ഭരണങ്ങാനം പദയാത്ര 23 ന്
ചെങ്ങളം: വിശുദ്ധ അന്തോനീസിന്റെയും സീറോ മലബാർ സഭയിലെ ദൈവകരുണയുടെയും തീർഥാടന കേന്ദ്രത്തിൽനിന്നു ഭരണങ്ങാനത്തെ വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടത്തിങ്കലേക്ക് ചെറുപുഷ്പ മിഷൻലീഗിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന തീർഥാടന പദയാത്ര 23ന് നടക്കും.
ഒന്പതു ദിവസം പ്രത്യേകമായി പ്രാർഥിച്ചൊരുങ്ങി നടത്തുന്ന തീർഥാടനത്തിൽ ജാതിമത ഭേദമെന്യേ ആയിരങ്ങൾ പങ്കെടുക്കും.
ഭാരതത്തിന്റെ ലിസ്യു എന്നറിയപ്പെടുന്ന ഭരണങ്ങാനത്തേക്ക് കേരളത്തിന്റെ പാദുവ എന്നറിയപ്പെടുന്ന ചെങ്ങളത്തുനിന്നാണ് ഏറ്റവുമാദ്യം പദയാത്രയായി തീർഥാടക സംഘം എത്തിയത് എന്നതിനാൽ ചരിത്ര പ്രാധാന്യവും ഈ തീർഥാടനത്തിനുണ്ട്.
23ന് രാവിലെ ഒന്പതിന് ആരംഭിക്കുന്ന പദയാത്ര പൈക, ഇടമറ്റം വഴി ഭരണങ്ങാനത്തെത്തും. ഉച്ചകഴിഞ്ഞ് 2.30ന് കബറിടത്തിങ്കൽ അർപ്പിക്കുന്ന വിശുദ്ധകുർബാനയ്ക്ക് വികാരി ഫാ. മാത്യു പുതുമന, സഹ വികാരി ഫാ. ജോമി കുന്പുക്കാട്ട്, തീർഥാടന കേന്ദ്രം സ്പിരിച്വൽ ഡയറക്ടർ ഫാ. ജോൺ പൊരുന്നോലിൽ എന്നിവർ കാർമികത്വം വഹിക്കും. തീർഥാടകർക്കായി ഇടമറ്റത്ത് ഉച്ചഭക്ഷണവും ഭരണങ്ങാനത്തുനിന്നു തിരികെ എത്തുന്നതിനുള്ള യാത്രാ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
കൈക്കാരന്മാർ, പാരിഷ് കൗൺസിൽ അംഗങ്ങൾ, കുടുംബ കൂട്ടായ്മ ലീഡേഴ്സ്, മതാധ്യാപകർ, മിഷൻലീഗ് എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പദയാത്രയ്ക്കു നേതൃത്വം നൽകും.