മണിമല മേജര്‍ കുടിവെള്ളപദ്ധതി സമരം രാഷ്ട്രീയ പ്രേരിതമെന്ന് എംഎല്‍എ

കാഞ്ഞിരപ്പള്ളി: മണിമല, വെള്ളാവൂര്‍, ചിറക്കടവ്, വാഴൂര്‍, പള്ളിക്കത്തോട് പഞ്ചായത്തുകളിലെ ശുദ്ധജല ക്ഷാമത്തിന് പരിഹാരമായി വിഭാവനം ചെയ്ത മണിമല മേജര്‍ കുടിവെള്ള പദ്ധതിക്ക് ഉണ്ടായ കാലതാമസം വിവിധ പഞ്ചായത്തുകള്‍ ആവശ്യമായ സ്ഥലം ജല അഥോറിറ്റിക്ക് കൈമാറുവാന്‍ താമസിച്ചതുമൂലമാണെന്നു ഡോ. എന്‍. ജയരാജ് എംഎല്‍എ പറഞ്ഞു.

പിന്നീട് തടസങ്ങള്‍ പരിഹരിച്ച് മണിമലയാറ്റിലെ മാരൂര്‍ കടവില്‍ കിണര്‍ നിര്‍മിക്കുകയും വള്ളാവൂര്‍ പഞ്ചായത്തിലെ കുളത്തിങ്കലില്‍ 10 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഭൂതല ജല സംഭരണിയും മണിമല പഞ്ചായത്തിലെ പൂവത്തോലിയില്‍ 2.60 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഭൂതല ജല സംഭരണിയും വാഴൂര്‍ പഞ്ചായത്തിലെ ഉള്ളായത്തില്‍ ഒരു ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഉന്നതതല ജലസംഭരണിയും പള്ളിക്കത്തോട് പഞ്ചായത്തില്‍ ചാല്ലോലിയില്‍ 4.50 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഭൂതല ജല സംഭരണിയും സ്ഥാപിക്കുകയും ഈ ജലസംഭരണിയിലേക്കുള്ള പൈപ്പ് ലൈനുകള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു.

വിതരണ ശൃംഖലയുടെ ഏകദേശം 10 ശതമാനത്തില്‍ താഴെ മാത്രമേ ആദ്യം അനുവദിച്ച തുകയില്‍നിന്നു പൂര്‍ത്തീകരിക്കാന്‍ സാധിച്ചുള്ളു. ഇതിനെത്തുടര്‍ന്ന് അഞ്ച് പഞ്ചായത്തുകളിലെ വിതരണ ശൃംഖലയ്ക്കായി പദ്ധതി സമര്‍പ്പിക്കുകയും അതില്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കുകയും ചെയ്തു. സാങ്കേതിക അനുമതി ലഭിച്ച പ്രവൃത്തികള്‍ക്ക് ടെന്‍ഡര്‍ ചെയ്തു കഴിഞ്ഞു.

ഏറത്തുവടകര ഭാഗത്ത് ചെക്ക് ഡാം നിര്‍മിക്കുന്നതിന് 2 കോടി 85 ലക്ഷം രൂപയുടെ ഭരണാനുമതി ആയിട്ടുണ്ട്. ചെക്ക് ഡാമും മണിമല കുടിവെള്ള പദ്ധതിയുടെ വിതരണ ശൃംഖല സംബന്ധിച്ച നടപടികളും പൂര്‍ത്തീകരിച്ച സാഹചര്യത്തില്‍ സമരം നടത്തുന്നവര്‍ക്ക് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലക്ഷ്യം മാത്രമാണുള്ളതെന്ന് എംഎല്‍എ പറഞ്ഞു.

വിവരാവകാശം നിലനില്‍ക്കുന്ന രാജ്യത്ത് വസ്തുതകള്‍ യാഥാര്‍ഥ്യമാണോ എന്ന തിരിച്ചറിയുവാന്‍ മാര്‍ഗങ്ങളുണെ്ടന്നും ജനപ്രതിനിധി എന്ന നിലയില്‍ ഒട്ടേറെ തടസങ്ങള്‍ നീക്കി, 50 കോടിയോളം രൂപ പദ്ധതിക്കായി അനുവദിപ്പിക്കുവാനും അത് പൂര്‍ത്തീകരണത്തിന്റെ അവസാന ഘട്ടത്തില്‍ എത്തിക്കുവാനും കഴിഞ്ഞു എന്നതില്‍ അഭിമാനമുണെ്ടന്നും ഡോ. എന്‍. ജയരാജ് എംഎല്‍എ പറഞ്ഞു.