മഞ്ജുവാര്യര്‍ രണ്ടാംജന്മത്തിന് – പതിനാലു വർഷത്തിനു ശേഷം രണ്ടാം വരവിലെ പരസ്യ ചിത്രീകരണം തുടങ്ങി

manju varrier in advt
മുംബൈ ഗോരേഗാവില്‍ ഫിലിംസിറ്റിയുടെ ഒന്നാംനമ്പര്‍ ഫ്ലോറില്‍ പരസ്യചിത്രതാരമായി മലയാളിയുടെ ഇഷ്ടനായിക. അതിനെ സമ്മോഹനമാക്കാന്‍ സാക്ഷാല്‍ ബച്ചന്റെ സാന്നിധ്യവും.

വി.എ. ശ്രീകുമാര്‍ എന്ന സംവിധായകന്റെ ക്യാമറയ്ക്കുമുന്നിലേക്ക് കടന്നുവന്ന മഞ്ജുവാര്യര്‍ ആദ്യഷോട്ടില്‍ അമിതാഭ് ബച്ചന്റെ കൈകളില്‍ മുറുകെ പിടിച്ചു.

പതിനാലുവര്‍ഷംമുമ്പ് ‘പത്രം’ എന്ന സിനിമയോടെ അവസാനിപ്പിച്ച അഭിനയജീവിതത്തിന്റെ വീണ്ടെടുപ്പില്‍ മഞ്ജുവിന്റെ കഥാപാത്രം നാലുഭാഷകളിലെ നായികയായി. പ്രഭു, നാഗാര്‍ജുന, ശിവരാജ്കുമാര്‍ എന്നിവരായിരുന്നു മറ്റ് തെന്നിന്ത്യന്‍ഭാഷകളില്‍ മഞ്ജുവിനൊപ്പം അഭിനയിച്ചത്.

manju 2

തിങ്കളാഴ്ച രാവിലെ 6.30ന് തന്നെ മഞ്ജു സെറ്റിലെത്തി. ബോളിവുഡ് താരറാണിമാരുടെ ചമയക്കാരന്‍ മിക്കി കോണ്‍ട്രാക്ടര്‍ കല്യാണ്‍ജ്വല്ലേഴ്‌സിന്റെ പരസ്യചിത്രത്തിനായി മഞ്ജുവിനെ അണിയിച്ചൊരുക്കി. ഒമ്പതോടെ മറ്റ് ഭാഷകളിലെ നായകന്മാര്‍ ഓരോരുത്തരായി വന്നു. പത്തുമണിയോടെ ബച്ചനും. അദ്ദേഹത്തിന്റെ കാല്‍ക്കല്‍ തൊട്ട് അനുഗ്രഹംവാങ്ങിയാണ് മഞ്ജു ആദ്യഷോട്ടിന് തയ്യാറായത്. ബച്ചനും മഞ്ജുവും ഒരുമിച്ച് ടി.വി. കാണുന്നതും മഞ്ജു പേടിച്ച് ബച്ചന്റെ കൈകളില്‍ മുറുകെ പിടിക്കുന്നതുമാണ് ആദ്യം ചിത്രീകരിച്ചത്. 10.40ന് മഞ്ജുവാര്യരുടെ മുഖത്ത് വീണ്ടും വെള്ളിവെളിച്ചം വീണു.

ഇന്നലെ നിര്‍ത്തിയിടത്തുനിന്ന് തുടങ്ങുന്നപോലെ അനായാസമായിട്ടായിരുന്നു മഞ്ജുവിന്റെ പ്രകടനം. ജയന്റ് വീലിലെയും കോഫിഷോപ്പിലെയും രംഗങ്ങളില്‍ മഞ്ജുവെന്ന അഭിനയപ്രതിഭയെ വീണ്ടും കണ്ടു. കാത്തുനിന്ന മാധ്യമപ്പടയോട് ആദ്യഷോട്ടിനു ശേഷം ചുരുങ്ങിയവാക്കുകളില്‍ മഞ്ജു സംസാരിച്ചു. ഇന്ത്യയുടെ സ്വകാര്യഅഹങ്കാരമായ അമിതാഭ് ബച്ചനൊപ്പം അഭിനയിക്കാനായതിന്റെ സന്തോഷമായിരുന്നു വാക്കുകളില്‍.

വിവിധഭാഷകളിലെ നായകന്മാര്‍ക്കൊപ്പമുള്ള ഷോട്ടുകളും ഇതിനൊപ്പം ചിത്രീകരിച്ചു. മലയാളത്തിലെയും മറ്റ് ഭാഷകളിലെയും കഥയ്ക്ക് നേരിയ വ്യത്യാസമുണ്ട്. ഇതരഭാഷകളില്‍ മഞ്ജുവിന്റെ ഭര്‍ത്താവിന്റെ വേഷമായിരുന്നു അതാതിടത്തെ സൂപ്പര്‍താരങ്ങള്‍ക്ക്. മലയാളത്തില്‍ മഞ്ജുവിനൊപ്പം ഈ വേഷത്തില്‍ അഭിനയിച്ചത് സുനില്‍ശര്‍മ എന്ന പഞ്ചാബി മോഡലാണ്. കെ.യു മോഹനനാണ് ദൃശ്യങ്ങള്‍ ക്യാമറയില്‍ ഒപ്പിയെടുത്തത്.