മണിമലയിൽ നിന്നൊരു മൊബൈൽ മിസ്‌ഡ്‌ കോള്‍ പ്രണയ കഥ

1

മണിമല തെക്കേതില്‍ 43 വയസുള്ള സജിയും 37 വയസുള്ള ലിജിയും മാതൃകാ ദമ്പതികളായി ജീവിക്കുകയായിരുന്നു. അങ്ങനെയിരിക്കെ സജിക്കൊരു മിസ്‌ഡ്‌ കോള്‍ വന്നു. സജി തിരിച്ചു വിളിച്ചു. അപ്പോഴാണ്‌ അതൊരു മധുരമുള്ള സ്‌ത്രീ ശബ്‌ദമാണെന്ന്‌ മനസിലായത്‌. കാസര്‍ഗോഡുകാരിയായ 48 വയസുള്ള മായയായിരുന്നു അത്‌. ആദ്യ സംസാരത്തില്‍ തന്നെ വളരെക്കാലത്തെ ബന്ധമുള്ളതുപോലെ. പിന്നെ ഇടയ്‌ക്കിടയ്‌ക്ക്‌ മിസ്‌ഡ്‌ കോള്‍ വന്നുകൊണ്ടിരുന്നു. മിസ്‌ഡ്‌ കോള്‍ വരുമ്പോള്‍ ഭാര്യയില്ലാത്ത തക്കം നോക്കി സജി വിളി തുടങ്ങി. തുടര്‍ന്ന്‌ ഇരുവര്‍ക്കും വല്ലാത്ത പ്രണയം.

ഇതിനിടയ്‌ക്ക്‌ ഒന്നിച്ച്‌ ജീവിക്കാനുള്ള ശ്രമങ്ങളും അവര്‍ നടത്തി. ഭാര്യയെ എങ്ങനെയും നാട്ടില്‍ നിന്നും അകറ്റാനായി സജി തന്ത്രങ്ങള്‍ മെനഞ്ഞു. അങ്ങനെ ഭാര്യ ലിജിയെ പൂനയില്‍ ജോലിയ്‌ക്കായയച്ചു.

ലിജി പോയ തക്കം നോക്കി മായ സജിയോടൊപ്പം താമസിക്കാന്‍ തുടങ്ങി. കൂടെ 23 വയസുള്ള മകളുമുണ്ടായിരുന്നു. നാട്ടുകാരുടെ കണ്ണില്‍ അടുത്ത ബന്ധു. സംശയം തോന്നിയ നാട്ടുകാര്‍ പൂനയിലുള്ള ലിജിയെ വിവരമറിയിച്ചു. സംഭവം അറിഞ്ഞ്‌ തിരിച്ച്‌ വീട്ടിലെത്തിയ ലിജിയെ മായ വീട്ടില്‍ കയറ്റിയില്ല. ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ ശ്രമിച്ചാല്‍ ലിജിയുടെ പത്തുവയസായ മകനേയും ഭര്‍ത്താവിനേയും കൊല്ലുമെന്ന്‌ മായ ഭീഷണിപ്പെടുത്തി.

തുടര്‍ന്ന്‌ ലിജി നവജ്യോതി സ്‌ത്രീശക്തി സംഘടനയില്‍ പരാതിപ്പെട്ടു. അതോടെ വനിതാ സംഘടന ഇടപെട്ടു. എന്നാല്‍ സജിയെ താന്‍ കല്യാണം കഴിച്ചുവെന്നായി മായയുടെ വാദം. ഇതോടെ സംഘടന ലിജിയെക്കൊണ്ട്‌ പോലീസില്‍ പരാതി കൊടുപ്പിച്ചു. പോലീസെത്തിയതോടെ മായ അയഞ്ഞു. തന്റെ മകളോടൊപ്പം മായ തിരികെപോയി.

സജി തെറ്റുകളേറ്റു പറഞ്ഞതിനെ തുടര്‍ന്ന്‌ ലിജിയും സജിയും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചു. സ്‌ത്രീ ശക്തി കൗണ്‍സിലിംഗും നടത്തി. ഇതിനിടയില്‍ പഴയ സ്‌ത്രീ മായ വീണ്ടുമെത്തി. മാസം 3000 രൂപ വച്ച്‌ ഒന്നരവര്‍ഷത്തെ ശമ്പളമായ 45,000 രൂപ തരാതെ പോകില്ലെന്ന്‌ പറഞ്ഞ്‌ വഴക്കായി.

ഇതോടെ മിസ്‌ഡ്‌ കോള്‍ വീണ്ടും പൊല്ലാപ്പായി. നാട്ടുകാരും, വനിതാ സംഘടനയും, പോലീസും ഒക്കെയെത്തി. എല്ലാവരും ചേര്‍ന്നതോടെ നില്‍ക്കക്കള്ളിയില്ലാതെ മിസ്‌ഡ്‌ കോള്‍ സ്ഥലം വിട്ടു.