മലിനീകരണം: മത്സ്യ, മാംസ മാർക്കറ്റ് പ്രവർത്തനം നിർത്തിവയ്ക്കുന്നു

മുണ്ടക്കയം ∙ മലിനീകരണ പ്രശ്നത്തെ തുടർന്ന് പൊതു മത്സ്യ, മാംസ മാർക്കറ്റിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ച് നിയമാനുസൃതമാക്കി പ്രവർത്തിക്കുവാൻ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്തിന് ആർഡിഒ നിർദേശം നൽകി. പൊതുമാർക്കറ്റ് പ്രവർത്തിക്കുന്നതിന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ ലൈസൻസ് ലഭിച്ചിട്ടില്ല.

മാർക്കറ്റിൽനിന്നുള്ള മലിനജലം കെട്ടിടത്തിന്റെ പിൻഭാഗത്തായുള്ള ടാങ്കിലേക്ക് വിടുകയും ടാങ്ക് നിറഞ്ഞ് മാലിന്യങ്ങൾ പുറത്തേക്കൊഴുകി രൂക്ഷമായ ദുർഗന്ധത്തിന് കാരണമാകുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് നാട്ടുകാരും വ്യാപാരികളും ചേർന്ന് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫിസർ സ്ഥലത്തെത്തി പരിശോധന നടത്തുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആർഡിഒ പഞ്ചായത്തിന് നിർദേശം നൽകിയത്.