മറുപടി പറയൂ, ഇരുട്ടില്‍ ഇരിക്കുന്നവരുടെ ചോദ്യത്തിന്

‘മൊബൈൽ ഫോണിലേക്ക് വിളിച്ചാൽ എടുക്കില്ല; അല്ലെങ്കിൽ മിക്കപ്പോഴും സ്വിച്ച് ഓഫ് ആയിരിക്കും. ഓഫിസിലെ ലാൻഡ് ഫോണിലേക്കു വിളിച്ചാൽ എൻഗേജ്ഡ് ടോൺ ആണ് കിട്ടുക’ – കോട്ടയം ജില്ലയിലെ ഇലക്ട്രിസിറ്റി ഓഫിസുകളെക്കുറിച്ച് 2 ദിവസമായി നാട്ടുകാരുടെ പരാതികളാണ് ഇത്. കനത്ത മഴയിൽ മരങ്ങൾ കടപുഴകി ലൈനുകൾ തകരാറായതിനാൽ മിക്കയിടത്തും വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്.

മഴക്കാലമായതോടെ ജില്ലയിൽ പല ഭാഗത്തും വൈദ്യുതി വിരുന്നുകാരനായി. മഴയും കാറ്റും തുടങ്ങുന്നതോടെ തന്നെ പല പ്രദേശങ്ങളും ഇരുട്ടിലാകും. വൈദ്യുതി പോയാൽ എപ്പോൾ വരുമെന്നതു സംബന്ധിച്ച് ഉറപ്പില്ലാത്ത അവസ്ഥ. രാപകൽ ഭേദമില്ലാതെയാണു വൈദ്യുതി ഒളിച്ചുകളിക്കുന്നത്. പകൽ സമയങ്ങളിൽ മുന്നറിയിപ്പില്ലാതെയാണ് വൈദ്യുതി വിതരണം അടിക്കടി തടസ്സപ്പെടുന്നത്. ഇതു വ്യാപാര സ്‌ഥാപനങ്ങളുടെയും ഓഫിസുകളുടെയുമെല്ലാം പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നു.

തുടർച്ചയായ വൈദ്യുതി മുടക്കത്തിനെതിരെ പലയിടത്തും പരാതിയും പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. ഫോൺ വിളിച്ചിട്ടു കിട്ടാത്തതിനെ തുടർന്നു നാട്ടുകാർ രാത്രിയിൽ ഓഫിസുകളിൽ എത്തി വഴക്കിടുന്നതും നിത്യസംഭവമാണ്. വലിയ മരങ്ങൾ വീണാൽ അഗ്നിശമന സേനയെ കൂടി ആശ്രയിച്ചാണ് പണികൾ നടക്കുന്നത്. എന്നാൽ രാത്രികാലങ്ങളിൽ കൂടുതൽ സ്ഥലങ്ങളിലേക്കു പോകാനുള്ള വാഹനങ്ങളുടെയും ജീവനക്കാരുടെയും കുറവ് കെഎസ്ഇബിയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.

കടുത്തുരുത്തി, ഏറ്റുമാനൂർ, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലെല്ലാം വ്യാപകമായ പരാതിയാണ് 2 ദിവസമായി നിലവിലുള്ളത്.

മുൻകരുതലെടുക്കാം

∙ വൈദ്യുതി ലൈനുകൾക്കരികിലും പോസ്റ്റുകൾക്കരികിലും അപകടകരമാം വിധം നിൽക്കുന്ന മരങ്ങൾ വെട്ടി നീക്കണം.
∙ കാറ്റിലും മഴയിലും വൈദ്യുതി ലൈനുകൾ പൊട്ടിവീഴാൻ ഇടയുണ്ട്. മഴയ്ക്കു ശേഷം റോഡിലേക്ക് ഇറങ്ങുമ്പോൾ ശ്രദ്ധിക്കണം.
∙ അപകടകരമായ രീതിയിൽ പോസ്റ്റുകൾ ചാഞ്ഞോ ലൈനുകൾ താഴ്ന്നോ കണ്ടാൽ കെഎസ്ഇബി അധികൃതരെ അറിയിക്കണം.
∙ അപകടമുണ്ടായാൽ ലൈനുകൾ ഓഫ് ചെയ്തു വൈദ്യുതി പ്രവാഹം ഒഴിവാക്കിയേ രക്ഷാപ്രവർത്തനം നടത്താവൂ.
∙ കന്നുകാലികളെ വൈദ്യുതി പോസ്റ്റുകളിൽ കെട്ടരുത്. വസ്ത്രങ്ങൾ അലക്കി വിരിക്കാൻ വൈദ്യുതി പോസ്റ്റുകളിൽ അയ കെട്ടരുത്.

