മഴ കൂടി; ഡെങ്കിയുൾപ്പെടെ പകർച്ചപ്പനിയും

എരുമേലി∙ മഴക്കാലം ശക്തമായതോടെ ഡെങ്കി, പകർച്ചപ്പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധന. പകർച്ചവ്യാധി പരക്കുന്നതിനിടെ എരുമേലി സർക്കാർ ആശുപത്രി വൈകുന്നേരം കഴിഞ്ഞാൽ പ്രവർത്തന രഹിതമാവുന്നു. ആശുപത്രിയുടെ പ്രധാന ഗേറ്റ് രാത്രികാലങ്ങളിൽ പൂട്ടിയ നിലയിൽ.

കഴിഞ്ഞ മാസം ആദ്യവാരത്തോടെയാണ് ഡെങ്കി, വൈറൽ പനി മേഖലയിൽ തുടങ്ങിയത്. എരുമേലി സർക്കാർ ആശുപത്രി, മുക്കൂട്ടുതറയിലെയും എരുമേലിയിലെയും സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ ഒട്ടേറെ ആളുകൾ ഡെങ്കി രോഗലക്ഷണങ്ങളോടെ എത്തുന്നുണ്ട്. മഴ ശക്തമായതോടെ ഇവയ്ക്കൊപ്പം ജലദോഷപ്പനിയും ആരംഭിച്ചു. ജലദോഷപ്പനി സാധാരണ അപകടകരമല്ലെങ്കിലും ഡെങ്കി ഭീതി നാടിനെ വിട്ടൊഴിയുന്നില്ല.

മുക്കൂട്ടുതറയിൽ ഡെങ്കിപ്പനി ബാധിച്ച ആളിനെ സ്വകാര്യ ആശുപത്രിയിൽ നിന്നു മെഡിക്കൽ കോളജ് ആശുപത്രിയിലേക്കയച്ചു. പനി ബാധിച്ച് നൂറുകണക്കിന് ആളുകളാണ് എരുമേലി സർക്കാർ ആശുപത്രിയിൽ എത്തുന്നത്. ഇവർക്ക് ചികിൽസ ലഭ്യമാവുന്നത് പകൽ സമയത്ത് മാത്രമാണ്. കിടത്തി ചികിൽസ നിലയ്ക്കുകയും ചെയ്തിരിക്കുന്നു.

ഇതിനിടെയാണ് ആശുപത്രി രാത്രിയിൽ അടച്ച നിലയിൽ കാണപ്പെടുന്നത്. മഴക്കാല രോഗങ്ങളുടെ കാലത്ത് ആശുപത്രി രാത്രിയിൽ അടയ്ക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്. ആശുപത്രിയിലേക്ക് രോഗികളുമായി രാത്രിയിൽ എത്തുന്നവർ അടഞ്ഞ ഗേറ്റ് കണ്ട് നിരാശരായി മടങ്ങുകയാണ്. ശബരിമല സീസൺ കഴിഞ്ഞാൽ എരുമേലി ആശുപത്രിയെ അവഗണിക്കുകയാണെന്ന് പരാതിയുണ്ട്. അടുത്തയിടെ ആശുപത്രി പരിസരത്ത് വിവിധ സംഘടനകൾ സമരം നടത്തിയിരുന്നു.