മഴ; പച്ചക്കറി ഉൽപാദനം കുറഞ്ഞു

പൊൻകുന്നം∙ വേനൽമഴയുടെ തുടർച്ചയായി കാലവർഷം നിറഞ്ഞു പെയ്തതോടെ പച്ചക്കറി ഉൽപാദനം കുത്തനെ കുറഞ്ഞതായി കർഷകർ. ആഴ്ചയിൽ 20-30 കിലോഗ്രാം കോവയ്ക്ക ചന്തയിൽ കൊണ്ടുപോയി വിൽപന നടത്തിയിരുന്ന സ്ഥാനത്ത് രണ്ടു കിലോഗ്രാം കഷ്ടിച്ചാണ് ലഭിക്കുന്നതന്നെ് ചാമംപതാൽ കൊച്ചുപുരയ്ക്കൽ കുര്യനെന്ന കർഷകൻ പറയുന്നു. ഇടതടവില്ലാതെ ശക്തമായ മഴ പെയ്തതോടെ കോവലും പാവലും പയറും പൂവിടുന്നതേയില്ലെന്ന് ഇദ്ദേഹം പറയുന്നു. ആഴ്ചയിൽ 40 കിലോഗ്രാം വരെ വിൽപന നടത്തിയിരുന്ന മത്തങ്ങ കൃഷിയിടത്തിൽ നിന്ന് ഇതേവരെ ആകെ ലഭിച്ചത് അഞ്ചെണ്ണം മാത്രമാണെന്ന് കുര്യൻ പറയുന്നു.

മേഖലയിൽ 40% ഉൽപാദനക്കുറവ് ഉണ്ടായതായി കർഷകർ പറയുന്നു. മഴ കനത്തതോടെ കുമിൾ ശല്യം ഏറിയതും ഉൽപാദനക്കുറവിനു കാരണമായി. ജില്ലയിൽ ഇത്തവണ കാലവർഷം പ്രതീക്ഷിച്ചതിലും 34% കൂടുതലാണ്. 58.61 സെന്റിമീറ്റർ മഴ പ്രതീക്ഷിച്ചിരുന്നിടത്ത് 77.96 സെന്റീമീറ്റർ മഴ കിട്ടി. എന്നാൽ, മഴമറയിൽ കൃഷിചെയ്തവരെ ഉൽപാദനക്കുറവ് ഒട്ടും ബാധിച്ചില്ലെന്നുള്ളത് ശ്രദ്ധേയമാണ്. വാഴ, കപ്പ തുടങ്ങിയ വിളകളെ മഴ കാര്യമായി ബാധിച്ചില്ല. റബർ, കാപ്പി കൊക്കോ തൈകളിൽ കൂമ്പുചീയൽ രോഗം വ്യാപകമാണെന്നും മഴ ശമനമില്ലാതെ പെയ്തതിനാൽ നിയന്ത്രണ മാർഗങ്ങൾ നടത്താൻ കഴിഞ്ഞില്ലെന്നും കർഷകർ പറയുന്നു.