മണിമല റൂട്ടിൽ രാത്രിസമയത്ത് സ്വകാര്യ ബസുകൾ സർവീസ് മുടക്കുന്നതായി പരാതി

കാഞ്ഞിരപ്പള്ളി ∙ മണിമല റൂട്ടിൽ രാത്രിസമയത്ത് സ്വകാര്യ ബസുകൾ സർവീസ് മുടക്കുന്നതായി പരാതി. രാത്രി ഏഴുമണി കഴിഞ്ഞാൽ ഇതുവഴിയുള്ള സർവീസ് മുടക്കുന്നതു യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി.

മണ്ണംപ്ലാവ്, ചിറക്കടവ്, മണിമല, കറിക്കാട്ടൂർ മേഖലകളിലേക്കുള്ള യാത്രക്കാരാണ് ബുദ്ധിമുട്ടുന്നത്. രാത്രികാലങ്ങളിൽ വീടുകളിലെത്താൻ ഓട്ടോറിക്ഷകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് യാത്രക്കാർ. ഏഴു മണിക്കുശേഷമുള്ള മൂന്നു ബസുകളാണ് ട്രിപ് മുടക്കുന്നത്.

ഇതുവഴി സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസ് നേരത്തെ സർവീസ് നിർത്തിയിരുന്നു. ഒട്ടേറെ യാത്രക്കാരുള്ള റൂട്ടിൽ കെഎസ്ആർടിസി ബസിന്റെ സേവനം നിലച്ചതു പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. രാവിലെ 5.30നു സർവീസ് നടത്തിയിരുന്ന ബസ് നിർത്തലാക്കിയതോടെ ദൂരസ്ഥലങ്ങളിലേക്കു ജോലിക്കു പോകുന്നവരും വിദ്യാർഥികളും ബുദ്ധിമുട്ടിലായി. രാത്രി 7.35നും എട്ടിനും 8.15നും സ്വകാര്യ ബസുകൾക്കു പെർമിറ്റ് ഉണ്ടായിരുന്നിട്ടും ട്രിപ് മുടക്കുന്ന സ്വകാര്യ ബസുകളുടെ നടപടിയിൽ വ്യാപക പ്രതിഷേധമുയർന്നു.