മാതൃകയാക്കാം ഇവരെ; തോടിന് പുനർജീവനേകി നാട്ടുകാർ

ആനക്കല്ല്: മണ്ണും മാലിന്യവും നിറഞ്ഞ് ആഴവും വീതിയും കുറഞ്ഞ തോടിനെ പൂർവ സ്ഥിതിയിലെത്തിച്ച് പ്രദേശവാസികൾ. ആനക്കല്ല് പൊന്മല നിവാസികളായ റിയാസ് പുതുപറമ്പിൽ, പി.എസ്.നൗഷാദ് തെക്കേനാത്ത്, റസിലി കരോട്ട്മഠത്തിൽ, ഷിബിലി പാലയ്ക്കൽ, ഷാജി മുല്ലയ്ക്കൽ എന്നിവർ ചേർന്നാണ് തോട് ശുചീകരിച്ചത്.

വർഷങ്ങളായി ശുചീകരിക്കാതെ കിടന്നിരുന്ന തോട് ചെളിനിറഞ്ഞ് ആഴം കുറഞ്ഞിരുന്നു. ചെളി നിറഞ്ഞ് തിട്ടകളായി തോടിന്റെ വീതിയും കുറഞ്ഞ് ഒഴുക്കു നിലച്ചിരുന്നു. നിർമാണം നടത്തി വരുന്ന ചെക്ക് ഡാമിന്റെ സമീപത്തുവരെ മണ്ണും ചെളിയും നിറഞ്ഞ് കിടക്കുന്ന സ്ഥിതിയിലായിരുന്നു.

ഇതോടെയാണ് പ്രദേശവാസികൾ സ്വന്തം പോക്കറ്റിൽ നിന്ന്‌ പണംമുടക്കി തോട് ശുചീകരിക്കാൻ മുന്നിട്ടിറങ്ങിയത്. പൊന്മല തോടിന്റെ മുന്നൂറ് മീറ്ററോളം ദൂരം മണ്ണുംചെളിയും നീക്കി ആഴവും വീതിയും കൂട്ടി. അഞ്ച് അടി വീതിവരെയായി ചുരുങ്ങിയ തോടിന്റെ വീതി 15 അടിയിലേക്ക് എത്തിക്കാനായെന്ന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി പറഞ്ഞു. ഒരുലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഇവർ തോട് ശുചീകരിച്ചത്.

പാറത്തോട് പഞ്ചായത്തിലെ 16, 17 വാർഡുകളിലേക്ക് വെള്ളമെത്തിക്കുന്ന കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസും കുഴൽ കിണറും തോടിനോടുചേർന്നാണ് സ്ഥിതിചെയ്യുന്നത്. 420 കുടുംബങ്ങൾക്കാണ് വെള്ളമെത്തിക്കുന്നത്. വേനലിൽ 3-4 ലക്ഷം ലിറ്റർ വെള്ളമാണ് ഇവിടെനിന്ന്‌ പമ്പുചെയ്യുന്നത്. കടുത്ത വേനലിൽ ഇവിടുത്തെ വെള്ളത്തിന് ക്ഷാമം ഉണ്ടാകാതിരിക്കാനാണ് ചെക്ക് ഡാം നിർമിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിൽനിന്ന്‌ ജോളി മടുക്കക്കുഴി അനുവദിച്ച 12.70 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിൽനിന്ന്‌ അനുവദിച്ച അഞ്ചു ലക്ഷം രൂപയും വിനിയോഗിച്ചാണ് ചെക്ക് ഡാം നിർമിക്കുന്നത്.