മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കോലം കത്തിച്ച നടപടി അപലനീയം : വൈദിക-അല്‍മായ നേതൃത്വസമ്മേളനം

കാഞ്ഞിരപ്പള്ളി: സീറോമലബാര്‍ സഭ തലവനും മേജര്‍ ആര്‍ച്ച്ബിഷപ്പുമായ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കോലം കത്തിച്ച നടപടി ന്യായീകരിക്കാനാവാത്തതും അപലപനീയവുമാണെന്ന് കാഞ്ഞിരപ്പള്ളി രൂപത. വിശ്വാസികളുടെ വികാരങ്ങളെ മുറിപ്പെടുത്തിക്കൊണ്ടുള്ള ഒരു പ്രതിഷേധ പരിപാടിയും അംഗീകരിക്കാനാവില്ലെന്ന് കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ സെന്ററില്‍ നടന്ന വൈദിക-അല്‍മായ നേതൃത്വസമ്മേളനം അറിയിച്ചു.

സഭയുടെ തലവനെ സമൂഹമധ്യത്തില്‍ തേജോവധം ചെയ്യുന്നതും വ്യക്തിഹത്യ നടത്തുന്നതും വിശ്വാസികളുടെ മനസിനെ മുറിപ്പെടുത്തും. ഇതിന്റെ പിന്നില്‍ എത്ര ഉന്നതരായാലും അവരെ ഒറ്റപ്പെടുത്തണമെന്നും ഇക്കൂട്ടരുടെ സ്വാര്‍ത്ഥതാത്പര്യങ്ങളും ഗൂഢാലോചനയും പുറത്തുകൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. പരമ്പരാഗതമായി പകര്‍ന്നുകിട്ടിയ വിശ്വാസപാരമ്പര്യങ്ങളും ക്രൈസ്തവമൂല്യങ്ങളും സംരക്ഷിക്കേണ്ടവര്‍ തന്നെ അതിനു വിലങ്ങുതടിയായി നില്‍ക്കുന്നത് തികച്ചും അപലപനീയമാണെന്നും എന്തു വിലകൊടുത്തും അതിനെ ചെറുത്തുതോല്‍പ്പിക്കേണ്ടതാണെന്നും സമ്മേളനം അവശ്യപ്പെട്ടു.

സമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ അധ്യക്ഷതവഹിച്ചു. വികാരി ജനറാള്‍മാരായ ഫാ. ജസ്റ്റിന്‍ പഴേപറമ്പില്‍, ഫാ. ജോര്‍ജ് ആലുങ്കല്‍, റവ.ഡോ. കുര്യന്‍ താമരശേരി, രൂപത വൈസ് ചാന്‍സിലര്‍ റവ.ഡോ. മാത്യു കല്ലറയ്ക്കല്‍, പ്രൊക്യുറേറ്റര്‍ ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം, വൈദിക സമിതി സെക്രട്ടറി റവ.ഡോ. തോമസ് പൂവത്താനിക്കുന്നേല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി എബ്രഹാം മാത്യു പന്തിരുവേലില്‍, ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവ. വി.സി. സെബാസ്റ്റ്യന്‍, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ വൈസ് പ്രസിഡന്റ് സെലിന്‍ സിജോ മുണ്ടമറ്റം, കത്തോലിക്ക കോണ്‍ഗ്രസ് രൂപത പ്രസിഡന്റ് ജോമി കൊച്ചുപറമ്പില്‍, ഡിസിഎംഎസ് രൂപത പ്രസിഡന്റ് വിന്‍സെന്റ് ആനിക്കാട്, മാതൃവേദി രൂപതാപ്രസിഡന്റ് ഷീല കുഞ്ചെറിയ പള്ളിച്ചാംപറമ്പില്‍, സെക്രട്ടി ജിജി പുളിയംകുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.

വൈദിക സമിതി അംഗങ്ങള്‍, രൂപതയിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് തലവന്മാര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ മെംബര്‍മാര്‍, കത്തോലിക്കാ കോണ്‍ഗ്രസ്, സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ്, മാതൃവേദി, പിതൃവേദി, കെസിഎസ്എല്‍, ചെറുപുഷ്പ മിഷന്‍ലീഗ്, വിന്‍സെന്റ് ഡി പോള്‍, ലീജിയന്‍ ഓഫ് മേരി, ഡിസിഎംഎസ് എന്നീ സംഘടനകളുടെ ഭാരവാഹികള്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.