മതസൗഹാർദ മാതൃകയായി അന്നദാനം

എരുമേലി ∙ അയ്യപ്പസ്വാമിയും വാവരുസ്വാമിയും തമ്മിലുള്ള ഊഷ്മള ബന്ധത്തിന്റെ സ്മരണയിൽ അമ്പലപ്പുഴ ക്ഷേത്രത്തിൽ എരുമേലി മഹല്ല് മുസ്‌ലിം ജമാ അത്ത് കമ്മിറ്റി അന്നദാനം നടത്തി. ഒട്ടേറെപ്പേർ പങ്കെടുത്ത അന്നദാനം അമ്പലപ്പുഴ സംഘം പേട്ടതുള്ളലിനു തലേന്ന് എരുമേലി ജമാ അത്ത് ഓഫിസിലെത്തുന്നതിന് ഐക്യദാർഢ്യമായി; ഒപ്പം മതസൗഹാർദത്തിന്റെ മാതൃകയും.

വർഷങ്ങളായി ശബരിമല സീസണിൽ അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിൽ എരുമേലി ജമാ അത്ത് പ്രതിനിധികളെത്തി അന്നദാനം നടത്തുന്നുണ്ട്. അന്നദാനം അമ്പലപ്പുഴ പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായരും ജമാ അത്ത് പ്രസിഡന്റ് പി.എച്ച്.ഷാജഹാനും ഉദ്ഘാടനം ചെയ്തു. ജമാ അത്ത് ഭാരവാഹികളായ നൈസാം പി.അഷറഫ്, ഹക്കിം മാടത്താനി, നാസർ പനച്ചിയിൽ, സലിം കണ്ണങ്കര, താഴത്തുവീട്ടിൽ കുടുംബം പ്രതിനിധി ടി.എച്ച്. ആസാദ് എന്നിവർ‍ പങ്കെടുത്തു.