മണങ്ങല്ലൂരിൽ ശുദ്ധജലക്ഷാമം

മണങ്ങല്ലൂർ∙ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിൽപ്പെട്ട കൂവപ്പള്ളി മണങ്ങല്ലൂരിൽ കുടിവെള്ളക്ഷാമം രൂക്ഷം, പൈപ്പിന്റെ അറ്റകുറ്റപ്പണികൾ തീർക്കുവാൻ ഹർജി, നാട്ടുകാർ സമരത്തിന് ഒരുങ്ങുന്നു. പ്രദേശത്ത് ജലക്ഷാമം രൂക്ഷമാണ്.

പാറത്തോട് പഞ്ചായത്ത് വക വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പദ്ധതിയിൽ നിന്നാണ് വെള്ളം എത്തിക്കുന്നത്. മാസങ്ങളായി പൈപ്പുകൾ പൊട്ടി വെള്ളം പാഴാവുകയാണ്. ഇതിൽ പ്രതിഷേധിച്ച് മുണ്ടക്കയം വാട്ടർ അതോറിറ്റി ഓഫിസിനു മുൻപിൽ സമരം നടത്തുവാൻ ഒരുങ്ങുകയാണ് നാട്ടുകാർ.

മുൻപ് നാട്ടുകാർ നൽകിയ പരാതിയെത്തുടർന്ന് ആഴ്ച്ചയിൽ മൂന്നുദിവസം വെള്ളം എത്തിച്ചുകൊള്ളാമെന്ന് വാട്ടർ അതോറിറ്റി അധികൃതർ കോടതിയെ അറിയിച്ചിരുന്നു. ഇത് നടപ്പാക്കണമെന്നാവശ്യപ്പെട്ട് പിയുസിഎൽ ജില്ലാ ജനറൽ സെക്രട്ടറി എച്ച്. അബ്ദുൽ അസീസ് ലീഗൽ സർവീസസ് കോടതിയിൽ വീണ്ടും ഹർജി ഫയൽചെയ്തു. ഹർജി ഫയലിൽ സ്വീകരിച്ച് എതിർകക്ഷികളായ വാട്ടർ അതോറിറ്റി അധികൃതരോട് ഫെബ്രുവരി മൂന്നിന് ലീഗൽ സർവീസസ് കോടതിയിൽ ഹാജരാകുവാൻ അദാലത്ത് കമ്മിറ്റി ചെയർമാൻ ഉത്തരവിട്ടു.