മണിമലയിൽ ഇനി മുതൽ ഡിജിറ്റല്‍ മാപ്പ്

എരുമേലി: മണിമല വില്ലേജില്‍ ഏതെങ്കിലും സ്ഥലമറിയാന്‍ സര്‍വെനമ്പര്‍ പറയേണ്ട താമസമേയുള്ളൂ. അപ്പോള്‍തന്നെ ഓഫീസിലെ ഡിജിറ്റല്‍ മാപ്പില്‍ ഉദ്യോഗസ്ഥര്‍ അത് ചൂണ്ടിക്കാണിച്ചുതരും. സ്ഥലം മാത്രമല്ല സ്ഥാപനങ്ങളായാലും റോഡുകളായാലും പുഴകളായാലും എതാണെന്ന് പറഞ്ഞാല്‍ മാത്രം മതി നിമിഷനേരത്തിനുള്ളില്‍ ഓഫീസിലെ ഭിത്തിയില്‍ അത് വ്യക്തമായി കാണാം.

ഒരു വര്‍ഷം നീണ്ട പരിശ്രമത്തിന്റെ ഫലമായി തയാറാക്കിയ മാപ്പാണ് നൊടിയിട നേരത്തിനുള്ളില്‍ വഴികാട്ടിയാകുന്നത്. എല്ലാ വില്ലേജ് ഓഫീസുകളിലും അതാതു പ്രദേശത്തിന്റെ ഭൂപടമുണ്ട്. എന്നാല്‍ അതിലൊന്നും

മിക്കസ്ഥലങ്ങളുമുണ്ടാവില്ല. മാത്രവുമല്ല സര്‍വെ നമ്പരുകളും സ്ഥാപനങ്ങളും ഭൂഅതിരുകളായ തോടുകളും പുഴകളും റോഡുകളുമൊന്നും കാണാനാവില്ല. ഈ മാപ്പുകള്‍ കാലക്രമേണ നശിച്ചുപോവുകയാണ്. ഈ പരിമിതികള്‍ക്ക് രണ്ട് ജീവനക്കാര്‍ നടത്തിയ പരിശ്രമത്തിനൊടുവില്‍ പരാതികളില്ലാത്തവിധം തയാറാക്കിയതാണ് ഈ പ്രത്യേക ഡിജിറ്റല്‍ മാപ്പ്.

ചിറക്കടവ് സ്‌പെഷല്‍ വില്ലേജ് ഓഫീസര്‍ ഡോ. കെ.ജെ. പിയൂസ്‌കുട്ടിയും വില്ലേജ്മാനും ഇപ്പോള്‍ പഞ്ചായത്ത് യുഡി ക്ലാര്‍ക്കുമായ റോജേഴ്‌സ് തോമസുമാണ് ഡിജിറ്റല്‍ മാപ്പിന് പിന്നില്‍. വില്ലേജിലെ എല്ലാ ലിത്ത് മാപ്പുകളും കംപ്യൂട്ടറില്‍ യോജിപ്പിച്ച് സ്‌കാന്‍ ചെയ്ത് പ്രത്യേകമായി വരച്ച് നാട്ടിലെ എല്ലാ പ്രദേശങ്ങളും നമ്പര്‍ പ്രകാരം ഉള്‍പ്പെടുത്തി പ്രധാന സ്ഥാപനങ്ങളും ആരാധനാലയങ്ങളും സ്‌കൂളുകളും പ്രധാന പാതകളും പഞ്ചായത്ത് റോഡുകളും നദികളും തോടുകളുമെല്ലാം രേഖപ്പെടുത്തിയാണ് മാപ്പ് തയാറാക്കിയത്. ഇത് വ്യക്തമായി കാണാവുന്നവിധം വലിയ പ്രിന്റ് എടുത്ത് വില്ലേജ് ഓഫീസിന്റെ ഭിത്തിയില്‍ ഫ്രയിം ചെയ്ത് വച്ചിരിക്കുകയാണ്. ഓഫീസില്‍ ഇരുന്ന് ഉദ്യോഗസ്ഥര്‍ക്ക് ഈ മാപ്പിലേയ്ക്ക് ഒന്ന് നോക്കിയാല്‍ മതി അപേക്ഷകന്‍ ആവശ്യപ്പെട്ട സ്ഥലങ്ങളുടെ വിവരങ്ങള്‍ അപ്പോള്‍ തന്നെ നല്‍കാനാവും.

റവന്യു ജീവനക്കാരനായിരിക്കെ ബോട്ടണിയിലാണ് പീയുസ് ഡോക്ടറേറ്റ് കരസ്ഥമാക്കിയതെങ്കിലും മാപ്പ് തയാറാക്കുന്നതിലും പീയുസ് ഡോക്ടറേറ്റ് എടുത്തിരിക്കുകയാണെന്ന് സഹപ്രവര്‍ത്തകര്‍ പകുതി കളിയായും പകുതി കാര്യമായും പറയുന്നു. പീയൂസും റോജേഴ്‌സും ഇതിന് മുമ്പ് വിവിധ വില്ലേജ് ഓഫീസുകളില്‍ മാപ്പുകള്‍ തയാറാക്കി നല്‍കിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസിലും എരുമേലി വില്ലേജ് ഓഫീസിലും ഈ രണ്ടംഗ സംഘമാണ് മാപ്പ് തയാറാക്കി നല്‍കിയത്. എന്നാല്‍ ഇവയിലെല്ലാം പൂര്‍ണവിവരങ്ങള്‍ അവ്യക്തമായിരുന്നു. മണിമല വില്ലേജ് ഓഫീസില്‍ ഇവര്‍ ജോലി ചെയ്യുമ്പോള്‍ ഈ പരിമിതിക്ക് പരിഹാരം കാണാന്‍ നടത്തിയ പ്രയത്‌നമാണ് ഡിജിറ്റല്‍ മാപ്പിലെത്തിയത്. ഫയലുകളും റിക്കാര്‍ഡുകളും ചിതലെടുക്കാത്തവിധം ബൈന്റ് ചെയ്ത് വില്ലേജോഫീസില്‍ സൂക്ഷിച്ചിരിക്കുന്നതും ഇവരാണെന്ന് വില്ലേജ് ഓഫീസറും മാതൃകാ ഓഫീസറായി അവാര്‍ഡ് നേടിയതുമായ ഷാജി ജോസഫ് പറയുന്നു.

ഡിജിറ്റല്‍ മാപ്പ് തയാറാക്കിയതിന് ഇരുവരും പ്രതിഫലമൊന്നും കൈപ്പറ്റിയില്ല. തങ്ങളുടെ സേവനത്തിന്റെ ഭാഗമായി സൗജന്യമായാണ് മാപ്പ് തയാറാക്കിയതെന്ന് ഇരുവരും പറഞ്ഞു. ഈ ഡിജിറ്റല്‍ മാപ്പ് മണിമല വില്ലേജ് ഓഫീസിന് വലിയ സഹായിയായി മാറിക്കഴിഞ്ഞിരിക്കുകയാണ്.