മഴക്കാലത്ത് അപകടം ഒളിച്ചുവച്ച് ഹൈറേ​ഞ്ച് പാതകൾ

മുണ്ടക്കയം∙ മഴക്കാല യാത്രകളിൽ ഹൈറേഞ്ച് പാതയിലെ മണ്ണിടിച്ചിൽ സാധ്യതയും വീഴാറായി നിൽക്കുന്ന മരങ്ങളും ഭീഷണിയാകുന്നു. മുപ്പത്തിയഞ്ചാം മൈലിൽനിന്നു തുടങ്ങുന്ന മലയോര പാതയിൽ കുട്ടിക്കാനംവരെ മണ്ണിടിച്ചിൽ ഉണ്ടാകുവാൻ സാധ്യതയുള്ള 22 സ്ഥലങ്ങൾ ഉണ്ടെന്ന് അഞ്ചുവർഷം മുൻപ് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞദിവസം പുല്ലുപാറയ്ക്കു സമീപം മലമുകളിൽനിന്നു കൂറ്റൻകല്ല് റോഡിലേക്ക് പതിച്ചിരുന്നു. ഇൗ സമയം റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വൻദുരന്തം വഴിമാറി.

പെരുവന്താനം മുതൽ മുറിഞ്ഞപുഴ വരെയുള്ള ഭാഗത്ത് വലതുവശത്ത് മലയും ഇടതുവശം കൊക്കയുമാണ്. മലയുടെ മുകളിൽനിന്നു പാറകൾ ഉരുണ്ടു വന്ന സംഭവം മുൻപും ഉണ്ടായിട്ടുണ്ട്. പുല്ലുപാറയ്ക്കു താഴെയാണ് എല്ലാ മഴക്കാലത്തും മണ്ണിടിച്ചിൽ ഉണ്ടാകാറുള്ളത്. മുറിഞ്ഞപുഴ കഴിഞ്ഞാൽ റോഡിന്റെ ഇടതുവശം ചേർന്നാണു മലനിരകൾ. ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല. തുടർച്ചയായി പെയ്യുന്ന മഴയാണ് മണ്ണിടിച്ചിൽ ഉണ്ടാകുവാൻ സാധ്യത കൂട്ടുന്നത്.

മലമുകളിൽ നിന്നു വെള്ളം കുത്തിയൊഴുകുമ്പോൾ വലിയ കല്ലുകൾക്കടിയിലെ മണ്ണ് നീങ്ങുകയും കല്ലുകൾ താഴേക്ക് പതിക്കാൻ ഇടയാകുകയും ചെയ്യുന്നു. മുപ്പത്തിയഞ്ചാം മൈൽ മുതലുള്ള ഭാഗത്ത് റോഡരുകിലെ മരങ്ങളും അപകട ഭീഷണിയാണ്. കഴിഞ്ഞ വർഷം 36–ാം മൈലിൽ റോഡരുകിലെ തിട്ടയിൽ നിന്ന മരം കടപുഴകി റോഡിലേക്ക് വീണു. ഇൗ സമയം റോഡിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം വഴിമാറി. ഇത്തരത്തിൽ അനേകം മരങ്ങൾ ഇനിയും നിലനിൽക്കുന്നതിനാൽ അപകട സാധ്യതയുള്ളവ വെട്ടിനീക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുണ്ട്.