മകരവിളക്ക്: പുതിയകാവ് ക്ഷേത്രത്തിലും മണക്കാട് ശ്രീഭദ്ര ക്ഷേത്രത്തിലും ഒരുക്കങ്ങൾ പുരോഗമിക്കുന്നു

പൊൻകുന്നം∙ പുതിയകാവ് ദേവീക്ഷേത്രത്തിലും മണക്കാട് ശ്രീഭദ്ര ക്ഷേത്രത്തിലും ശബരിമല തീർഥാടകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക്. എല്ലാവർഷവും ആയിരക്കണക്കിനു തീർഥാടകർക്ക് ആതിഥേയത്വം നൽകുന്ന മേഖലയിലെ രണ്ട് പ്രധാന ഇടത്താവളങ്ങളാണ് എൻഎസ്എസിന്റെ പുതിയകാവ് ക്ഷേത്രവും കെവിഎംഎസിന്റെ മണക്കാട് ക്ഷേത്രവും.

∙ പുതിയകാവ് ദേവീക്ഷേത്രം ദേശീയപാതയിൽ പൊൻകുന്നം ബസ് സ്റ്റാൻഡിനോടു ചേർന്നു പുതിയകാവ് ദേവീക്ഷേത്രം സ്ഥിതിചെയ്യുന്നു. മേഖലയിൽ തിരക്കേറെയുള്ള ഇടത്താവളമാണിവിടം. പൊൻകുന്നം എൻഎസ്എസ് യൂണിയന്റെ ക്ഷേത്രമാണിത്. ഒരേസമയം ആയിരംപേർക്കുവരെ വിരിവച്ചു വിശ്രമിക്കാൻ നടപ്പന്തലിൽ സൗകര്യമുണ്ട്. 10 ശുചിമുറികളും കുളിക്കാനുള്ള സൗകര്യവും ലഭ്യമാണ്. ധനുമാസം ഒന്നു മുതൽ അന്നദാനം ആരംഭിക്കും. ദേവസ്വം ഓഫിസിൽനിന്നു തിർഥാടകർക്കു വേണ്ട ഇൻഫർമേഷനുകൾ ലഭ്യമാണെന്നു ദേവസ്വം പ്രസിഡന്റ് ആർ.സുകുമാരൻ നായർ, സെക്രട്ടറി കെ.ആർ.രവീന്ദ്രനാഥ് എന്നിവർ പറഞ്ഞു.

∙ മണക്കാട് ശ്രീഭദ്രാക്ഷേത്രം തീർഥാടന പാതയായ പൊൻകുന്നം-എരുമേലി പാതയിൽ മൂന്നുകിലോമീറ്റർ ദൂരത്തിലാണു മണക്കാട് ക്ഷേത്രം. തീർഥാടകർക്കു മണക്കാട് ക്ഷേത്രത്തിൽ ഭക്ഷണം പാകം ചെയ്തു കഴിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിനു പുറത്തും അകത്തുമായി 1300 ചതുരശ്ര അടി വിസ്തൃതിയിൽ വിശ്രമകേന്ദ്രം സജ്ജമാണ്. ആവശ്യക്കാർക്കു കുറഞ്ഞ വാടകയിൽ മുറികളും ലഭ്യമാണ്. 16 മുതൽ രാവിലെ ഒൻപതു മുതൽ വൈകിട്ട് മൂന്നുവരെ അന്നദാനം ഉണ്ടായിരിക്കും.

ഒൻപതു ശുചിമുറികളും ക്ഷേത്രത്തിനു മുൻപിലെ തടയണ വൃത്തിയാക്കി കുളിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞതവണ കർണാടക ദേവസ്വത്തിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇൻഫർമേഷൻ കൗണ്ടർ ഇവിടെ പ്രവർത്തിച്ചിരുന്നത് ഇത്തവണയും ഉണ്ടാകും. എല്ലാവർഷവും ദിവസേന ആയിരത്തോളം പേർ ക്ഷേത്രത്തിലെ അന്നദാനത്തിൽ പങ്കുചേരുന്നുണ്ടെന്നു ദേവസ്വം പ്രസിഡന്റ് ഡോ.സി.പി.എസ്.പിള്ള, സെക്രട്ടറി സി.എസ്.മുരളീധരൻ പിള്ള എന്നിവർ പറഞ്ഞു.