞത് കേരളത്തിനാണ്. 

ജനിച്ചുവളർന്ന മണ്ണിൽനിന്ന്‌ ജനങ്ങളെ കുടിയൊഴിപ്പിക്കാൻ ശ്രമിക്കുന്ന വിഭാഗീയതയുടെ രാഷ്ട്രീയം രാജ്യത്തെ അപകടപ്പെടുത്തുന്ന വർത്തമാനകാലത്ത് മണ്ണിൽ പണിയെടുത്ത് ജീവിക്കുന്നവനെ ഭൂമിയുടെ അവകാശിയാക്കി മാറ്റിയ നിയമനിർമാണ-നിർവഹണ പ്രക്രിയയുടെ ഓർമകൾ മതേതര സോഷ്യലിസ്റ്റ് ഇന്ത്യയ്ക്ക് ആവേശം പകരുന്നതാണ്.

അറിയാമോ

ഭൂപരിഷ്കരണവും തിലോപ്പിയ മീനും തമ്മിലൊരു ബന്ധമുണ്ട്. ഭൂപരിഷ്കരണത്തിന് തുടക്കമിട്ട ഇ.എം.എസ്. സർക്കാരാണ് കേരളത്തിൽ  തിലോപ്പിയ മീൻ കൊണ്ടുവന്നതും. അന്നത്തെ കേരളത്തിലെ രൂക്ഷമായ ഭക്ഷ്യക്ഷാമത്തിന് പരിഹാരമായി എളുപ്പം വളർത്താവുന്ന, ചെറിയകാലംകൊണ്ട് കരിമീനിനെക്കാൾ പത്തിരട്ടി വലുപ്പംവെക്കുന്ന ഈ മീനിനെ ബ്രസീലിൽനിന്നാണ് കൊണ്ടുവന്നത്. അരിക്ഷാമം പരിഹരിക്കാൻ അരിക്കുപകരം ഇറ്റലിയിൽനിന്ന് മക്രോണി എന്ന ഭക്ഷണപദാർഥവും  ഇറക്കുമതിചെയ്തു. തിലോപ്പിയയെയും മക്രോണിയെയും ആദ്യം ആളുകൾ കളിയാക്കി. വിമോചനസമരകാലത്ത് ഭഗവാൻ മക്രോണി എന്നപേരിൽ കഥാപ്രസംഗം കേരളമാകെ അവതരിപ്പിക്കപ്പെട്ടു.  മക്രോണി ഇന്നൊരു വിശിഷ്ടവിഭവമാണ്. തിലോപ്പിയയും കേരളത്തിലാകെ വ്യാപിച്ചു.