മണിമലയില്‍ വൈദ്യുതി വിതരണം അവതാളത്തില്‍

മണിമല: മണിമല സെക്ഷന്റെ കീഴില്‍ വൈദ്യുതി മുടക്കം മൂലം ജനം ദുരിതപ്പെടുമ്പോഴും അധികൃതര്‍ അനാസ്ഥ തുടരുന്നു. കൃത്യമായി ടച്ചിംഗ് വെട്ട് നടത്താത്ത താണ് വൈദ്യുതി മുടക്കത്തിനു പ്രധാന കാരണം.

മണിമല ബസ് സ്റ്റാന്റിനുള്ളിലും മുന്‍വശത്തും വന്‍ വൃക്ഷങ്ങള്‍ക്കിടയിലൂടെ കടന്നു പോകുന്ന വൈദ്യുതി ലൈന്‍ കാണാനാകാത്ത സ്ഥിതിയിലാണ്. ഇതുമൂലം മേഖലയില്‍ കാറ്റടിച്ചാല്‍ വൈദ്യുതി നിലയ്ക്കും. ബസ് സ്റ്റാന്‍ഡിനു സമീപത്തുള്ള ചില വ്യാപാര സ്ഥാപനങ്ങളുമായി വേണ്ടത്ര അകലം പാലിക്കാതെയാണ് ലൈന്‍ വലിച്ചിരിക്കുന്നത്. ഇതിന് ക്ലിയറന്‍സ് ഇല്ലെങ്കിലും കണ്ണടയ്ക്കുന്ന ഉദ്യോഗസ്ഥര്‍ വീട് പണിയ്ക്കായി വൈദ്യുതിക്ക് അപേക്ഷ നല്‍കിയപ്പോള്‍ പതിനായിരം രൂപ അടച്ച് സമീപ പുരയിടത്തിലെ പോസ്റ്റ് മാറ്റിയാലേ കണക്ഷന്‍ നല്‍കുകയുള്ളുവെന്ന നിലപാടാണെടുത്തതത്രേ.

മണിമലയിലെ ട്രാന്‍സ്‌ഫോമറുകള്‍ക്ക് സുരക്ഷിതവേലി സ്ഥാപിച്ചിട്ടില്ല. മണിമലയിലെ സ്‌കൂളിനു സമീപത്തുള്ള ട്രാന്‍സ്‌ഫോര്‍മറിനു പോലും സുരക്ഷിത വേലിയൊരുക്കുവാന്‍ അധികൃതര്‍ക്കായിട്ടില്ല. നൂറുകണക്കിന് കുരുന്നുകള്‍ നടന്നു പോകുന്ന വഴിയിലാണ് അപകടക്കെണിയായി ട്രാന്‍സ്‌ഫോര്‍മര്‍. കുട്ടികള്‍ക്ക് തൊടാവുന്ന രീതിയില്‍ താഴ്ന്നാണ് ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥിതി ചെയ്യുന്നത്. സമീപ പ്രദേശങ്ങളിലെല്ലാം ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് സുരക്ഷിത വേലി സ്ഥാപിച്ചെങ്കിലും മണിമലയില്‍ ഇതുമില്ല.

ഒരു പോസ്റ്റില്‍ തന്നെ മൂന്നു വഴി വിളക്കുകള്‍ സ്ഥാപിച്ചതും ഇവിടെയാണ്. മുമ്പ് ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായപ്പോള്‍ മാറ്റുകയായിരുന്നു. മീറ്റര്‍ തകരാര്‍ മൂലം പലര്‍ക്കും അമിത ബില്ലാണ് ലഭിക്കുന്നത്. തകരാറിലായ മീറ്ററുകള്‍ മാറ്റി വയ്ക്കുവാന്‍ യാതൊരു നടപടികളുമില്ല.

മണിമല സബ്‌സ്റ്റേഷന്റെ പണികളും ഇഴയുകയാണ്. ഇതിനായി ലൈന്‍ വലിച്ചെങ്കിലും സബ്‌സ്റ്റേഷ ന്‍ നിര്‍മാണം പാതിവഴിയിലാണ്. ഇതിനൊപ്പം നിര്‍മാണം ആരംഭിച്ച സബ്‌സ്റ്റേഷനുകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. മണിമല സബ്‌സ്റ്റേഷന്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുവാന്‍ സത്വര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൃത്യമായി ടച്ചിംഗ് വെട്ട് നടത്തിയാല്‍ മേഖലയിലെ വൈദ്യുതി തകരാറിനു ഒരു പരിധിവരെ പരിഹാരമാവും