മലയാളത്തിൽ വീണ്ടും ഓൺലൈൻ റിലീസ്,കുട്ടികളുടെ കഥയുമായി കൊന്നപ്പൂക്കളും മാമ്പഴവും പ്രേക്ഷകരിലേക്ക്


സൂഫിയും സുജാതയ്ക്കും പിന്നാലെ മലയാള സിനിമയിൽ വീണ്ടും ഓൺലൈൻ റിലീസ്. എസ്. അഭിലാഷ് സംവിധാനം ചെയ്ത കൊന്നപ്പൂക്കളും മാമ്പഴവും എന്ന ചിത്രമാണ് ഓൺലൈൻ റിലീസിങ്ങിനൊരുങ്ങുന്നത്. മെയ്ൻസ്ട്രീം ടിവി എന്ന ഓൺലൈൻ പ്ലാറ്റ്ഫോം വഴിയാണ് ചിത്രത്തിന്റെ റിലീസ്. ആ​ഗസ്റ്റ് എട്ടിനാണ് ചിത്രത്തിന്റെറിലീസ് തീരുമാനിച്ചിരിക്കുന്നത്. തീയേറ്റർ റിലീസായിരുന്നു ലക്ഷ്യമെങ്കിലും നിലവിലെ കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഓൺലൈൻ റിലീസ് നടത്താൻ തീരുമാനിക്കുകയായിരുന്നുവെന്നും ചിത്രത്തിന്റെ സംവിധായകൻ എസ്. അഭിലാഷ് പറഞ്ഞു

കുട്ടികളുടെ ചിത്രമാണ് കൊന്നപ്പൂക്കളും മാമ്പഴവും.കുട്ടികളുടെ അവധിക്കാലം അവർക്ക് തന്നെ തിരികെ നൽകുക എന്ന സന്ദേശമാണ് ചിത്രം നൽകുന്നത്. സം​ഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ ജെയ്‌ഡൻ ഫിലിപ് ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായെത്തുന്നത്.ബാക്കിയെല്ലാവരും പുതുമുഖങ്ങളാണ്. തീയേറ്റർ റിലീസ് തന്നെയാണ് ലക്ഷ്യം വച്ചിരുന്നത്. ഒരു വർഷത്തോളം ചലചിത്ര മേളകളിൽ പങ്കെടുത്തിരുന്നത് കൊണ്ട് ഇക്കഴിഞ്ഞ മാർച്ചിൽ റിലീസ് ചെയ്യാനാണ് പ​ദ്ധയിട്ടിരുന്നത്. അതിനിടയിലാണ് കോവിഡും ലോക്ക്ഡൗണും വന്നത്. അങ്ങനെയാണ് ഒടിടി റിലീസ് എന്ന തീരുമാനം എടുക്കുന്നത്.

നിരവധി ഫിലിം ഫെസ്റ്റുകളിൽ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് വച്ച് നടന്ന കുട്ടികളുടെ കേരളാ രാജ്യാന്തര ചലചിത്രോത്സവത്തിൽ മികച്ച പ്രതികരണം ചിത്രം നേടിയിരുന്നു. ഇംഗ്ലണ്ടിലെ ലിഫ്റ്റ് ഓഫ് ഫസ്റ്റ്ടൈം ഫിലിം മേക്കേഴ്സ് ഫെസ്റ്റിവലിൽ മികച്ച അഞ്ച് ചിത്രങ്ങളുടെ പട്ടികയിൽ ചിത്രം സ്ഥാനം നേടിയിരുന്നു. റഷ്യയിൽ നടന്ന വിഷ്വൽസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ(ഫെസ്തോം), ലണ്ടൻ ഇന്റർനാഷണൽ മോഷൻപിക്ചേഴ്സ് അവാർഡ് (LIMPA) എന്നിവയിലെല്ലാം സെമി ഫൈനൽ വരെ ചിത്രം എത്തിയിരുന്നു. അഭിലാഷ് പറയുന്നു

നീന ബിയാണ് ചിത്രത്തിന്റെ നിർമാതാവ്. ആദർശ് കുര്യനാണ് ഛായാഗ്രഹണം.അഡ്വക്കേറ്റ് സനിൽ മാവേലിയുടെ വരികൾക്ക് ഷാരൂൺ സലീം സം​ഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു.