മണിമല കോട്ടാങ്ങല്‍ പടയണിക്ക് നാളെ തുടക്കം

മണിമല: കോട്ടാങ്ങല്‍ ഭദ്രകാളി ക്ഷേത്രത്തിലെ പടയണിക്ക് നാളെ ചൂട്ട്‌വെപ്പോടെ തുടക്കം കുറിക്കും. 17ന് വലിയ പടയണി നടക്കും. കോട്ടാങ്ങല്‍ കരയും കുളത്തൂര്‍കരയും ഒന്നിടവിട്ട ദിവസങ്ങളില്‍ പടയണി അവതരിപ്പിക്കും. കുളത്തൂര്‍കരയ്ക്കുവേണ്ടി പുത്തൂര്‍ രാധാകൃഷ്ണ പണിക്കരും കോട്ടാങ്ങല്‍ കരയ്ക്കുവേണ്ടി കടൂര്‍ രാധാകൃഷ്ണക്കുറുപ്പും ചൂട്ടുവെപ്പ് നിര്‍വഹിക്കും. മേല്‍ശാന്തി മധുസൂദനന്‍ പോറ്റി ശ്രീകോവിലില്‍നിന്നു പകരുന്ന ദീപം കുറ്റിയില്‍ വാങ്ങിയാണ് ചൂട്ടു വയ്ക്കുക.

11ന് രാത്രി ഏഴിന് കോട്ടാങ്ങല്‍കര ചൂട്ടുവലത്ത്. 12ന് രാത്രി ഒമ്പതിന് കാരിക്കേച്ചര്‍ ഷോ, 11.30ന് ഗണപതിക്കോല്‍. 13ന് രാത്രി ഏഴിന് സംഗീതക്കച്ചേരി, ഒമ്പതിന് ഗാനമേള, 11ന് ഗണപതിക്കോല്‍. 14ന് രാത്രി ഏഴിന് ആചാര്യസ്മൃതി രാജു എബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്യും, 9.30ന് തിരുവനന്തപുരം വരമൊഴിക്കൂട്ടത്തിന്റെ സ്റ്റേജ്‌ഷോ, പുലര്‍ച്ചെ നാലിന് പള്ളിപ്പാന, 5.30ന് അടവി. 15ന് രാത്രി ഏഴിന് നാടന്‍ പാട്ട്, പള്ളിപ്പാന, പുലര്‍ച്ചെ 5.30ന് അടവി. 16ന് കുളത്തൂര്‍ക്കരയുടെ വലിയ പടയണി നടക്കും. വൈകുന്നേരം നാലിന് ഘോഷയാത്ര, വേലയും വിളക്കും, 10ന് ഗാനമേള, പുലര്‍ച്ചെ ഒന്നിന് വലിയപടയണി. 17ന് കോട്ടാങ്ങല്‍ കരയുടെ വലിയ പടയണി. വൈകുന്നേരം നാലിന് ചുങ്കപ്പാറയില്‍നിന്ന് മഹാഘോഷയാത്ര, വേലയും വിളക്കും, രാത്രി 10ന് ഗാനമേള, പുലര്‍ച്ചെ ഒന്നിന് വലിയപടയണി.