മതസാഹോദര്യത്തിന്റെ ദൃശ്യസാക്ഷാത്കാരം

പൊൻകുന്നം∙ ലക്ഷക്കണക്കിനു വിശ്വാസികൾക്കായി മക്കയ്ക്കും മദീനയ്ക്കും ദൃശ്യസാക്ഷാത്കാരമൊരുക്കി സുരേഷ് ബോധി എന്ന ശിൽപിയുടെ കരവിരുത്. പത്തനംതിട്ട ജുമാമസ്ജിദിന്റെ വാതിൽപ്പാളികളിൽ പനമറ്റം സ്വദേശി സുരേഷ് ബോധിയുടെ കരവിരുതില്‍ തെളിഞ്ഞ ശില്‍പം മതസാഹോദര്യത്തിന്റെ മകുടോദഹരണം കൂടിയായി.

അഞ്ചു ദിവസത്തെ ശ്രമഫലമായി തേക്കിൻതടിയിലാണ് മക്കയുടെയും മദീനയുടെയും ദൃശ്യം ഒരുക്കിയത്. ശിൽപം ഉൾക്കൊള്ളുന്ന വാതിൽപ്പാളികൾ പത്തനംതിട്ട പട്ടണത്തിലെ ജുമാമസ്ജിദിൽ സ്ഥാപിച്ചു. രണ്ടുപാളികളുള്ള പ്രവേശനകവാടത്തിന്റെ ഒരു പാളിയിൽ മക്ക ഹറം പള്ളിയിലെ കഅബയും രണ്ടാമത്തേതിൽ മദീന പ്രവാചക പള്ളിയിൽ മുഹമ്മദ് നബി അന്ത്യവിശ്രമം കൊള്ളുന്ന റൗളാശരീഫുമാണ് കൊത്തിയൊരുക്കിയിരിക്കുന്നത്. തേക്കുതടിയിൽ ആദ്യം രേഖാചിത്രമെഴുതി, പിന്നീട് ഉളി കൊണ്ടു കൊത്തി രൂപമൊരുക്കുകയായിരുന്നു. സുരേഷ് ബോധി 30 വർഷമായി ദാരുശിൽപ രംഗത്തും ചിത്രകലാരംഗത്തും പ്രവർത്തിക്കുന്നു.