മനസ്സു നിറഞ്ഞ് മുളങ്കുന്ന് ഗ്രാമവും വാണിയപ്പുരയ്ക്കൽ വീടും

മുണ്ടക്കയം ∙ എല്ലാവരുടെയും സണ്ണിച്ചനെന്ന മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ സിറോ മലബാർ സഭയുടെ കൂരിയ മെത്രാൻ സ്ഥാനത്തേക്ക് അഭിഷിക്തനാകുന്ന ഇന്ന് ധന്യതയുടെ നിറവിലാണ് മുളങ്കുന്ന് ഗ്രാമവും വാണിയപ്പുരയ്ക്കൽ വീടും. തോമസ് ഏലിയാമ്മ ദമ്പതികളുടെ ഒൻപതു മക്കളിൽ എട്ടാമനായി സണ്ണിച്ചൻ കുന്നും മലയും നിറഞ്ഞ മലയോര ഗ്രാമത്തിലെ കർഷക കുടുബത്തിൽ ജനിച്ചു.

ആത്മീയ ജിവിതം തിരഞ്ഞെടുത്ത് ഇന്ന് സഭയുടെ ഉന്നതസ്ഥാനത്തേക്ക് ഉയർത്തപ്പെടുമ്പോൾ നാടും വീടും ആഹ്ലാദത്തിന്റെ കൊടുമുടിയിലാണ്. നിയുക്ത കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ വെള്ളിയാഴ്ച കൂടുംബവീട്ടിലെത്തി പിതാവിന്റെ അനുഗ്രഹം വാങ്ങി. ബിഷപ്പിന് ആശംസയുമായി കുടുംബ വീട്ടിലേക്ക് ബന്ധുക്കളും സുഹൃത്തുക്കളും എത്തിയിരുന്നു.

മാതൃ ഇടവകയായ നിർമല ഗിരി സെന്റ് ആന്റണീസ് ദേവാലയത്തിൽ രാവിലെ എത്തി കുർബാനയർപ്പിച്ചാണ് അദ്ദേഹം വീട്ടിലേക്കെത്തിയത്. മുണ്ടക്കയം സെന്റ് ലൂയിസ് എൽപി സ്‌കൂൾ, പെരുവന്താനം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പൊടിമറ്റം മേരിമാതാ മൈനർ സെമിനാരി, വടവാതൂർ സെന്റ് തോമസ് അപ്പസ്‌തോലിക സെമിനാരിയിൽ നിന്നു ഫിലോസഫി, തിയോളജി പഠനങ്ങൾക്കുശേഷം 1992 ഡിസംബർ 30ന് മാർ മാത്യു വട്ടക്കുഴിയിൽനിന്നു പൗരോഹിത്യം സ്വീകരിച്ചു.

റോമിലെ സാന്താക്രോസ് യൂണിവേഴ്‌സിറ്റിയിൽനിന്നു കാനൻ നിയമത്തിൽ ഡോക്ടറേറ്റ് നേടി. കട്ടപ്പന ഫൊറോനപള്ളിയിൽ അസിസ്റ്റന്റ് വികാരിയായി ആദ്യനിയമനം. രൂപതാ യുവദീപ്തിയുടെ ഡയറക്ടർ, പഴയ കൊരട്ടി പള്ളിയിൽ അഡീഷനൽ വികാരി, രൂപത വിവാഹ കോടതി ജഡ്ജ്, ജുഡീഷ്യൽ വികാരി എന്നീ നിലകളിലും പൂമറ്റം, ചെന്നാകുന്ന്, മുളങ്കുന്ന് വികാരിയായും 2014 വരെ കാഞ്ഞിരപ്പള്ളി രൂപതയിൽ സേവനമനുഷ്ഠിച്ചു.

പിന്നീട് സിറോ മലബാർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ കൂരിയായുടെ വൈസ് ചാൻസലറായി പ്രവർത്തിക്കുമ്പോഴാണ് കൂരിയ ബിഷപ്പായി തിരഞ്ഞെടുത്തത്. മാതാവ് ഏലിയാമ്മ മൂന്നുവർഷം മുൻപ് മരിച്ചു. മാത്യു, ജോസഫ്, തോമസ്, ഫാ. ജോർജ് വാണിയപ്പുര (യുഎസ്എ.), അക്കമ്മ, ഏബ്രഹാം, മേരി, ആന്റണി എന്നിവരാണ് സഹോദരങ്ങൾ.