മണങ്ങല്ലൂര്‍ – കൂവപ്പള്ളി കുടിവെള്ള പദ്ധതി പൂര്‍ത്തീകരിക്കാന്‍ ഉത്തരവ്

കൂവപ്പള്ളി: ആറിലേറെ കോളനികള്‍ക്കായുള്ള മണങ്ങല്ലൂര്‍ – കൂവപ്പള്ളി കുടിവെള്ള പദ്ധതി പൂര്‍ത്തീകരിക്കാന്‍ ത്രിതല പഞ്ചായത്തുകളോട് ലോകായുക്ത് കോടതിയുടെ ഉത്തരവ്. ആലംപരപ്പ്, വേട്ടോന്‍കുന്ന്, ലക്ഷംവീട്, നെടുമല, കടമാന്‍കുഴി എന്നീ കോളനികളിലെ ജലക്ഷാമം പരിഹരിക്കുന്നതിനുവേണ്ടി പ്രദേശത്തെ അഞ്ഞൂറോളം കുടുംബങ്ങള്‍ക്ക് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ ആരംഭിച്ച പദ്ധതിയാണ് മണങ്ങല്ലൂര്‍ – കൂവപ്പള്ളി കുടിവെള്ള പദ്ധതി. കിണര്‍, ടാങ്ക് എന്നിവ നിര്‍മിച്ചും ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ച് ത്രീഫേസ് ലൈന്‍ വലിച്ചും ത്രിതല പഞ്ചായത്തുകള്‍ ഉപഭോക്തൃവിഹിതം ഉള്‍പ്പെടെ പദ്ധതിക്കായി 30 ലക്ഷം രൂപ ചെലവഴിക്കുകയും ചെയ്തിരുന്നു. മോട്ടോറും വിതരണ പൈപ്പും സ്ഥാപിച്ചാല്‍ പദ്ധതി കമ്മീഷന്‍ ചെയ്യാന്‍ കഴിയും.

പദ്ധതി നടപ്പിലാക്കാത്തതിനെതിരേ പിയുസിഎല്‍ ജില്ലാ ജനറല്‍ സെക്രട്ടറി എച്ച്. അബ്ദുള്‍ അസീസാണ് ലോകായുക്തില്‍ ഹര്‍ജി നല്‍കിയത്. ജനങ്ങളുടെ കുടിവെള്ള പ്രശ്നത്തില്‍ സര്‍ക്കാരും ത്രിതല പഞ്ചായത്തുകളിലെ ഉദ്യോഗസ്ഥരും കാണിക്കുന്ന ഉദാസീനതയെ കോടതി വിമര്‍ശിച്ചു. പദ്ധതി സംബന്ധിച്ച് എന്തു നടപടികള്‍ സ്വീകരിച്ചു എന്ന് വിശദമാക്കാന്‍ സെപ്റ്റംബര്‍ 30ന് കോടതിയില്‍ ഹാജരാകുവാന്‍ ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കി. കഴിഞ്ഞ ദിവസം നടന്ന സിറ്റിംഗില്‍ അഡ്വ. എം.ഒ. മത്തായി മുരുയങ്കരി, സര്‍ക്കാരിനുവേണ്ടി പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. എന്‍. അനില്‍കുമാര്‍, വാട്ടര്‍ അഥോറിറ്റിക്കുവേണ്ടി അഡ്വ. ഗ്രേസി ജോണ്‍ എന്നിവര്‍ ഹാജരായി.

1-web-koovappally-lokayuktha-order