മദ്യപന്മാർക്ക് ഇരുട്ടടിയായി പുതിയ ശുപാര്‍ശകൾ, മദ്യം വാങ്ങണമെങ്കിൽ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണം ..വിരലടയാളം വേണം ..

kudiyans-web-kply-news
ബാറുകളുടെ പ്രവര്‍ത്തന സമയം കുറയ്ക്കാന്‍ ജസ്റ്റിസ് എം. രാമചന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശ.

രാവിലെ 11.30 മുതല്‍ രാത്രി 10 മണി വരെ മാത്രമേ ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാവൂ എന്നാണ് ശുപാര്‍ശ. ഇതുള്‍പ്പെടെ ശ്രദ്ധേയമായ ശുപാര്‍ശകള്‍ ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ടാണ് കമ്മീഷന്‍ സര്‍ക്കാറില്‍ സമര്‍പ്പിച്ചിട്ടുള്ളത്. സര്‍ക്കാറിന്റെ മദ്യനയം സംബന്ധിച്ച് ശുപാര്‍ശ നല്‍കാനാണ് കമ്മീഷനെ നിയോഗിച്ചിട്ടുള്ളത്.

സമ്പൂര്‍ണ മദ്യനിരോധം നിലവില്‍ പ്രായോഗികമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ മദ്യ നിര്‍മാണവും വില്‍പനയും നിരോധിതമല്ലെന്നിരിക്കേ അനധികൃത വില്‍പന വര്‍ധിക്കും. മദ്യപാനം ശീലമാക്കിയവരെ പൊടുന്നനെ അതില്‍ നിന്ന് വിമുക്തരാക്കാന്‍ വിഷമവുമായിരിക്കും.

21 വയസ്സു കഴിഞ്ഞവര്‍ക്കു മാത്രമേ മദ്യവില്‍പനശാലകളിലും ബാറുകളിലും മദ്യം വില്‍ക്കാവൂ. മദ്യം വാങ്ങുന്നവര്‍ പ്രായം തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് സമര്‍പ്പിക്കണം. മദ്യത്തിന്റെ ബില്ലില്‍ പ്രസ്തുത കാര്‍ഡിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തുകയും വേണം. ഒപ്പോ വിരലടയാളമോ നിഷ്‌കര്‍ഷിക്കാവുന്നതാണെന്ന് കമ്മീഷന് ശുപാര്‍ശ ചെയ്യുന്നു. ഈ നിര്‍ദേശത്തോട് കടുത്ത എതിര്‍പ്പുണ്ടായേക്കാം. എന്നാല്‍ എതിര്‍പ്പിനെ അതിജീവിക്കാനാവണം.

കുറഞ്ഞത് മൂന്ന് നക്ഷത്ര പദവിയുള്ള ബാര്‍ ഹോട്ടലുകള്‍ക്ക് മാത്രമേ ബാര്‍ ലൈസന്‍സ് നല്‍കാവൂ. നക്ഷത്ര പദവി ഉയര്‍ത്താന്‍ സാവകാശം നല്‍കാവുന്നതാണ്. ബാര്‍ ഹോട്ടലുകള്‍ക്കും മദ്യവില്‍പനശാലകള്‍ക്കും ദൂരപരിധിയില്‍ മാറ്റം പരിഗണിക്കാവുന്നതാണ്. എന്നാല്‍ കള്ളുഷാപ്പുകള്‍ക്ക് നിലവിലുള്ള 400 മീറ്റര്‍ ദൂര പരിധി നിലനിര്‍ത്തണം.

വീര്യം കുറഞ്ഞ മദ്യം കൂടുതലായി ലഭ്യമാക്കണം. ബിയര്‍, വൈന്‍, കള്ള് തുടങ്ങിയവയുടെ ലഭ്യത വര്‍ധിപ്പിക്കാം. മദ്യത്തോടുള്ള വിധേയത്വം കുറയ്ക്കാന്‍ അത് സഹായകമാകും. മദ്യം വാങ്ങിക്കൊണ്ടുപോയി വീടിന്റെ സ്വകാര്യതയിലിരുന്ന് ഉപയോഗിച്ചാല്‍ പൊതുസ്ഥലങ്ങളിലെ പ്രശ്‌നം ഒഴിവാക്കാനാവും. താരതമ്യേന വീര്യം കുറഞ്ഞ കള്ളിന്റെ ഉപയോഗം കുറഞ്ഞ ദോഷഫലങ്ങളേ ഉണ്ടാക്കുള്ളൂ. അതിനാല്‍ കള്ളുഷാപ്പ് നടത്താന്‍ സര്‍ക്കാര്‍ ചെലവില്‍ നല്ല കെട്ടിടം പണിതു നല്‍കാവുന്നതാണെന്നാണ് മറ്റൊരു ശുപാര്‍ശ.

2014 മാര്‍ച്ച് 4-നാണ് ജസ്റ്റിസ് എം. രാമചന്ദ്രന്‍ കമ്മീഷന്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 174 പേജുള്ളതാണ് റിപ്പോര്‍ട്ട്. വിവരാവകാശ നിയമപ്രകാരം കമ്മീഷനില്‍ നിന്നാണ് അഡ്വ. എ.ജി. ബേസിലിന് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ചത്.

2014-15 ലെ അബ്കാരി നയം സര്‍ക്കാറിന്റെ പരിഗണനയിലിരിക്കേയാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. മദ്യോപയോഗം കൂടുതലുള്ള കേരളത്തില്‍ അതിന്റെ ദോഷവശങ്ങള്‍ കാണുന്നുണ്ടെന്ന് കമ്മീഷന്‍ വിലയിരുത്തുന്നു. മദ്യം വാങ്ങാന്‍ വില്‍പനശാലകളിലെത്തുന്നവരില്‍ യുവാക്കളേറെയാണ്.

ആത്മഹത്യാ നിരക്ക്, വാഹന അപകടം, കുടുംബബന്ധങ്ങളിലെ തകര്‍ച്ച, സ്ത്രീകള്‍ക്കെതിരായ അതിക്രമം, കുറ്റകൃത്യങ്ങള്‍ എന്നിവ ഇവിടെ കൂടുതലാണ്. അതിലെല്ലാം മദ്യത്തിന്റെ സ്വാധീനം കണ്ടേക്കാം. എന്നാല്‍ ഒറ്റയടിക്ക് മദ്യനിരോധം കൊണ്ടുവരുന്നത് പ്രായോഗികമല്ല. വീര്യം കുറഞ്ഞ മദ്യത്തിന്റെ ലഭ്യത വര്‍ധിപ്പിക്കുകയും മറ്റ് മദ്യങ്ങളുടെ ലഭ്യത കുറയ്ക്കുകയുമാവാം. അനധികൃത സ്പിരിറ്റ് ലോബിയെ നിയന്ത്രിക്കുകയും വേണം.