മണ്ഡല മകരവിളക്ക് സീസണിലെ ശുചിമുറികളുടെ നിരക്ക് നിശ്ചയിച്ചു

എരുമേലി∙ മണ്ഡല മകരവിളക്ക് സീസണിൽ ദേവസ്വം ബോർഡ് നിശ്ചയിച്ച തുകമാത്രം ശുചിമുറി, പാർക്കിങ് ഉപയോഗത്തിന് ഈടാക്കുന്നതിനു സ്വകാര്യ കരാറുകാരോട് ദേവസ്വം കമ്മിഷണർ നിർദേശം നൽകി. ഇന്നലെ വിളിച്ചു ചേർത്ത അടിയന്തര യോഗത്തിലാണ് പഞ്ചായത്ത് അധികൃതരോട് ദേവസ്വം കമ്മിഷണർ ഇക്കാര്യം ആവശ്യപ്പെട്ടത്. ദേവസ്വം, സ്വകാര്യ നിരക്കുകൾ ഇതോടെ ഏകീകരിക്കപ്പെടുമെന്ന് സൂചനയുണ്ടെങ്കിലും സ്വകാര്യ കരാറുകാർ ഇടഞ്ഞു നിൽക്കുന്നതായി സൂചന.

എരുമേലിയിൽ ശുചിമുറികൾക്കും പാർക്കിങ് മൈതാനങ്ങൾക്കും നിരക്ക് തോന്നുംപടി വാങ്ങുന്നെന്ന് ചില സംഘടനകൾ ആരോപണം ഉന്നയിച്ചതിനെ തുടർന്ന് കഴിഞ്ഞാഴ്ച ആർഡിഒയുടെ അധ്യക്ഷതയിൽ കരാറുകാരുടെ യോഗം നടന്നിരുന്നു. എന്നാൽ ഈ യോഗം തീരുമാനമാവാതെ അലസിപ്പിരിയുകയായിരുന്നു. പ്രശ്നം ചർച്ച ചെയ്യാൻ കലക്ടർ യോഗം വിളിച്ചുകൂട്ടുമെന്ന് റവന്യു അധികൃതർ അറിയിച്ചെങ്കിലും നടന്നില്ല. ഇതിനിടെയാണ് ഇന്നലെ പത്തനംതിട്ട ജില്ലാ ജഡ്ജ് കൂടിയായ ദേവസ്വം കമ്മിഷണർ എം.മനോജിന്റെ അധ്യക്ഷതയിൽ യോഗം എരുമേലിയിൽ വിളിച്ചുകൂട്ടിയത്. ദേവസ്വം ബോർഡ് നിശ്ചയിച്ച നിരക്കുമാത്രം പാർക്കിങ്ങിനും ശുചിമുറിക്കും ഈടാക്കാൻ കമ്മിഷണർ നിർദേശിക്കുകയും ചെയ്തു.

ഇതിന്റെ അടിസ്ഥാനത്തിൽ ശുചിമുറിയിൽ മൂത്രം ഒഴിക്കുന്നതിന് അഞ്ചുരൂപയും ഇതര ആവശ്യങ്ങൾക്ക് 10 രൂപയും ഈടാക്കാം. ദേവസ്വം ബോർഡിന്റെ ശുചിമുറികളിൽ വെള്ളവും മറ്റും എത്തിക്കുന്നത് ദേവസ്വം അധികൃതർ ആണെന്നും സ്വകാര്യ ശുചിമുറികളിൽ കരാർ എടുത്തവരാണ് വെള്ളം കൊടുക്കേണ്ടതെന്നുമുള്ള വാദത്തിനും പ്രസക്തി ഉണ്ടായില്ല. പാർക്കിങ് മൈതാനങ്ങളിൽ ബസ്–100, മിനിബസ്–75, വാൻ–40, ജീപ്പ്–30, കാർ–25, ഓട്ടോ–15, ഇരുചക്രം–10 എന്നിങ്ങനെയാണ് നിരക്ക് നിർദേശിച്ചിരിക്കുന്നത്. ലൈസൻസ് ഇല്ലാതെ കടകൾ പ്രവർത്തിക്കാൻ അനുവദിക്കരുതെന്നും കക്കൂസ് മാലിന്യം തോട്ടിൽ തള്ളിയാൽ കർശന നടപടി എടുക്കണമെന്നും കമ്മിഷണർ നിർദേശിച്ചു.