മണിമലയാറിനു പുതുജീവനേകാൻ ജനകീയ പദ്ധതിക്കു തുടക്കം

കാഞ്ഞിരപ്പള്ളി∙ മണിമലയാറിനെയും ആറ്റുതീരത്തെ സംസ്‌കാരങ്ങളെയും സംരക്ഷിക്കുന്നതിനുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ ജനകീയ പദ്ധതിക്കു തുടക്കമായി. ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലൂടെ ഒഴുകുന്ന മണിമലയാറിനെ വീണ്ടെടുക്കലാണു ലക്ഷ്യം. സന്നദ്ധ പ്രവർത്തകർ, വിദ്യാർഥികൾ, സർക്കാർ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്തിൽ പുഴ കടന്നുപോകുന്ന പ്രദേശങ്ങളിലെല്ലാം ജനകീയ കൂട്ടായ്മകൾ രൂപീകരിച്ച് പുഴയെ വീണ്ടെടുക്കാനാണ് ശ്രമം.

മണർകാട് സെന്റ് മേരീസ് കോളജ് പ്രിൻസിപ്പൽ ഡോ. പുന്നൻ കുര്യന്റെയും എൻ.ജയരാജ് എംഎൽഎയുടെയും പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം എസ്.വി.സുബിന്റെയും നേതൃത്വത്തിൽ നടത്തിയ പുഴ പഠനയാത്ര രാവിലെ ആനക്കല്ലിൽ ചിറ്റാർ പുഴയിൽനിന്നാണു തുടങ്ങിയത്.

എട്ടിടങ്ങളിൽ അടിയന്തര ശ്രദ്ധവേണ്ടതായി കണ്ടെത്തി. പുല്ലാട്ട് പാലത്തിൽ പ്രളയത്തിൽ കടപുഴകിയ മരം മുറിച്ചു മാറ്റണം. ആനക്കൽ ജംക്‌ഷനിൽ ഓടകൾ മൂടിപ്പോയി. കോഴയാനി തോട്ടിൽ അറവുമാലിന്യം തള്ളുന്നതാണു പ്രധാന പ്രശ്നം. മണ്ണാർകയം, അഞ്ചിലിപ്പ ഭാഗത്തെ ടൂറിസം സാധ്യതകൾ പഠനസംഘം വിലയിരുത്തി.