മലയ്ക്കലാശാന് അന്ത്യാഞ്ജലി

മണിമല:നൂറുകണക്കിനു കുട്ടികള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നുനല്‍കാന്‍ 20 വര്‍ഷം കളരി നടത്തുകയും വീടുകളില്‍ പോയി അക്ഷരാഭ്യാസം നല്കുകയുംചെയ്ത മലയ്ക്കലാശാന് നാട്ടുകാരുടെയും ശിഷ്യഗണങ്ങളുടെയും അന്ത്യാഞ്ജലി. കഴിഞ്ഞദിവസമാണ് മണിമല കുന്നംഭാഗം കരോട്ടുമലയ്ക്കല്‍ കെ.പി.വാസുദേവന്‍ നായര്‍(79) എന്ന മലയ്ക്കലാശാന്‍ അന്തരിച്ചത്.

പോസ്റ്റല്‍ വകുപ്പില്‍ ജീവനക്കാരനായിരുന്ന വാസു ആശാന്‍ ജോലി ലഭിക്കുന്നതിനു മുമ്പുതന്നെ വീടുകളില്‍ കുട്ടികള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നുനല്‍കിയിരുന്നു. തുടര്‍ന്നാണ് മലയ്ക്കലാശാന്‍ എന്ന പേര് ലഭിച്ചത്.

പോസ്റ്റല്‍ സര്‍വീസില്‍ ജോലി ലഭിച്ചതിനുശേഷവും മണിമല, കറിക്കാട്ടൂര്‍ ഭാഗങ്ങളില്‍ വീടുകളിലെത്തി കുരുന്നുകള്‍ക്ക് അക്ഷരാഭ്യാസം നല്‍കിയിരുന്നു.

ജോലിയില്‍നിന്ന് വിരമിച്ചശേഷം ഇരുപതു വര്‍ഷമായി മണിമല കുന്നംഭാഗത്ത് വീടിനു സമീപം നടത്തിയിരുന്ന കളരിയില്‍നിന്ന് നൂറുകണക്കിന് കുരുന്നുകള്‍ മലയാള അക്ഷരങ്ങളും ഇംഗ്ലീഷ് അക്ഷരങ്ങളും പഠിച്ചു.

രണ്ടു തലമുറയ്ക്ക് അക്ഷരാഭ്യാസം പകര്‍ന്നുനല്‍കിയ ആശാന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വന്‍ജനാവലി എത്തി.

ശബരിമല സീസണില്‍ മണിമലയില്‍ നടന്നുവരുന്ന സൗജന്യ ചുക്കുവെള്ളവിതരണം, മൂങ്ങാനി ശാസ്താക്ഷേത്രനിര്‍മാണം എന്നിവയ്ക്ക് മലയ്ക്കലാശാന്‍ നേതൃത്വം നല്‍കിയിരുന്നു.