മണിമലയാറ്റില്‍ ആരകന്‍ വിഭാഗത്തിലെ പുതിയ മത്സ്യം

new-fish-in-manimala-web

ചേനപ്പാടി: മണിമലയാറ്റില്‍നിന്ന് ആരകന്‍ വിഭാഗത്തിലെ പുതിയ മത്സ്യത്തെ കണ്ടെത്തി. മണിമല നദിയുടെ ചേനപ്പാടി ഭാഗത്തുകണ്ട മത്സ്യം മാക്രോഗ്നാത്സ് ആല്‍ബസ് എന്ന ശാസ്ത്രനാമത്തിലാണ് അറിയപ്പെടുന്നത്.

മാവേലിക്കര സ്വദേശിയും കൊല്ലം ചവറ ഗവ. കോളേജിലെ സുവോളജി വിഭാഗം അസി. പ്രൊഫസറുമായ മാത്യൂസ് പ്ലാമൂട്ടിലാണ് ഈ മത്സ്യത്തെ കണ്ടെത്തി ഗവേഷണം നടത്തിയത്. ഇന്റര്‍നാഷണല്‍ പ്യുവര്‍ ആന്‍ഡ് അപ്ലൈഡ് സുവോളജി എന്ന അന്തര്‍ദേശീയ ജേണലിന്റെ പുതിയ ലക്കത്തില്‍ ഈ മത്സ്യത്തെ സംബന്ധിക്കുന്ന ലേഖനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

17 മുതല്‍ 21 സെന്റീമീറ്റര്‍ വരെ നീളമുള്ള മാക്രോഗ്നാത്സ് ആല്‍ബസിന് മങ്ങിയ വെള്ളനിറമാണ്. വെള്ളനിറമുള്ളത് എന്ന അര്‍ഥം വരുന്ന ആല്‍ബസ് എന്ന ലത്തീന്‍ പദത്തില്‍നിന്നാണ് സ്പീഷീസ് നാമം രൂപപ്പെട്ടത്. ഇവയുടെ പാര്‍ശ്വങ്ങളില്‍ വരയോ പുള്ളിയോ ഇല്ല. കനം കുറഞ്ഞതും വീതിയുള്ളതുമായ ശരീരത്തില്‍ മുതുകിലായി 26 മുതല്‍ 30വരെ മുള്ളുകളുണ്ട്. സാധാരണ ആരകന്‍ മത്സ്യത്തേക്കാള്‍ വളരെ പിറകിലായാണ് മാക്രോഗ്നാത്സ് ആല്‍ബസിന്റെ മുള്ളുകള്‍.

ആഴംകുറഞ്ഞതും ഒഴുക്കുള്ളതും പാറക്കെട്ടുകള്‍ നിറഞ്ഞതുമായ പ്രദേശങ്ങളില്‍ കാണുന്ന ഇവ ഭക്ഷ്യയോഗ്യമാണ്. മാക്രോഗ്നാത്സ് ആല്‍ബസിനെ കൂടാതെ നാല് ആരകന്‍ മത്സ്യങ്ങളെ കൂടി കേരളത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വയനാട്ടിലെ മസ്റ്റാസെബാലസ് മലബാറിക്കസ്, കേരളത്തില്‍ ഉടനീളം കാണുന്ന മസ്റ്റാസെബാലസ് അര്‍മേറ്റസ്, തൃശൂരില്‍ കണ്ടെത്തിയ മാക്രോഗ്നാത്തസ് ഗുന്തരി, പത്തനംതിട്ട ജില്ലയില്‍ കാണുന്ന മാക്രോഗ്നാത്തസ് ഭാസിയേറ്റ്സ് എന്നിവയാണ് മറ്റ് നാലിനങ്ങള്‍. കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ പ്രൊഫ. നെല്‍സണ്‍ പി എബ്രഹാമിന്റെ മേല്‍നോട്ടത്തിലായിരുന്നു ഗവേഷണം.