മദ്യപാനത്തിനിടെ വാക്കുതര്‍ക്കം: കുത്തേറ്റ് ഒരാള്‍ മരിച്ചു

മണിമല: മൂന്നംഗ സംഘം മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കുത്തേറ്റ് ഒരാള്‍ മരിച്ചു. രണ്ടുപേര്‍ പോലീസ് കസ്റ്റഡിയില്‍. മണിമലയിലെ ഇറച്ചി വ്യാപാര ശാലയില്‍ ജോലിചെയ്യുന്ന ജോമോന്‍ എന്നറിയപ്പെടുന്ന പ്ളാച്ചേരി ജോര്‍ജ് (55) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4.45നായിരുന്നു സംഭവം.

ബസ് സ്റ്റാന്‍ഡിനു സമീപം ചെറുമണ്ണില്‍ തോമസിനോടൊപ്പം ഇയാളുടെ വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ തര്‍ക്കമുണ്ടാവുകയും വിജയന്‍പിള്ള മദ്യക്കുപ്പി പൊട്ടിച്ച് ജോര്‍ജിന്റെ കഴുത്തില്‍ കുത്തുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. അയല്‍വാസികളാണ് പോലീസില്‍ വിവരമറിയിച്ചത്. പോലീസ് ആംബുലന്‍സില്‍ ജോര്‍ജിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു.

സംഭവത്തില്‍ ഉള്‍പ്പെട്ട വിജയന്‍പിള്ള, തോമസ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്കാശുപത്രിയില്‍.