മണ്ണിടിച്ചിൽ ഭീഷണി : അവലോകന യോഗങ്ങൾ ചേർന്നു.

മുണ്ടക്കയം- അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തെ തുടർന്ന് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കൂട്ടിക്കൽ, മുണ്ടക്കയം പഞ്ചായത്തുകളിൽ പ്രളയദുരന്തങ്ങളെ നേരിടാനുള്ള അവലോകന യോഗങ്ങൾ ചേർന്നു. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ നിരവധി തവണ ഉരുൾ പൊട്ടിയ കൂട്ടിക്കൽ പഞ്ചായത്തിലെ വല്യന്തമേത്തടം, കൊടുങ്ങ, മൂപ്പൻമല, പ്ലാപ്പള്ളി, കാവാലി, കുളത്തുവ തുടങ്ങിയ മേഖലയിൽ ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് അവിടുത്തെ ജനങ്ങളെ മാറ്റിപാർപ്പിക്കാൻ തഹസിൽദാർ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനിച്ചു. ഇതിനായി ഏന്തയാർ ജെ.ജെ. മർഫി സ്കൂൾ ,കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂൾ ,കെ.എം.ജെ. പബ്ലിക് സ്കൂൾ എന്നിവിടങ്ങൾ ക്യാമ്പുകൾ ആരംഭിച്ചു. ക്യാമ്പിൽ ആരോഗ്യവകുപ്പിന്റെ സജീവ സാന്നിധ്യം ഉണ്ടായിരിക്കും. കൂട്ടിക്കൽ ,മുണ്ടക്കയം സർക്കാർ ആശുപത്രികളിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കും.

ഇളങ്കാട് മേഖലയിലെ പാറമട സംബന്ധിച്ചു യോഗത്തിൽ ചർച്ച നടന്നു. ഒരു കാരണവശാലും പാറമടയുടെ പ്രവർത്തനം അനുവദിക്കില്ല. തൊഴിലുറപ്പു ജോലികൾ നിർത്തിവയ്ക്കാൻ നടപടിയുണ്ടാകണമെന്നും യോഗത്തിൽ നിർദ്ദേശമുയർന്നു. വെട്ടിക്കാനം, ചപ്പാത്ത് മേഖലകളിൽ കുടുംബങ്ങൾക്കും സംരക്ഷണമൊരുക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. ആംബലൻസ്, അഗ്നിശമന സേന, അടക്കം
അടിയന്തിര സഹായം എത്തിക്കാൻ സംവിധാനം ഒരുക്കും.

മുണ്ടക്കയം പഞ്ചായത്തിലെ മുറികല്ലുംപുറം, വരിക്കാനി എന്നിവടങ്ങളിൽ താമസിക്കുന്നവരെ അടിയന്തിര സാഹചര്യമുണ്ടായാൽ മാറ്റി താമസിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തതായി റവന്യൂ അധികൃതർ അറിയിച്ചു. മുണ്ടക്കയം പഞ്ചായത്തിലെ അവലോകന യോഗത്തിൽ പ്രസിഡൻ്റ് കെ.എസ് രാജു അധ്യക്ഷത വഹിച്ചു. വിവിധ വകുപ്പ് മേധാവികൾ പങ്കെടുത്തു. കൂട്ടിക്കലിലെ യോഗത്തിൽ
പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോസ് അധ്യക്ഷത വഹിച്ച. പി.സി.ജോർജ് എം.എൽ.എ. ,തഹസിൽദാർ അജിത്കുമാർ, ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് സോഫി ജോസഫ്, കൊക്കയാർ പഞ്ചായത്ത് പ്രസിഡന്റ് നെച്ചൂർ തങ്കപ്പൻ, ജില്ലാ പഞ്ചായത്തംഗം കെ.രാജേഷ് ,ബ്ലോക്ക് പഞ്ചായത്തംഗം ശുഭേഷ് സുധാകർ വിവിധ കക്ഷി നേതാക്കൾ എന്നിവർ
പ്രസംഗിച്ചു.