മദ്യം വാങ്ങാനുള്ള പണത്തിനായി പരേതന്റെ പടവുമായി പിരിവ് !

ചാമംപതാൽ / വാഴൂർ ∙ മദ്യം വാങ്ങാൻ പണം കണ്ടെത്താൻ പരേതന്റെ പേരിൽ വ്യാജ ചികിത്സാ സഹായ അഭ്യർഥന. മദ്യപ സംഘത്തെ നാട്ടുകാർ കയ്യോടെ പിടികൂടി. ഇന്നലെ 3ന് ചാമംപതാലിലെ വീടുകളിലാണ് കങ്ങഴ സ്വദേശികളായ സംഘം പണപ്പിരിവ് നടത്തിയത്.6 മാസം മുൻപ് മരിച്ചു പോയ ഭിന്നശേഷിക്കാരനായ യുവാവിന്റെ ശസ്ത്രക്രിയയ്ക്കായിട്ടാണ് പരേതന്റെ സഹോദരന്റെ നേതൃത്വത്തിലുള്ള സംഘം‍ പണപ്പിരിവ് നടത്തിയത്. ഇന്ന് എറണാകുളത്തെ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയ ഉണ്ടെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് യുവാവ് കട്ടിലിൽ കിടക്കുന്ന പടം വരെ കാണിച്ചാണ് സംഘം പിരിവ് നടത്തിയത്. ചാമംപതാലിൽ വീടുകൾ കയറി പിരിവ് നടത്തുന്നതിനിടയിൽ ഒരു വീട്ടിൽ നിന്നു നൽകിയ തുക കുറഞ്ഞു പോയത് സംഘം കൂട്ടി ചോദിച്ചതാണ് സംശയത്തിനിടയാക്കിയത്.

സംശയം തോന്നിയ വീട്ടുടമ വാഴൂർ പഞ്ചായത്തംഗം റംഷാദ് റഹ്മാനെ ഫോണിൽ വിവരം അറിയിച്ചു. പഞ്ചായത്തംഗം എത്തി ചോദ്യം ചെയ്തപ്പോൾ കങ്ങഴയിലാണ് വീടെന്ന് സംഘം വെളിപ്പെടുത്തി. തുടർന്ന് റംഷാദ് കങ്ങഴ പഞ്ചായത്തംഗത്തെ ഫോണിൽ വിളിച്ച് കാര്യം അന്വേഷിച്ചപ്പോഴാണ് സഹായം ആവശ്യമുള്ള യുവാവ്‍ 6 മാസം മുൻപേ മരിച്ചു പോയതാണെന്നും മദ്യം വാങ്ങാനാണ് ഇവർ തട്ടിപ്പ് നടത്തുന്നതെന്നുമുള്ള വിവരം പുറത്തറിഞ്ഞത്. തട്ടിപ്പ് പുറത്തായതോടെ മാപ്പ് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മദ്യ ലഹരിയിലായിരുന്ന സംഘത്തെ നാട്ടുകാർ തടഞ്ഞു വച്ച് പള്ളിക്കത്തോട് പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തി ഇവരുടെ വിവരങ്ങൾ ശേഖരിച്ചെങ്കിലും പരാതി ഇല്ലാത്തതിനാൽ കേസ് റജിസ്റ്റർ ചെയ്തിട്ടില്ല.