മകനെ ആസ്പത്രിയില്‍ കൊണ്ടുപോകാന്‍ വിളിച്ചിട്ടും വാഹനങ്ങള്‍ വന്നില്ല; എരുമേലിയിൽ യുവാവ് റോഡ് ഉപരോധിച്ചു
എരുമേലി: മകനെ ആസ്പത്രിയില്‍ കൊണ്ടുപോകാന്‍ മണിക്കൂറുകള്‍ കാത്തുനില്ക്കേണ്ടിവന്ന യുവാവ് റോഡ് ഉപരോധിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് എരുമേലി ടൗണില്‍ വാഴക്കാലാ ജങ്ഷനിലാണ് സംഭവം.
വാഴക്കാലാ സ്വദേശിയായ യുവാവ് മകനെ ആസ്പത്രിയില്‍ എത്തിക്കുന്നതിനായി ഓട്ടോ വിളിക്കുന്നതിന് സ്റ്റാന്‍ഡില്‍ എത്തിയെങ്കിലും വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന റോഡില്‍ ഓട്ടം വരാന്‍ മിക്ക ഡ്രൈവര്‍മാരും മടിച്ചു. ഏറെനേരം കാത്തുനിന്നശേഷം ഉച്ചയോടെ ആസ്പത്രിയില്‍ പോയി മടങ്ങിയെത്തിയ യുവാവ് ടി.ബി.റോഡിലെ വാഴക്കാലാ ജങ്ഷനില്‍ റോഡ് ഉപരോധിച്ചു.
റോഡില്‍ കല്ലുകള്‍നിരത്തി ഗതാഗതം തടസ്സപ്പെടുത്തിയതോടെ നാട്ടുകാരും കൂടി. വര്‍ഷങ്ങളായി റോഡ് ഗതാഗത യോഗ്യമാക്കാന്‍ നടപടി സ്വീകരിക്കാത്ത വാര്ഡംഗത്തിനെതിരെയും പഞ്ചായത്ത് അധികൃതര്‍ക്കെതിരെയും ശകാരവര്‍ഷം മുഴക്കിയ യുവാവിനൊപ്പം കൂടിയ നാട്ടുകാരുടെ വാക്കുകളിലും റോഡ് ഗതാഗതയോഗ്യമാക്കാത്തതിലുള്ള അമര്‍ഷം നിറഞ്ഞുനിന്നിരുന്നു.
തകര്‍ന്ന റോഡിലൂടെ വാഹനങ്ങള്‍ ഓടിക്കേണ്ടി വരുന്നതിലും സുരക്ഷിതത്വം വഴി തടയുന്നതാണെന്ന അഭിപ്രായമായിരുന്നു നാട്ടുകാര്‍ക്കും. സംഭവമറിഞ്ഞെത്തിയ പോലീസ് യുവാവിനെ കസ്റ്റഡിയില്‍ എടുത്തു.