‘മരിക്കാന്‍ പേടിയാണെന്ന് പറഞ്ഞിട്ടും അവള്‍ നിര്‍ബന്ധിച്ച് വിഷം കഴിപ്പിച്ചു, കൈയില്‍ ഷാള്‍ കെട്ടി ആറ്റിലേക്ക് ചാടി’


മുണ്ടക്കയം: മുണ്ടക്കയത്ത് പെണ്‍കുട്ടികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പീഡനത്തിനിരയായ െപണ്‍കുട്ടിയുടെ കൂട്ടുകാരിയെ ഇന്നലെ പോലീസ് വീണ്ടും ചോദ്യം ചെയ്തു. കൂട്ടുകാരിയുടെ നിര്‍ബന്ധത്തെത്തുടര്‍ന്നാണ് ആറ്റില്‍ ചാടിയതെന്നാണു വിദ്യാര്‍ഥിനി പോലീസിനു നല്‍കിയ മൊഴി.

പതിനഞ്ചുകാരിയായ കൂട്ടുകാരിയാണ് പീഡനത്തിനിരയായത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തായ അജിത്തിനെ കാണാനാണ് സംഭവദിവസം ഇരുവരും വീട്ടില്‍ നിന്ന് നുണ പറഞ്ഞിറങ്ങിയത്. തുടര്‍ന്ന് വീട്ടില്‍നിന്നിറങ്ങി കോരുത്തോട്ടിലെത്തി. അവിടെ നിന്നു കണ്ടങ്കയത്തു വനത്തിനു സമീപം കൂട്ടുകാരിക്കൊപ്പം എത്തി. 

ഈ സമയം അജിത്തും മറ്റൊരു സുഹൃത്തും സ്ഥലത്തെത്തി. പഞ്ചായത്തിലെ ഒരു ആരോഗ്യപ്രവര്‍ത്തക ഇതുവഴി വരികയും കൂട്ടുകാരി അജിത്തുമായി വനത്തിലൂടെ പോകുന്നത് കണ്ട് ചോദ്യം ചെയ്യുകയും ചെയ്തു. ഇവര്‍ സംഭവം വീട്ടില്‍ അറിയിച്ചേക്കുമെന്നു ഭയന്ന കൂട്ടുകാരി ജീവനൊടുക്കാമെന്നു പറയുകയായിരുന്നു. 

കൂട്ടുകാരിയുടെ നിര്‍ദ്ദേശപ്രകാരമാണ് മുണ്ടക്കയത്ത് എത്തി എലിവിഷം വാങ്ങിയതും വെള്ളനാടിയില്‍ എത്തി വിഷം കഴിക്കുകയും ചെയ്തത്. ‘തിരികെ പോകാമെന്നു പലവട്ടം പറഞ്ഞിട്ടും അവള്‍ കേട്ടില്ല. മരിക്കാന്‍ പേടിയാണെന്നു പറഞ്ഞതോടെ ഷാള്‍ കയ്യില്‍ കെട്ടിയ ശേഷം ആറ്റിലേക്കു ചാടി.’ പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. 

കേസില്‍ അറസ്റ്റിലായ എരുമേലി ചെറുവള്ളി ചീരന്‍പടവില്‍ രാഹുല്‍രാജ് (20), കോരുത്തോട് സ്വദേശികളായ കണ്ണങ്കേരില്‍ മഹേഷ് (20), ഏന്തംപടിക്കല്‍ അനന്തു (20) എന്നിവര്‍ റിമാന്‍ഡിലാണ്. ആത്മഹത്യയ്ക്കു ശ്രമിച്ച ദിവസം ഉള്‍പ്പെടെ പെണ്‍കുട്ടിയുടെ കൂടെ ഉണ്ടായിരുന്ന കോരുത്തോട് സ്വദേശി അജിത്ത് (20) ഒളിവിലാണ്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ ഇന്നലെ കോട്ടയത്തെ മഹിളാ മന്ദിരത്തിലേക്കു മാറ്റി.