മകളുടെ മരണത്തിന് ആറു മാസങ്ങള്‍ക്കുശേഷം കാണാതായ ആന്തരികാവയവങ്ങള്‍ തിരിച്ചു കിട്ടി

gur kiran kaul1ലണ്ടന്‍: ആറുമാസമായി കരച്ചിലില്‍ മൂടിക്കിടക്കുന്ന ബര്‍മിങ്ഹാമിലെ ആ വീട്ടിലേക്ക് ഒടുവില്‍ ആ പാഴ്സലെത്തി. ഒരു കൊച്ചുപെണ്‍കുട്ടിയുടെ ആന്തരികാവയവങ്ങള്‍ അടങ്ങിയ പാഴ്സല്‍. അതില്‍, അവളുടെ ഹൃദയവും ശ്വാസകോശവും തലച്ചോറുമായിരുന്നു. വിറയ്ക്കുന്ന കൈകളോടെ, ആറു മാസത്തെ കാത്തിരിപ്പിനൊടുവില്‍ അവളുടെ പിതാവ് സന്തോഖ് സിങ് ലോയലും മാതാവ് അമൃത് കൌറും അതേറ്റു വാങ്ങി.

സമാനതകളില്ലാത്ത വേദനകളാണ് കഴിഞ്ഞ ആറു മാസമായി അവര്‍ അനുഭവിക്കുന്നത്. പ്രിയപ്പെട്ട മകള്‍ എട്ടു വയസ്സുകാരി ഗുര്‍ കിരണ്‍ കൌള്‍ കഴിഞ്ഞ ഏപ്രിലില്‍ ഇന്ത്യയിലെ ഒരാശുപത്രിയില്‍ വെച്ച് മരിച്ചു. നിര്‍ജലീകരണം കാരണം പഞ്ചാബിലെ ഒരാശുപത്രിയില്‍ പ്രവേശിപ്പിച്ച ഗുര്‍കിരണ്‍ ദുരൂഹ സാഹചര്യത്തിലാണ് മരിച്ചത്. മരണശേഷം കുട്ടിയുടെ മൃതദേഹം ബ്രിട്ടനിലെ വീട്ടിലെത്തി. എന്നാല്‍, അതില്‍ കുറേയേറെ ആന്തരികാവയങ്ങള്‍ ഉണ്ടായിരുന്നില്ല. ആന്തരികാവയവങ്ങളില്ലാതെ അവിടെ പോസ്റ്റ് മോര്‍ട്ടം ചെയ്യാനാവില്ല. പോസ്റ്റ്മോര്‍ട്ടം നടത്താതെ പ്രിയപ്പെട്ട മകളുടെ സംസ്കാരം നടത്താനുമാവില്ല. കാണാതായ അവയവങ്ങള്‍ തിരിച്ചെത്തിക്കാന്‍ നടത്തിയ നിരന്തര നിയമ^നയതന്ത്ര പോരാട്ടത്തിന് ഒടുവിലാണ് കഴിഞ്ഞ ദിവസം ആന്തരികാവയങ്ങള്‍ അവരുടെ വീട്ടിലെത്തിയത്.

തീരാത്ത ദുരൂഹതകള്‍

പഞ്ചാബില്‍നിന്ന് ബ്രിട്ടനിലേക്ക് കുടിയേറിയ ദമ്പതികളുടെ മകളാണ് ഗുര്‍ കിരണ്‍. അവളുടെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമായിരുന്നു അത്. അവിടെയത്തിയ അവള്‍ക്ക് 11 ദിവസത്തോളം സുഖമില്ലാതായി. ശരീരത്തില്‍ കാര്യമായ ജലനഷ്ടം വന്നതിനെ തുടര്‍ന്ന് പട്യാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്ന ഉടനെ ഒരു ഇഞ്ചക്ഷന്‍ നല്‍കി. പെട്ടെന്നു തന്നെ കുട്ടി കുഴഞ്ഞു വീണു. സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചു. മരുന്നു മാറിയാണ് കുട്ടി മരിച്ചതെന്ന് മാതാപിതാക്കള്‍ പരാതി നല്‍കി. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും മാതാപിതാക്കള്‍ പരാതി നല്‍കി.

