മണിമലയില്‍ അമ്പലപ്പുഴ സംഘം ഇന്നെത്തും

മണിമല: അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘത്തിന്റെ രഥഘോഷയാത്ര ഇന്ന് വൈകുന്നേരം ആറിന് മണിമലക്കാവ് ശ്രീഭഗവതി ക്ഷേത്രത്തില്‍ എത്തും.

അമ്പലപ്പുഴ ശ്രീകൃഷ്ണ ഭഗവാന്റെ സ്വര്‍ണത്തിടമ്പേറ്റിയ രഥഘോഷയാത്രക്ക് അമ്പലപ്പുഴ സമൂഹ പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍നായര്‍, അയ്യപ്പഭക്ത സംഘം പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയവര്‍ നേതൃത്വം നല്‍കും. സംഘം അമ്പതോളം ക്ഷേത്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയാണ് ക്ഷേത്രത്തില്‍ എത്തുന്നത്. നാനൂറോളം അംഗങ്ങള്‍ സംഘത്തിലുണ്ട്.

നാളെ രാവിലെ മണിമലക്കാവില്‍ കൂവളത്തറ ശാസ്താവിന്റെ സന്നിധിയില്‍ പടുക്കവയ്ക്കല്‍ ചടങ്ങോടെ ആഴീപൂജ ചടങ്ങുകള്‍ക്ക് തുടക്കംകുറിക്കും. 1200ല്‍പരം വര്‍ഷം പഴക്കമുള്ള മണിമലക്കാവില്‍ നൂറ്റാണ്ടുകളായി നടത്തിവരുന്ന അമ്പലപ്പുഴ സംഘത്തിന്റെ ആഴീപൂജയും സര്‍വ പ്രായശ്ചിത്തവും മറ്റു പരമ്പരാഗത ചടങ്ങളും ഇന്ന് ദേശീയ ഉത്സവത്തിന്റെയും മത മൈത്രിയുടെയും പ്രതീകമായി കണ്ട് രഥഘോഷയാത്രക്ക് ഭക്തജനങ്ങളും ക്ഷേത്ര ഭാരവാഹികളും ചേര്‍ന്ന് സ്വീകരണം നല്‍കും.

നാളെ വൈകുന്നേരം ആറിന് ദീപാരാധന, ഭജന എന്നിവയ്ക്കു ശേഷം സര്‍വപ്രായശ്ചിത്തം നടത്തിയശേഷം ഒമ്പതോടെ ഭക്തിനിര്‍ഭരമായ ആഴീപൂജ തുടങ്ങും. പഴയ ഭാഷാ രീതിയിലുള്ള ശാസ്താംപാട്ടിലെ കീര്‍ത്തനങ്ങള്‍ പാടിയാണ് അയ്യപ്പസംഘം ആഴിക്ക് വലം വയ്ക്കുന്നത്. വിവിധ പൂജാദ്രവ്യങ്ങള്‍, ആഴിയില്‍ നിവേദിക്കും. 11ാടെ ആഴീപൂജ സമാപിക്കും. ആഴീപൂജയില്‍ പങ്കെടുക്കുന്ന സ്വാമിമാര്‍ക്കും ചടങ്ങില്‍ പങ്കെടുക്കുന്ന ഭക്തജനങ്ങള്‍ക്കും നിവേദ്യമായി ഭക്ഷ്യവസ്തുക്കള്‍ വിളമ്പും. സംഘം പിറ്റേന്ന് എരുമേലിക്കു തിരിക്കും. 12നാണ് എരുമേലി പേട്ടതുള്ളല്‍.