വൈദ്യുതി മുടക്കം: എസ്എംഎസ് മുടങ്ങി

വൈദ്യുതി മുടക്കം ഉണ്ടാകുന്ന സമയം മൊബൈൽ നമ്പരിലേക്ക് എസ്എംഎസ് വഴി ജനങ്ങളെ അറിയിക്കുന്ന സംവിധാനം നിലവിലുണ്ടായിരുന്നു. മുൻകൂട്ടി നിശ്ചയിച്ച ജോലികൾ മൂലം വൈദ്യുതി തടസ്സപ്പെടുന്നതാണ് അറിയിച്ചിരുന്നത്. അപ്രതീക്ഷിത തകരാറുകൾക്കു ശേഷം വൈദ്യുതി തിരികെ വരുന്ന സമയവും അറിയിച്ചിരുന്നു. പരീക്ഷണാടിസ്ഥാനത്തിൽ 2 വർഷം മുൻപ് ചങ്ങനാശേരിയിൽ ആരംഭിച്ചതാണിത്. പിന്നീട് ജില്ലയൊട്ടാകെ പ്രാബല്യത്തിലായി. ഉപഭോക്താക്കളുടെ നമ്പർ ഓഫിസിൽ റജിസ്റ്റർ ചെയ്തിരുന്നു. വൈദ്യുതി ബിൽ സംബന്ധമായ വിവരങ്ങളും എസ്എംഎസ് വഴി നൽകിയിരുന്നു. ഇപ്പോൾ എല്ലായിടത്തും ഈ എസ്എംഎസ് സംവിധാനം മുടങ്ങി.

വൈദ്യുതി തകരാറോ? നേരിട്ട് വിളിക്കാം 1912ൽ

വൈദ്യുതി തകരാർ ഉണ്ടായാൽ കെഎസ്ഇബി ഓഫിസിൽ വിളിച്ചു നടപടിക്കായി കാത്തിരിക്കേണ്ട. ഫോൺ വിളിച്ചാൽ ആരും എടുക്കുന്നില്ലെന്ന പരാതിയും വേണ്ട. വൈദ്യുതി സംബന്ധിച്ച് എവിടെ നിന്നുള്ള പരാതികളും 1912 എന്ന നമ്പരിൽ വിളിക്കാം. 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്റർ നമ്പരാണ് ഇത്. ടോൾ ഫ്രീ നമ്പർ ആണെന്ന സൗകര്യമുണ്ട്. പരാതി റജിസ്റ്റർ ചെയ്യപ്പെടുന്നതോടെ പരാതിയുടെ നമ്പർ മൊബൈലിലേക്ക് എസ്എംഎസ് ആയി ലഭിക്കും. വൈദ്യുതി മുടക്കം, വോൾട്ടേജ് ക്ഷാമം, ട്രാൻസ്ഫോമർ, വൈദ്യുതി ലൈൻ, പോസ്റ്റ്, എനർജി മീറ്റർ, അപകടങ്ങൾ, വൈദ്യുതി മോഷണം, ഓൺലൈൻ പേയ്മെന്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളും ഈ നമ്പറിൽ അറിയിക്കാം. കെഎസ്ഇബിയുടെ www.kseb.in എന്ന വെബ്സൈറ്റിലും പരാതികൾ റജിസ്റ്റർ ചെയ്യാം.