മണിമല മേജര്‍ കുടിവെള്ള പദ്ധതിയുടെ ട്രയല്‍ റണ്‍ നടത്തുന്നതിനിടെ പൈപ്പു പൊട്ടി റോഡു തകര്‍ന്നു

മണിമല: മണിമല മേജര്‍ കുടിവെള്ള പദ്ധതിയുടെ ട്രയല്‍ റണ്‍ നടത്തുന്നതിനിടെ പൈപ്പു പൊട്ടി റോഡു തകര്‍ന്നു. ഇന്നലെ രാവിലെ പത്തോടെയാണ് മണിമല മാരൂര്‍കടവിലെ കിണറ്റില്‍നിന്ന് ടാങ്കിലേക്ക് വെള്ളം നിറയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഇതിനിടെയാണ് മണിമല – കറുകച്ചാല്‍ റോഡിലെ മൂങ്ങാനി ബിവറേജിനു സമീപം പൈപ്പുലൈന്‍ പൊട്ടി റോഡ് ഭാഗികമായി തകര്‍ന്നത്. ഇവിടെ വാഹന ഗതാഗതം ഭാഗികമായി തടസപ്പെട്ടു. റോഡ് നിര്‍മാണം പൂര്‍ത്തിയായിട്ട് ഏതാനും മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളു.

മണിമല, വെള്ളാവൂര്‍, ചിറക്കടവ്, പള്ളിക്കത്തോട്, വാഴൂര്‍ പ്രദേശങ്ങളിലേക്ക് ശുദ്ധജലമെത്തിക്കുന്നതിനാണ് മണിമല മേജര്‍ കുടിവെള്ള പദ്ധതി ആരംഭിച്ചത്. കോടിക്കണക്കിനു രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. പദ്ധതികൊണ്ട് അഞ്ചു പഞ്ചായത്തുകളിലെ ജനങ്ങള്‍ക്കാണ് പ്രയോജനം ലഭിക്കുന്നത്.