പോസ്റ്റ് മോര്‍ട്ടം ബ്രിട്ടനില്‍ നടത്തണമെന്ന് മാതാപിതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും ഇവിടെ നടത്താതെ മൃതദേഹം ബ്രിട്ടനിലേക്ക് അയക്കാന്‍ പറ്റില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. എങ്കില്‍, പോസ്റ്റ് മോര്‍ട്ടം പ്രാദേശിക ആശുപത്രിയില്‍ പ്രാകൃതമായി നടത്തരുതെന്നും സൌകര്യങ്ങളുള്ള ഒരിടത്ത് നടത്തണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. അധികൃതര്‍ അക്കാര്യം ഉറപ്പു നല്‍കിയെങ്കിലും ജില്ലാ ആശുപത്രിയിലായിരുന്നു പോസ്റ്റ് മോര്‍ട്ടം. പ്രാകൃതമായി ഒരു ജൂനിയര്‍ ഡോക്ടറാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയെന്നും കുട്ടിയുടെ രക്തം പുരണ്ട വസ്ത്രങ്ങളും മെഡിക്കല്‍ രേഖകളുമെല്ലാം കാണാതായതായും അന്നേ മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു.

കുട്ടിയുടെ മസ്തിഷ്കത്തില്‍ അണുബാധയുള്ളതായായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തില്‍ ദുരൂഹതയില്ലെന്നായിരുന്നു ഇക്കാര്യം അന്വേഷിച്ച പഞ്ചാബ് പൊലീസിന്റെ റിപ്പോര്‍ട്ട്. എന്നാല്‍, അന്വേഷണം പ്രഹസനമായിരുന്നെന്നും തങ്ങള്‍ക്ക് അതിന്റെ രേഖകള്‍ ഒന്നും ലഭിച്ചില്ലെന്നും മാതാപിതാക്കള്‍ പരാതിപ്പെട്ടു.

ആന്തരികാവയവങ്ങള്‍ക്കായി കാത്തിരിപ്പ്

തുടര്‍ന്ന്, എങ്ങിനെയോക്കെയോ അനുമതി സമ്പാദിച്ച് കുട്ടിയുടെ മൃതദേഹം ബ്രിട്ടനിലെത്തിച്ചു. പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ അവിടെയുള്ള ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ആന്തരികാവയവങ്ങള്‍ നഷ്ടപ്പെട്ടതായി അറിഞ്ഞത്. മുഴുവന്‍ അവയവങ്ങളുമില്ലാതെ പോസ്റ്റ് മോര്‍ട്ടം നടത്താന്‍ കഴിയില്ലെന്നായിരുന്നു ഡോക്ടര്‍മാരുടെ നിലപാട്. കേസ് തേച്ചുമായ്ച്ചു കളയാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്നു വിശ്വസിക്കുന്ന മാതാപിതാക്കള്‍ പിന്നീട് ആന്തരികാവയവങ്ങള്‍ തിരിച്ചു കിട്ടാന്‍ ശ്രമം തുടങ്ങി. അവ കാണാനില്ലെന്നായിരുന്നു ആദ്യം കിട്ടിയ മറുപടി.

ബ്രിട്ടനിലെ വിവിധ സംഘടനകള്‍ ഇതിനെതിരെ രംഗത്തു വന്നതോടെ സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുകളുണ്ടയി. തുടര്‍ന്നാണ് ആന്തരികാവയവങ്ങള്‍ അയക്കാമെന്ന് അധികൃതര്‍ സമ്മതിച്ചത്. ഇതിനിടെ, പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് ഫേസ്ബുക്കില്‍ പ്രത്യേക പേജ് ആരംഭിച്ച് പ്രചാരണം തുടങ്ങി. ബ്രിട്ടീഷ് നയതന്ത്ര കാര്യാലയം വഴി നടത്തിയ ശ്രമങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ ആന്തരികാവയവങ്ങള്‍ തിരിച്ചു കിട്ടിയത്.

തങ്ങള്‍ക്ക് ലഭിച്ചത് മകളുടെ ആന്തികാവയവങ്ങള്‍ തന്നെയാണോ എന്നുറപ്പു വരുത്താന്‍ ഡി.എന്‍.എ പരിശോധന നടത്തണമെന്ന് മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. പോസ്റ്റു മോര്‍ട്ടം പരിശോധനയ്ക്കു ശേഷം മതാചാര പ്രകാരം സംസ്കാര ചടങ്ങുകള്‍ നടത്താനാണ് ബന്ധുക്കളുടെ ശ്രമം