മകരവിളക്കിന് ഒരാഴ്ച; തിരക്കേറി കാനനപാത

എരുമേലി∙ മകരവിളക്കിന് ഒരാഴ്ച മാത്രം ശേഷിക്കെ ശബരിമല തീർഥാടകരുടെ പരമ്പരാഗത കാനനപാതയിൽ വൻതിരക്ക്. മുൻവർഷങ്ങളെ അപേക്ഷിച്ച് നടന്നു പോകുന്ന തീർഥാടകരുടെ എണ്ണത്തിൽ വൻ വർധനയാണ് ഇത്തവണ കാണുന്നത്.

തമിഴ്നാട്, കർണാടകം, ആന്ധ്ര, തെലങ്കാന തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പൊതുവേ ഇത്തവണ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള കെടുതികൾ കുറവായത് ശബരിമല തീർഥാടകരുടെ എണ്ണത്തിൽ വൻ വർധനയ്ക്ക് ഇടയാക്കിയെന്നാണു സൂചന.ഇതിന്റെ പ്രതിഫലനമാണ് കാനനപാതയിലും കാണുന്നത്.

എരുമേലിയിൽനിന്ന് ആരംഭിച്ച് പേരൂർത്തോട്, ഇരുമ്പൂന്നിക്കര, കോയിക്കക്കാവ്, കാളകെട്ടി, അഴുത, കല്ലിടാംകുന്ന്, കരിമല, വലിയാനവട്ടം വഴിയാണ് പരമ്പരാഗത പാത കടന്നു പോവുന്നത്. എരുമേലി നിന്ന് 38 കിലോമീറ്ററാണ് ദൂരം.

കാനനപാതയിൽ തിരക്കേറിയതോടെ കച്ചവടക്കാർക്കും നേട്ടമായി. പേരൂർത്തോട്ടിൽ മലർപ്പൊടി വിൽപന നടത്തുന്ന സംഘങ്ങളെ കാണാം. മലർ പേരൂർത്തോട്ടിൽ വിതറിയ ശേഷമാണ് തീർഥാടകർ യാത്ര തുടരുന്നത്. അയ്യപ്പഭഗവാൻ പേരൂർത്തോട്ടിൽ മൽസ്യങ്ങൾക്ക് ഭക്ഷിക്കാൻ മലർ കൊടുത്തെന്നാണ് വിശ്വാസം.

തീർഥാടകരുടെ സുരക്ഷയ്ക്കായി വനംവകുപ്പിന് കീഴിൽ വനസംരക്ഷണസമിതിയും ഇക്കോ ഡവലപ്മെന്റ് സൊസൈറ്റിയും പ്രവർത്തിക്കുന്നുണ്ട്. ഇവർക്കാണ് കാനനപാതയിൽ കച്ചവടത്തിന് അനുമതി ലഭിച്ചിരിക്കുന്നത്. പാതയിൽ പ്ലാസ്റ്റിക്കിന് കർശന വിലക്കുണ്ട്.