മണ്ഡലകാലം തൊട്ടടുത്ത്; ഭരണാനുമതി ലഭിക്കാതെ ഏഞ്ചൽവാലി പാലം

എരുമേലി ∙ മണ്ഡലകാലം ആരംഭിക്കാൻ രണ്ടാഴ്ച മാത്രം ശേഷിക്കെ, പ്രളയത്തിൽ തകർന്ന ഏഞ്ചൽവാലി പാലം, എരുമേലി – കാഞ്ഞിരപ്പള്ളി പാതയിലെ പട്ടിമറ്റം സംരക്ഷണഭിത്തി എന്നിവയുടെ പുനർനിർമാണത്തിനു സർക്കാരിൽനിന്നു ഭരണാനുമതി ലഭിച്ചില്ല. 87 ലക്ഷം രൂപയ്ക്ക് ഏഞ്ചൽവാലിയിലും 75 ലക്ഷം രൂപയ്ക്കു പട്ടിമറ്റത്തും പുനർനിർമാണം നടത്താനുള്ള പദ്ധതിയാണു മുടങ്ങിയിരിക്കുന്നത്. മണ്ഡലകാലത്തിനകം 2 പദ്ധതികളുടെയും നിർമാണ പ്രവർത്തനങ്ങൾ നടപ്പാകില്ലെന്ന് ഇതോടെ ഉറപ്പായി.

പാലം – അനുബന്ധ റോഡ് നിർമാണം നടന്നില്ലെങ്കിൽ കുമളി ഭാഗത്തുനിന്നെത്തുന്ന തീർഥാടകർ ദുരിതത്തിലാവും. പട്ടിമറ്റത്തു ഗതാഗതക്കുരുക്കിനും സാധ്യത. കുമളി ഭാഗത്തുനിന്നുള്ള ശബരിമല തീർഥാടക വാഹനങ്ങൾ ഏഞ്ചൽവാലി പാലം വഴിയാണ് പമ്പയ്ക്കു പോകുന്നത്. ഇതിനിടെ, സമീപന പാതയുടെ അടിഭാഗം പൂർണമായി പെരുവെള്ളം എടുത്തു പോയതിനാൽ ചെറുവാഹനങ്ങൾപോലും ക‍ടന്നു പോകാനാകാത്ത അവസ്ഥയാണ്.

മുകളിൽ ടാറിങ്ങിന്റെ പാളി മാത്രമാണ് അവശേഷിക്കുന്നത്. ടാറിങ്ങിനടിയിൽ മണ്ണ് ഇല്ലെന്ന കാര്യം അറിയാതെ ഡ്രൈവ് ചെയ്താൽ അപകടം ഉറപ്പാണ്. പട്ടിമറ്റത്തും സ്ഥിതി വ്യത്യസ്തമല്ല. റോഡ് ഇടിഞ്ഞതിനെ തുടർന്നു വാഹനങ്ങൾ കഷ്ടിച്ചാണ് ഇതുവഴി കടന്നുപോകുന്നത്. കോട്ടയം മുതൽ വടക്കോട്ടുള്ള ജില്ലകളിൽനിന്നുള്ള തീർഥാടകർ ഇതുവഴിയാണ് എരുമേലിയിൽ എത്തുന്നത്. പ്രളയമുണ്ടായി രണ്ടാഴ്ചയ്ക്കകം പൊതുമരാമത്തു വിഭാഗം എസ്റ്റിമേറ്റ് സമർപ്പിച്ചെങ്കിലും ഇതേവരെ ഭരണാനുമതിപോലും ലഭിച്ചില്ല.