മഴ: ശബരിമല റോഡ് ടാറിങ് നിർത്തി

എരുമേലി ∙ കനത്ത മഴയുടെ പശ്ചാത്തലത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതോടെ ശബരിമല റോഡ് ടാറിങ് നിർത്തിവച്ചു. റോഡ് വികസന ഭാഗമായി നടക്കുന്ന വശം കോൺക്രീറ്റിങ് മാത്രമായി നിർമാണ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തി. ഇന്നലെ ഉച്ച മുതൽ മേഖലയിൽ മഴ ശക്തമായി. 14 കോടി ചെലവിട്ടു ശബരിമല പാതയിലെ എരുമേലി–കണമല ഭാഗത്താണു കഴിഞ്ഞ 10 ദിവസമായി ടാറിങ്ങും കോൺക്രീറ്റിങ്ങും നടക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിലെല്ലാം വൈകുന്നേരത്തോടെ മഴ പെയ്യുന്നതു നിർമാണ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു. ഇതിനിടെയാണു മഴ ഇന്നലെ കൂടുതൽ കടുത്തത്. ടാർ മിക്സിങ് പ്ലാന്റിൽ നിന്നു ലോറിയിൽ സ്ഥലത്ത് എത്തിച്ചാണു ടാറിങ് നടത്തുന്നത്. ടാറിങ് മിക്സിനു നനവു സംഭവിച്ചാൽ ഗുണനിലവാരം കുറയുമെന്നു വ്യക്തമായതിനാലാണു പണികൾ നിർത്തിവച്ചതെന്നു കരാറുകാർ പറഞ്ഞു. എന്നാൽ റോഡിന്റെ വശങ്ങളിൽ കോൺക്രീറ്റിങ് ജോലികൾ രാവിലെ നടക്കുന്നുണ്ടെന്നു പൊതുമരാമത്തു വിഭാഗം അറിയിച്ചു.

മൂന്നു മണിക്കൂറിനകം കോൺക്രീറ്റ് മിശ്രിതം ഉറയ്ക്കുമെന്നതിനാൽ ഇത്തരം ജോലികൾക്കു മഴ തടസ്സമല്ല. കണമല മുതൽ എരുമേലി വരെയുള്ള 14 കിലോമീറ്ററിൽ ആധുനിക നിലവാരത്തിലാണു ജോലികൾ പുരോഗമിക്കുന്നത്. കണമല മുതൽ മുക്കൂട്ടുതറ വരെ ഒന്നാംഘട്ടം ആദ്യ പ്രതലം ടാറിങ് നടന്നു. ഇനി ആറു കിലോമീറ്റർ ഒന്നാം ഘട്ട ജോലികൾ അവശേഷിക്കേയാണു ടാറിങ് നിർത്തിവച്ചിരിക്കുന്നത്.

രണ്ടാംഘട്ട പ്രതലം ടാറിങ് കൂടി നടത്തേണ്ടതുണ്ട്. മണ്ഡലകാലത്തിനു മുൻപു ജോലികൾ പൂർത്തീകരിക്കുമെന്ന് അധികൃതർ പറഞ്ഞു. എരുമേലി വഴി എത്തുന്ന ശബരിമല തീർഥാടകർക്കു പമ്പയിലെത്താനുള്ള ഏറ്റവും എളുപ്പ വഴിയാണിത്. പാത കൂടുതൽ ആധുനികീകരിക്കുന്നതോടെ തീർഥാടകർക്കും നാട്ടുകാർക്കും ഇന്ധന, സമയ ലാഭമുണ്ടാവും.