മണിമല – മൂലേപ്ലാവ്‌ റോഡ്‌ നവീകരണം കുളമായി

മണിമല: മണിമല-മൂലേപ്ലാവ്‌ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞതിനെത്തുടര്‍ന്ന്‌ പുനര്‍നിര്‍മ്മാണം തുടങ്ങിയെങ്കിലും മാസങ്ങളായി നിര്‍മാണം മുടങ്ങിയിരിക്കുകയാണ്‌. മണ്ണിട്ടു നികത്തിയ ഭാഗത്ത്‌ മഴ വെള്ളം കെട്ടിക്കിടന്ന്‌ വന്‍ കുഴി രൂപപ്പെട്ടിരിക്കുകയാണ്‌. ഇതോടെ കാല്‍നടയാത്ര പോലും ദുഷ്‌ക്കരമായി. പുനലൂര്‍ -മൂവാറ്റുപുഴ ഹൈവേ ഉള്‍പ്പെട്ട റോഡിന്റെ ഇടിഞ്ഞുതാഴ്‌ന്ന ഭാഗത്തെ നവീകരണം നടത്താതെ കരാറുകാരന്‍ മുങ്ങിയതാണ്‌ ദുരിതങ്ങള്‍ക്കു കാരണം.
ജനപ്രതിനിധികളോ ഉദ്യോഗസ്‌ഥരോ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന്‌ ആക്ഷേപം ഉയരുന്നു. മണിമലയില്‍നിന്ന്‌ പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി, കൊടുങ്ങൂര്‍ ഭാഗത്തേക്കു പോകാനുള്ള ഏക റോഡാണിത്‌.
മാസങ്ങള്‍ക്ക്‌ മുന്‍പ്‌ മണിമലയാറ്റില്‍ വെള്ളം ഉയര്‍ന്നപ്പോള്‍ മണിമലയ്‌ക്കും മൂലേപ്ലാവിനും സമീപമുള്ള റോഡ്‌ പുഴയിലേക്ക്‌ ഇടിഞ്ഞിരുന്നു. തുടര്‍ന്ന്‌ ഒന്നരമാസത്തോളം വാഹനഗതാഗതം നിര്‍ത്തിവച്ചു. രണ്ടു ദിവസം ജെ.സി.ബി. ഉപയോഗിച്ച്‌ റോഡിന്റെ തിട്ടയെടുത്തുമാറ്റി പാറമടയിലെ മക്കിട്ട്‌ ഉറപ്പിച്ചാല്‍ വാഹനങ്ങള്‍ കടത്തിവിടാമെന്ന്‌ നാട്ടുകാരും മാധ്യമങ്ങളും ചൂണ്ടിക്കാട്ടിയെങ്കിലും നടപ്പിലാക്കിയില്ല.
ആദ്യം വന്‍തുകയാണ്‌ നിര്‍മാണം നടത്താന്‍ വേണ്ടിവരികയെന്ന്‌ പറഞ്ഞു. ഹൈവേ പണികള്‍ ഉടനേ വരുന്നതിനാല്‍ ഇതിന്റെ ആവശ്യമില്ലെന്ന്‌ നാട്ടുകാരും പറഞ്ഞതോടെ ഒടുവില്‍ പത്തു ലക്ഷം രൂപയുടെ ഷോര്‍ട്‌ ടെന്‍ഡര്‍ നടത്തി. കരാറെടുത്തയാള്‍ ഒരു മാസം കൊണ്ട്‌ പണികള്‍ പൂര്‍ത്തീകരിക്കുമെന്നു പറഞ്ഞ ജനപ്രതിനിധികള്‍ പിന്നീട്‌ മൗനത്തിലായി. നിര്‍മാണം ഏറ്റെടുത്ത കരാറുകാരന്‍ ഒരാഴ്‌ച കൊണ്ട്‌ തിട്ടലെടുത്തു മാറ്റിയ ശേഷം മുങ്ങി. റോഡ്‌ ടാറിങ്‌, ഇടിഞ്ഞ ഭാഗത്തു സ്‌ഥിരമായ ബാരിക്കേഡുകള്‍ സ്‌ഥാപിക്കണം എന്നാണ്‌ കരാറിലുള്ളത്‌.
മണ്ണിനു മുകളില്‍ വെള്ളം കെട്ടി നിന്ന്‌ രണ്ടടിയോളം താഴ്‌ചയില്‍ വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്‌. കുഴികളില്‍ ചാടി വാഹനങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിക്കുന്നത്‌ പതിവായി.
ശബരിമല സീസണ്‍ ആരംഭിക്കാനിരിക്കെ റോഡിന്റെ തകര്‍ച്ച ഏറെ ദുരിതമാവും. ഒന്നുകില്‍ മക്കിട്ട്‌ നികത്തുക, അല്ലെങ്കില്‍ കരാറെടുത്തയാളെ കൊണ്ട്‌ ടാറിങിനു മുന്‍പായുള്ള മെറ്റല്‍ നിരത്തിയും നാട്ടുകാരുടെ ദുരിതത്തിനു പരിഹാരം കാണണമെന്നാണ്‌ ആവശ്യം.