മണ്ഡലകാലം അരികിലെത്തി പാലാ-പൊന്‍കുന്നം റോഡ്‌ അപകടരഹിതമാക്കാനുള്ള പദ്ധതികള്‍ കടലാസില്‍

പൊന്‍കുന്നം: ശബരിമല തീര്‍ഥാടനം അരികിലെത്തിയിട്ടും പാലാ-പൊന്‍കുന്നം റോഡില്‍ അപകടങ്ങളൊഴിവാക്കാനായി രണ്ടുവര്‍ഷമായി പറഞ്ഞുകേള്‍ക്കുന്ന പദ്ധതികളെല്ലാം ഇപ്പോഴും കടലാസിലുറങ്ങുന്നു.

അമിതവേഗംകൊണ്ട്‌ എണ്ണിയാല്‍ തീരാത്ത അപകടങ്ങള്‍ നടന്ന പി.പി. റോഡില്‍ തീര്‍ഥാടനകാലം അപകടരഹിതമാകാന്‍ വേണ്ട നടപടികള്‍ ഇനിയുമായില്ല. രണ്ടുവര്‍ഷം മുമ്പ്‌ പോലീസ്‌ ആലോചനയിട്ട നൈറ്റ്‌ വിഷന്‍ ക്യാമറ പദ്ധതിക്ക്‌ ഇതുവരെ അംഗീകാരമായില്ല. രാത്രിയും പകലും വ്യക്‌തമായ ദൃശ്യങ്ങള്‍ പകര്‍ത്തി അമിതവേഗക്കാരെ കുടുക്കാന്‍ ലക്ഷ്യമിട്ട്‌ പോലീസ്‌ ആവിഷ്‌ക്കരിച്ച പദ്ധതിരേഖയുടെ പേരില്‍ പൊതുമരാമത്ത്‌ വകുപ്പ്‌ ഇലക്രേ്‌ടാണിക്‌സ്‌ വിഭാഗം 1.62 കോടി രൂപയുടെ എസ്‌റ്റിമേറ്റ്‌ തയാറാക്കിയിരുന്നു. പുനലൂര്‍മൂവാറ്റുപുഴ സംസ്‌ഥാനപാതയുടെ പൊന്‍കുന്നം മുതല്‍ തൊടുപുഴ വരെയുള്ള ഭാഗത്ത്‌ അപകടസാധ്യതയേറിയ ഇടങ്ങളില്‍ ക്യാമറ സ്‌ഥാപിക്കാനായിരുന്നു ഇത്‌. എന്നാല്‍ പിന്നീട്‌ ഇക്കാര്യത്തില്‍ പൊതുമരാമത്ത്‌ വകുപ്പ്‌ നടപടി സ്വീകരിച്ചിട്ടില്ല. ശബരിമല സീസണില്‍ മുമ്പ്‌ താത്‌ക്കാലിക സ്‌പീഡ്‌ ബ്രേക്കര്‍ സ്‌ഥാപിച്ച്‌ അപകടം കുറയ്‌ക്കാന്‍ പോലീസ്‌ നടപടിയെടുത്തിരുന്നു. ഇത്തവണ ഇവ സ്‌ഥാപിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. പൊന്‍കുന്നം മുതല്‍ എലിക്കുളം വരെ പത്തോളം സ്‌ഥലങ്ങളാണ്‌ സ്‌പീഡ്‌ ബ്രേക്കര്‍ സ്‌ഥാപിക്കാനായി മുമ്പ്‌ കണ്ടെത്തിയിരുന്നത്‌.

അപകടസാധ്യതയുള്ള ഭാഗങ്ങളില്‍ വേണ്ട ക്രമീകരണങ്ങളേക്കുറിച്ച്‌ മുമ്പ്‌ നാറ്റ്‌പാക്ക്‌ സര്‍ക്കാരിന്‌ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇവയിലും നടപടിയായിട്ടില്ല. ഹൈവേ പോലീസിന്റെ പട്രോളിങ്‌ മാത്രമാണ്‌ കുറച്ചെങ്കിലും വേഗനിയന്ത്രണത്തിന്‌ പ്രേരിപ്പിക്കുന്നത്‌. വളവുകളില്‍ കാടുവളര്‍ന്ന്‌ മൂടി കാഴ്‌ച മറയ്‌ക്കുന്നത്‌ ്രെഡെവര്‍മാരെ കുഴയ്‌ക്കുന്നുണ്ട്‌. റോഡരികിലെ കാടുതെളിക്കാന്‍ നടപടിയെടുക്കാന്‍ അധികാരികള്‍ തയാറായിട്ടില്ല. വഴിവിളക്ക്‌ തെളിയാത്തതും പി.പി. റോഡിന്റെ പലയിടങ്ങളിലും പ്രശ്‌നമാണ്‌. സോളാര്‍വിളക്കുകളില്‍ പാതിയും ഇപ്പോള്‍ തെളിയുന്നില്ല. ശബരിമല തീര്‍ഥാടകര്‍ ഏറെയെത്തുന്ന പി.പി. റോഡില്‍ സോളാര്‍ വിളക്കുകള്‍ നന്നാക്കിയാല്‍ കാല്‍നടയാത്ര സുഗമമാകും.